
തൊടുപുഴ: തൊടുപുഴ നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയില്‍ വ്യാപക വെള്ളക്കെട്ടും കനത്ത നാശനഷ്ടവും. രണ്ട് മണിക്കൂറോളം തോരാതെ പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്ന് നഗരത്തിലെ പ്രധാന റോഡുകളും കവലകളും പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. അപ്രതീക്ഷിതമായി രൂപപ്പെട്ട വെള്ളക്കെട്ട് കാരണം മണിക്കൂറുകളോളമാണ് നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കും ജനജീവിത സ്തംഭനവുമുണ്ടായത്.
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ മണക്കാട് ജംഗ്ഷന്‍, റോട്ടറി ക്ലബ്ബ് ജങ്ഷന്‍, കാഞ്ഞിരമറ്റം ജംഗ്ഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് മുന്‍വശം, മങ്ങാട്ടുകവല-കാരിക്കോട് റോഡ്, മാര്‍ക്കറ്റ് റോഡ്, പച്ചക്കറി മാര്‍ക്കറ്റ്, ന്യൂമാന്‍ കോളേജിന് മുന്‍വശം, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, മൗണ്ട് സിനായ് റോഡ് എന്നിവിടങ്ങളെല്ലാം ക്ഷണനേരം കൊണ്ട് വെള്ളത്തിനടിയിലായി. പലയിടങ്ങളിലും റോഡുകളില്‍ മുട്ടോളം വെള്ളം ഉയര്‍ന്നതോടെ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വാഹനങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണുണ്ടായത്.
വെള്ളക്കെട്ടിലൂടെ സാഹസികമായി കടന്നുപോകാന്‍ ശ്രമിച്ച പല വാഹനങ്ങളുടെയും എന്‍ജിനില്‍ വെള്ളം കയറി റോഡിന് നടുവില്‍ ഓഫായിപ്പോയത് ദുരിതം ഇരട്ടിയാക്കി. ഇതേത്തുടര്‍ന്ന് നഗരത്തില്‍ കിലോമീറ്ററുകളോളം നീളത്തില്‍ വാഹനങ്ങളുടെ വലിയ നിരയാണ് ദൃശ്യമായത്. ഇതിനുപുറമേ, നഗരത്തിലെ വിവിധ പോക്കറ്റ് റോഡുകളില്‍ നിന്ന് ശക്തമായ കുത്തൊഴുക്കില്‍ കല്ലും മണ്ണും മറ്റ് മാലിന്യങ്ങളും പ്രധാന റോഡിലേക്ക് ഒലിച്ചിറങ്ങിയത് വാഹനയാത്രികരെയും കാല്‍നട യാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിച്ചു.
മാര്‍ക്കറ്റ് റോഡിലെയും മങ്ങാട്ടുകവലയിലെയും നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്ക് ഓടകള്‍ കവിഞ്ഞ് മലിനജലം ഇരച്ചുകയറിയത് വ്യാപാരികളെ വന്‍തോതില്‍ വലയ്ക്കുകയും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്തു. സ്‌കൂളുകളും കോളേജുകളും വിട്ട സമയത്തായതിനാല്‍ വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് വെള്ളക്കെട്ട് കാരണം ഏറെ നേരം റോഡ് മുറിച്ചുകടക്കാനോ സുരക്ഷിതമായി ബസ് സ്റ്റാന്‍ഡുകളില്‍ എത്തിച്ചേരാനോ കഴിഞ്ഞില്ല. പിന്നീട് മഴയുടെ ശക്തി കുറഞ്ഞ് ഏറെ സമയം കഴിഞ്ഞാണ് നഗരത്തിലെ വെള്ളമിറങ്ങിയതും ഗതാഗതം ഭാഗികമായി സാധാരണ നിലയിലായതും. നഗരത്തിലെ ശാസ്ത്രീയമല്ലാത്ത ഓട നിര്‍മ്മാണവും കൃത്യമായ ശുചീകരണമില്ലായ്മയുമാണ് ചെറിയൊരു മഴ പെയ്യുമ്പോള്‍പ്പോലും ഇത്തരമൊരു വലിയ ദുരിതത്തിന് കാരണമെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം.
