
റായ്പൂർ: ഐപിഎല്ലിലെ നിർണ്ണായക പോരാട്ടത്തിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിൽ വൈകിട്ട് നടക്കുന്ന മത്സരം ഇരുടീമുകൾക്കും പ്ലേ ഓഫ് പോരാട്ടത്തിൽ അതിനിർണ്ണായകമാണ്. 11 മത്സരങ്ങളിൽ നിന്ന് ഏഴ് ജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ആർസിബിക്ക് ഇന്ന് ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം. മറുവശത്ത്, തുടർച്ചയായ നാല് ജയങ്ങളുടെ ആത്മവിശ്വാസത്തിൽ എട്ടാം സ്ഥാനത്തുള്ള കൊൽക്കത്ത പ്ലേ ഓഫ് മോഹങ്ങൾ സജീവമാക്കാനാണ് ഇറങ്ങുന്നത്.
മുംബൈ ഇന്ത്യൻസിനെതിരായ ആവേശകരമായ ജയത്തിന് ശേഷമാണ് ആർസിബി വരുന്നത്. എന്നാൽ നായകൻ വിരാട് കോലി തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായത് ടീമിനെ അലട്ടുന്നുണ്ട്. കഴിഞ്ഞ കളിയിൽ 73 റൺസുമായി ടീമിനെ രക്ഷിച്ച ക്രുണാൽ പാണ്ഡ്യയുടെ ഫോമാണ് ആർസിബിയുടെ കരുത്ത്. ഫിൽ സാൾട്ടിന്റെ അഭാവവും റൊമാരിയോ ഷെപ്പേർഡിന്റെ സ്ഥിരതയില്ലാത്ത പ്രകടനവും മധ്യനിരയിൽ സമ്മർദ്ദം ചെലുത്തുന്നു. ഭുവനേശ്വർ കുമാർ നയിക്കുന്ന ബൗളിംഗ് നിരയിൽ ജോഷ് ഹേസൽവുഡ് ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ടീം. മത്സരത്തിന്റെ അവസാന ഓവറുകളിൽ ടിം ഡേവിഡ് ഡെത്ത് ഓവറുകളിൽ 194.5 സ്ട്രൈക്ക് റേറ്റുള്ള ടിം ഡേവിഡ് ആർസിബിയുടെ വിശ്വസ്തനായ ഫിനിഷറാണ്.
സീസണിന്റെ തുടക്കത്തിൽ പതറിയെങ്കിലും അവസാന നാല് മത്സരങ്ങളും ജയിച്ച് കൊൽക്കത്ത ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞ മത്സരങ്ങളിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും കൃത്യമായ ബാലൻസ് കണ്ടെത്തിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആശ്വാസമാണ്. ടീമിന്റെ മുൻനിര മികച്ച തുടക്കം നൽകിത്തുടങ്ങിയതും മധ്യനിര ഏറെ പക്വത കാട്ടുന്നതും അവർക്ക് ആശ്വാസമാണ്. മധ്യ ഓവറുകളിൽ ബൗളർമാർ നടത്തുന്ന മികച്ച പ്രകടനം മത്സരങ്ങൾ ഫലപ്രദമായി അവസാനിപ്പിക്കാൻ അവർക്ക് തുണയാകുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരെ സെഞ്ചുറി നേടിയ ഫിൻ അലനും ഓൾറൗണ്ട് മികവ് കാട്ടുന്ന കാമറൂൺ ഗ്രീനും ടീമിന്റെ കുതിപ്പിന് വേഗം കൂട്ടുന്നു. സുനിൽ നരെയ്ന്റെ സ്പിൻ കരുത്തും ബാറ്റിംഗിലെ സ്ഥിരതയും കെകെആറിന് മേൽക്കൈ നൽകുന്നു. വരുൺ ചക്രവർത്തിയുടെ ഫിറ്റ്നസ് മാത്രമാണ് ടീമിന് മുന്നിലുള്ള ഏക ആശങ്ക.
റായ്പൂരിലെ പിച്ച് ബാറ്റിംഗിന് അത്ര എളുപ്പമല്ലെന്നാണ് സൂചന. പന്ത് താഴ്ന്നു വരുന്നതും വേഗത കുറഞ്ഞതുമായ പിച്ചിൽ ചെറിയൊരു ലക്ഷ്യം പിന്തുടരാൻ പോലും ആർസിബി ഏറെ ബുദ്ധിമുട്ടിയിരുന്നു. ബാറ്റിങ്ങിൽ നിലയുറപ്പിച്ച ശേഷം മാത്രം ഷോട്ടുകൾ കളിക്കാൻ സാധിക്കുന്ന ഈ പിച്ചിൽ പവർപ്ലേ ഓവറുകളിലെ പ്രകടനം ഇരുടീമുകൾക്കും അതീവ നിർണ്ണായകമാകും. തുടക്കത്തിൽ പുതിയ പന്തിൽ പേസർമാർക്ക് പിച്ചിൽ നിന്ന് മൂവ്മെന്റ് ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം, പിച്ചിന്റെ മെല്ലെപ്പോക്ക് സ്വഭാവം മുതലെടുത്ത് മധ്യ ഓവറുകളിൽ സ്പിന്നർമാർക്ക് വലിയ സ്വാധീനം ചെലുത്താനും സാധിക്കും. 2022 മുതൽ ഇരുടീമുകളും ആറ് തവണ ഏറ്റുമുട്ടിയപ്പോൾ നാല് തവണയും ജയം കൊൽക്കത്തയ്ക്കൊപ്പമായിരുന്നു. രണ്ട് തവണ മാത്രമാണ് ബെംഗളൂരുവിന് ജയിക്കാനായത്.
സാദ്ധ്യതാ ഇലവൻ
ആർസിബി: വിരാട് കോലി, ജേക്കബ് ബെഥൽ/ഫിൽ സാൾട്ട്, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ്മ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ്മ, റാസിഖ് സലാം ദാർ. (ഇംപാക്ട് പ്ലെയർ: ദേവ്ദത്ത് പടിക്കൽ)
കെകെആർ: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), അംഗ്രിഷ് രഘുവംശി, കാമറൂൺ ഗ്രീൻ, റോവ്മാൻ പവൽ, മനീഷ് പാണ്ഡെ, റിങ്കു സിംഗ്, സുനിൽ നരെയ്ൻ, അനുകൂൽ റോയ്, കാർത്തിക് ത്യാഗി, വൈഭവ് അറോറ, വരുൺ ചക്രവർത്തി. (ഇംപാക്ട് പ്ലെയർ: ഫിൻ അലൻ)
