

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കേസിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പന്നിയോട് സ്വദേശി 'ബ്രൂസ്ലി' ഷിബുവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും പ്രദേശത്തെ പ്രധാന ലഹരി ഇടപാടുകാരനുമാണ്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബസ് സ്റ്റാന്‍ഡും പരിസരത്തും അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന യുവതിയെയാണ് ഷിബു അതിക്രമത്തിനിരയാക്കിയത്. പുലര്‍ച്ചെ സ്റ്റാന്‍ഡിലെ ഓഫീസിന് മുന്നിലെ ബെഞ്ചില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ അടുത്തു വന്നിരുന്ന പ്രതി ഇവരെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഈ സമയം സ്റ്റാന്‍ഡിലുണ്ടായിരുന്ന ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് സംശയം തോന്നി ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അതിക്രമത്തിന്റെ ഭീകരത പുറത്തറിഞ്ഞത്.
സംഭവത്തിന് പിന്നാലെ മാനസികാസ്വാസ്ഥ്യമുള്ള യുവതി സ്റ്റാന്‍ഡില്‍ നിന്നും എങ്ങോട്ടോ പോയിരുന്നു. ഇരയെ കണ്ടെത്താന്‍ കഴിയാത്തത് പോലീസിനെ ആദ്യം കുഴപ്പിച്ചെങ്കിലും, ഊര്‍ജിതമായ തെരച്ചിലിനൊടുവില്‍ ഇവരെ കണ്ടെത്താനായത് കേസില്‍ നിര്‍ണ്ണായകമായി. യുവതിയെ നിലവില്‍ സുരക്ഷിതമായ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.
കാട്ടാക്കടയും പരിസരവും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയുള്പ്പെടെയുള്ള ലഹരി ഇടപാടുകള്‍ നടത്തുന്നയാളാണ് ബ്രൂസ്ലി ഷിബു. പ്രദേശത്തെ ഗുണ്ടാപ്രവര്‍ത്തനങ്ങളിലും ഇയാള്‍ സജീവമാണ്. ഇയാള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ക്രൂരമായ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതോടെ പ്രതിക്ക് ഇനി രക്ഷപ്പെടാനാവില്ലെന്നാണ് സൂചന.
ബസ് സ്റ്റാന്‍ഡുകള്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ രാത്രികാലങ്ങളില്‍ സുരക്ഷാ പട്രോളിംഗ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്. നിസ്സഹായരായ സ്ത്രീകളെ ലക്ഷ്യമിട്ട് ലഹരി സംഘങ്ങള്‍ നടത്തുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കാട്ടാക്കട പോലീസ് അറിയിച്ചു.