
തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള വിവാദമായ നടുറോഡിലെ തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവര്‍ എല്‍.എച്ച്. യദുവിന് പുതിയ തൊഴില്‍ നല്കി സര്‍ക്കാര്‍ ഉത്തരവ്. നിയമസഭയിലെ താല്‍ക്കാലിക ഡ്രൈവറായാണ് യദുവിനെ പുതുതായി നിയമിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലായ യദു, തന്നെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ഇടതു സര്‍ക്കാരിന്റെ കാലം മുതല്ക്കേ ശക്തമായി രംഗത്തുണ്ടായിരുന്നു. മുന്‍ ഗതാഗതമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്കിയ യദു, ഒന്നുകില്‍ തനിക്ക് ജോലി തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ തന്നെ സര്‍വീസില്‍ നിന്നും ഔദ്യോഗികമായി പിരിച്ചുവിട്ട രേഖകള്‍ നല്‍കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ നീണ്ട നിയമപോരാട്ടങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണ് ഇപ്പോള്‍ യദുവിന് നിയമസഭയില്‍ താല്‍ക്കാലിക ഡ്രൈവറായി സര്‍ക്കാര്‍ പുനര്‍നിയമനം നല്‍കിയിരിക്കുന്നത്.
പാളയം നടുറോഡിലെ വാക്പോരിനെ തുടര്‍ന്നാണ് യദുവിന് കെഎസ്ആര്‍ടിസിയിലെ ജോലി നഷ്ടപ്പെടുന്നത്. മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന് ദേവും സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിന് യദു ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു തര്‍ക്കങ്ങളുടെ തുടക്കം. തലസ്ഥാനത്തെ പ്ലാമൂട് വെച്ച് ബസ് തങ്ങളുടെ കാറിനെ ഇടിക്കുന്ന രീതിയില്‍ അപകടകരമായി ഓടിച്ചെന്നും, ഇതിന് പിന്നാലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ തങ്ങള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചെന്നും ആരോപിച്ച് മേയര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് മേയറും സംഘവും പാളയത്തുവെച്ച് ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍ യദുവുമായി നടുറോഡില്‍ കടുത്ത വാക്പോരില്‍ ഏര്‍പ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ മേയര്‍ ആര്യ രാജേന്ദ്രന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരനായ യദുവിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കുകയും കെഎസ്ആര്‍ടിസി താല്‍ക്കാലിക ജോലിയില്‍ നിന്നും അദ്ദേഹത്തെ നീക്കുകയും ചെയ്തു. എന്നാല്‍ മേയറും ഭര്‍ത്താവും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും യാത്രക്കാരെ ബുദ്ധിമുട്ടിച്ചെന്നും കാണിച്ച് യദു തിരിച്ചു പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് ആദ്യം തയാറായിരുന്നില്ല. തുടര്‍ന്ന് നീതിക്കായി യദു കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഒടുവില്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന് ദേവ് എംഎല്‍എയ്ക്കുമെതിരെ പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരായത്. വലിയ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവിലാണ് ഇപ്പോള്‍ യദുവിന് പുതിയ തൊഴില്‍ ലഭിച്ചിരിക്കുന്നത്.
