
ന്യൂഡല്‍ഹി/തിരുവനന്തപുരം: കേരളത്തിന്റെ ഭരണസാരഥി ആരെന്ന പത്തുദിവസത്തെ ഉദ്വേഗഭരിതമായ കാത്തിരിപ്പിന് ഇന്ന് വിരാമമാകും. മാരത്തണ്‍ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷം ഹൈക്കമാന്‍ഡ് ഒറ്റപ്പേരിലേക്ക് എത്തിയതായാണ് സൂചന. ബുധനാഴ്ച വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ രാഹുല്‍ ഗാന്ധിയുമായി നടന്ന നിര്‍ണ്ണായക കൂടിക്കാഴ്ചയിലാണ് അന്തിമ ധാരണയായത്. പ്രഖ്യാപനം ഇന്നമുണ്ടാകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് സ്ഥിരീകരിച്ചു.
അതീവ രഹസ്യമായാണ് ഹൈക്കമാന്‍ഡ് ഈ തീരുമാനമെടുത്തിരിക്കുന്നത്. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്കോ എം.എല്‍.എമാര്‍ക്കോ പോലും പ്രഖ്യാപനം വരുന്നത് വരെ ഈ പേര് അറിയില്ലെന്നതാണ് പ്രത്യേകത. ഗ്രൂപ്പുകള്‍ക്കും സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കും അതീതമായി ഹൈക്കമാന്‍ഡ് നേരിട്ടെടുത്ത തീരുമാനമായതിനാല്‍, തിരുവനന്തപുരത്ത് എത്തുന്ന ദീപാ ദാസ് മുന്‍ഷി കൈമാറുന്ന മുദ്രവെച്ച കവറിലെ പേര് കേരള രാഷ്ട്രീയത്തില്‍ വലിയ അമ്പരപ്പുകള്‍ക്ക് കാരണമായേക്കാം.
നിലവിലെ സാഹചര്യത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന് എന്ന നിലയിലും എം.എല്‍.എമാരില്‍ ഭൂരിഭാഗത്തിന്റെയും പിന്തുണയുള്ള നേതാവ് എന്ന നിലയിലും കെ.സി മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയേക്കും. ചീഫ് സെക്രട്ടറിക്ക് അദ്ദേഹം നല്കിയ നിര്‍ദ്ദേശം ഇതിന്റെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.
എന്നാല്‍, സോണിയ ഗാന്ധിയുടെ താല്പര്യത്തിനാണ് മുന്‍ഗണനയെങ്കില്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പാര്‍ട്ടിയോടുള്ള കൂറും നീണ്ടകാലത്തെ ഭരണപരിചയവും ചെന്നിത്തലയ്ക്ക് അനുകൂല ഘടകങ്ങളാണ്. ഗ്രൂപ്പ് പോരിന് അന്ത്യം കുറിക്കാന്‍ ഒരു മുതിര്‍ന്ന നേതാവ് വരണമെന്ന് സോണിയ ഗാന്ധി ആഗ്രഹിക്കുന്നുവെങ്കില്‍ ചെന്നിത്തലയ്ക്ക് നറുക്കുവീഴാം. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയ നിശബ്ദതയും ആത്മവിശ്വാസവും ഈ സൂചന നല്കുന്നു.
വി.ഡി. സതീശനായി ശക്തമായ ജനവികാരം നിലനില്‍ക്കുന്നുണ്ടെങ്കിലും ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നടന്ന നീക്കങ്ങളില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ട്. എങ്കിലും ജനപ്രീതിയും പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രകടനവും പരിഗണിച്ച് സതീശന്റെ കാര്യത്തിലും അവസാന നിമിഷം അദ്ഭുതങ്ങള്‍ സംഭവിച്ചേക്കാം. മൂന്ന് ക്യാമ്പുകളും അതീവ ജാഗ്രതയോടെയും പ്രതീക്ഷയോടെയുമാണ് ഇന്നത്തെ പ്രഖ്യാപനത്തെ നോക്കിക്കാണുന്നത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. ഹൈക്കമാന്‍ഡ് പ്രതിനിധി ദീപാ ദാസ് മുന്‍ഷി ഹൈക്കമാന്‍ഡ് തീരുമാനം യോഗത്തില്‍ വായിക്കും. ഇതിനായി വിജയിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളോടും തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ വെച്ചാകും കേരളം ആഗ്രഹിക്കുന്ന ആ പേര് ഔദ്യോഗികമായി പുറംലോകമറിയുക.
തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് യു.ഡി.എഫ് ഘടകകക്ഷികളുടെ സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. അവിടെ വെച്ച് മുഖ്യമന്ത്രിയെ ഔദ്യോഗികമായി മുന്നണി നേതാവായി അംഗീകരിക്കും. ഇതിന് ശേഷം ഘടകകക്ഷികളുടെ പിന്തുണ കത്ത് സഹിതം നിയുക്ത മുഖ്യമന്ത്രി ലോക് ഭവനിലെത്തി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും.
സംസ്ഥാനം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ക്കിടയിലാണ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. അതുകൊണ്ട് തന്നെ പ്രഖ്യാപനത്തിന് പിന്നാലെ ഒട്ടും സമയം കളയാതെ സത്യപ്രതിജ്ഞാ നടപടികളിലേക്ക് കടക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. ഭരണസ്തംഭനം ഒഴിവാക്കാന്‍ അടിയന്തര ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്ന് നേതൃത്വം വിലയിരുത്തുന്നു.
പ്രഖ്യാപനം വൈകിയതിലൂടെ കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ഉണ്ടായ ചേരിതിരിവ് പരിഹരിക്കുക എന്നതാകും പുതിയ മുഖ്യമന്ത്രിയുടെ പ്രധാന വെല്ലുവിളി. സോഷ്യല്‍ മീഡിയയിലെ പോര് തെരുവിലേക്ക് പടരാതിരിക്കാന്‍ കര്‍ശനമായ അച്ചടക്ക നടപടികള്‍ക്ക് കെ.പി.സി.സി ഒരുങ്ങുന്നുണ്ട്. ആരെയും 'ആളാകാന്‍' അനുവദിക്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ കര്‍ക്കശ നിലപാട് പുതിയ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയിലും നിഴലിച്ചേക്കും.
