

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കും ശാസനകള്‍ക്കും പുല്ലുവില കല്‍പ്പിച്ച് വി.ഡി. സതീശന് ക്യാമ്പ്. സോഷ്യല്‍ മീഡിയ വഴിയുള്ള വ്യക്തിഗത പ്രമോഷനുകള്‍ക്ക് എഐസിസി കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി 24 മണിക്കൂര്‍ തികയും മുന്‍പേ, സതീശനായി പ്രമുഖ സ്വകാര്യ ചാനലിന്റെ പ്ലാറ്റ്ഫോമില്‍ വോട്ടെടുപ്പ് ആരംഭിച്ചത് കോണ്‍ഗ്രസില്‍ പുതിയ പോരിന് വഴിതുറന്നു.
മലയാളത്തിലെ ഒരു പ്രമുഖ സ്വകാര്യ ചാനലിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലാണ് വി.ഡി. സതീശന്, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ ചിത്രങ്ങള്‍ വെച്ച് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ വേണമെന്ന വോട്ടെടുപ്പ് പ്രത്യക്ഷപ്പെട്ടത്. ഹൈക്കമാന്‍ഡ് വിലക്ക് നിലനില്‍ക്കെ ഇത്തരമൊരു പോസ്റ്റര്‍ വന്നത് മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമാണെന്ന് മറുവിഭാഗം ആരോപിക്കുന്നു. ചാനലുമായി ചേര്‍ന്ന് സമയം നിശ്ചയിച്ച് പിആര്‍ ഏജന്‍സികള്‍ വഴിയാണ് ഈ നീക്കമെന്നാണ് പരാതി.
വോട്ടിംഗ് പോസ്റ്റിന് താഴെ പ്രത്യേക ഏജന്‍സികളെ വെച്ച് വി.ഡി. സതീശന്റെ പേര് മാത്രം കമന്റ് ചെയ്യിപ്പിക്കുകയാണ് പ്രമോഷന് രീതിയെന്നും ആരോപണമുണ്ട്. സാധാരണ പ്രവര്‍ത്തകരുടെ വികാരം എന്ന നിലയില്‍ സതീശന് അനുകൂലമായ തരംഗമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ഈ നീക്കം. നേരത്തെയും ഹൈക്കമാന്‍ഡ് അതൃപ്തി പ്രകടിപ്പിച്ചിട്ടും ഇത്തരത്തിലുള്ള സൈബര്‍ പോരാട്ടം തുടരുന്നത് നേതൃത്വത്തോടുള്ള വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ഗ്രൂപ്പ് പോരും സോഷ്യല്‍ മീഡിയ വഴിയുള്ള 'നേതാവ് ചമയലും' അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. നേതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത പ്രവര്‍ത്തകരെ പാര്‍ട്ടിക്കു പുറത്താക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ ഈ ശാസനകളൊന്നും വി.ഡി ക്യാമ്പിനെ ബാധിച്ചിട്ടില്ലെന്നാണ് പുതിയ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്.
എഐസിസി നിര്‍ദ്ദേശത്തിന്റെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്ന് കാട്ടി കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല വിഭാഗങ്ങള്‍ ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. തെളിവുകള്‍ സഹിതം പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്ന ഓരോ നിമിഷവും ഗ്രൂപ്പ് വൈരം തെരുവിലേക്കും സോഷ്യല്‍ മീഡിയയിലേക്കും പടരുന്നത് ഭരണത്തിലേറാന്‍ ഒരുങ്ങുന്ന യുഡിഎഫിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.