
ന്യൂഡല്‍ഹി/തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന നിര്‍ണ്ണായക നിമിഷങ്ങളില്‍ നാടകീയമായ വഴിത്തിരിവുകള്‍. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കുന്ന ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇല്ലെന്ന വാര്‍ത്ത രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. ഹൈക്കമാന്‍ഡ് പ്രതിനിധികളായ ദീപാ ദാസ് മുന്‍ഷി, അജയ് മാക്കന്, മുകുള്‍ വാസ്നിക് എന്നിവര്‍ മാത്രമാണ് വിമാനത്തിലുള്ളത്.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് കെ.സി വേണുഗോപാല്‍ അവസാന നിമിഷം പിന്മാറിയോ അതോ ഡല്‍ഹിയില്‍ വെച്ച് തന്നെ പ്രഖ്യാപനം നടത്തി സര്‍പ്രൈസ് ഒരുക്കാനാണോ നീക്കം എന്നത് അണികളെയും നേതാക്കളെയും ഒരുപോലെ സസ്പെന്സിലാക്കുന്നു. കോണ്‍ഗ്രസ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും രഹസ്യ സ്വഭാവത്തോടെ ഒരു മുഖ്യമന്ത്രി പ്രഖ്യാപനം നടക്കുന്നത്. നേരത്തെ ഇംഗ്ലീഷ് മാധ്യമം കെസിയാണ് മുഖ്യമന്ത്രിയെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പലവിധ റിപ്പോര്‍ട്ടുകള്‍ വരുന്നത്.
രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വെച്ച് നടന്ന ചര്‍ച്ചകളില്‍ വിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തിയത്. കെ.സി വേണുഗോപാലിനെ രാഹുല്‍ ഗാന്ധി നേരിട്ട് വിളിപ്പിച്ചതും എന്നാല്‍ നിരീക്ഷകര്‍ക്കൊപ്പം അദ്ദേഹം കേരളത്തിലേക്ക് തിരിക്കാത്തതും പലവിധ വ്യാഖ്യാനങ്ങള്‍ക്ക് വഴിതുറക്കുന്നു. 12 മണിക്ക് ഡല്‍ഹിയില്‍ വെച്ച് തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റില്‍ കെ.സി ഇല്ലാത്തത് വി.ഡി. സതീശന് ക്യാമ്പിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. കെ.സി വേണുഗോപാല്‍ ഡല്‍ഹിയില്‍ തന്നെ തുടരുന്നത് ഹൈക്കമാന്‍ഡിലെ തന്റെ പദവിയില്‍ കേന്ദ്രീകരിക്കാനാണോ അതോ മുഖ്യമന്ത്രി എന്ന നിലയില്‍ ഡല്‍ഹിയില്‍ നിന്ന് തന്നെ സത്യപ്രതിജ്ഞാ നടപടികളിലേക്ക് കടക്കാനാണോ എന്നതില്‍ വ്യക്തതയില്ല. സതീശനെ പിന്തുണയ്ക്കുന്ന ഘടകകക്ഷികളുടെ നിലപാടും പ്രിയങ്ക ഗാന്ധിയുടെ ഇടപെടലുമാണ് ഈ മാറ്റത്തിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
പഴയകാല ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ രീതികള്‍ മാറ്റിനിര്‍ത്തി, ഹൈക്കമാന്‍ഡ് നേരിട്ട് നിയന്ത്രിക്കുന്ന ഒരു പ്രക്രിയയാണ് ഇത്തവണ കണ്ടത്. രഹസ്യങ്ങള്‍ ചോരാതെ കാക്കുന്നതില്‍ രാഹുല്‍ ഗാന്ധി വിജയിച്ചു എന്ന് തന്നെ പറയാം. നിരീക്ഷകര്‍ തിരുവനന്തപുരത്ത് എത്തിയ ശേഷം ഇന്ദിരാ ഭവനിലെ യോഗത്തില്‍ വെച്ച് മാത്രം പേര് വെളിപ്പെടുത്താനാണ് പദ്ധതിയെങ്കില്‍, കെ.സിയുടെ അഭാവം വലിയൊരു രാഷ്ട്രീയ സന്ദേശമായി മാറും.
തിരുവനന്തപുരത്ത് വി.ഡി സതീശന് ഇതിനകം എത്തിക്കഴിഞ്ഞു. എന്നാല്‍ കെ.സിയുടെ ഡല്‍ഹിയിലെ സാന്നിധ്യം കേരളത്തിലെ കോണ്‍ഗ്രസ് അണികളെ ആശയക്കുഴപ്പത്തിലാക്കുന്നു. മുദ്രവെച്ച കവറില്‍ ആരുടെ പേരാണ് ഉള്ളതെന്ന് നിരീക്ഷകര്‍ക്ക് പോലും കൃത്യമായി അറിയില്ലെന്നാണ് സൂചന. ഈ സസ്പെന്‍സിന് വിരാമമിടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
ഡല്‍ഹിയില്‍ നിന്നാണോ അതോ തിരുവനന്തപുരത്ത് നിന്നാണോ കേരളത്തിന്റെ പുതിയ നായകനെ പ്രഖ്യാപിക്കുക എന്ന് ഉറ്റുനോക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
