
ന്യൂഡൽഹി: ഡൽഹിയിലെ സൈനിക് ഫാംസിൽ താമസിക്കുന്ന 72 വയസ്സുകാരനായ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണിട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ സംഭവത്തിൽ സൈനികനടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ സൈനികൻ സുരേന്ദർ (31), കൽക്കാജി സ്വദേശി കൽപ്പന കുമാരി (40), ഹരിയാന സ്വദേശികളായ കുൽദീപ്, സുശീൽ എന്നിവരെയാണ് നെബ് സരായ് പോലീസ് പിടികൂടിയത്. പ്രതികളിൽ ഒരാളായ സുരേന്ദർ മഥുരയിൽ സേവനമനുഷ്ഠിക്കുന്ന സൈനികനാണെങ്കിലും നിലവിൽ ജോലിയിൽ റിപ്പോർട്ട് ചെയ്തിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
മെയ് രണ്ടിന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ചാർട്ടേഡ് അക്കൗണ്ടന്റുമായി നേരത്തെ പരിചയമുണ്ടായിരുന്ന കൽപ്പന പ്ലാൻ ചെയ്തതനുസരിച്ചാണ് ഇയാളെ കുടുക്കിയത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയം നോക്കി കൽപ്പന വീട്ടിലെത്തി. പിന്നാലെ മറ്റു പ്രതികളും വീടിനുള്ളിൽ അതിക്രമിച്ചു കയറി. വയോധികനെ മർദ്ദിച്ച ശേഷം ടേപ്പ് ഉപയോഗിച്ച് കെട്ടിയിട്ടു.അലമാരയിൽ സൂക്ഷിച്ചിരുന്ന 5 ലക്ഷം രൂപയും ഡ്രോയറിലുണ്ടായിരുന്ന പതിനായിരത്തോളം രൂപയും മൂന്ന് സ്വർണ്ണമോതിരങ്ങളും ക്രെഡിറ്റ് കാർഡ്, ലൈസൻസ് അടക്കമുള്ള രേഖകളും കവർന്നു. തുടർന്ന് ഇയാളെ സെഡാൻ കാറിൽ കയറ്റി മീററ്റ് ഭാഗത്തേക്ക് തട്ടിക്കൊണ്ടുപോയി.
ഒന്നര മണിക്കൂറോളം നീണ്ട യാത്രയ്ക്കിടെ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പണം നൽകാനില്ലെന്ന് പറഞ്ഞപ്പോൾ, അപകടം പറ്റിയെന്ന് പറഞ്ഞ് സുഹൃത്തുക്കളിൽ നിന്ന് 15 ലക്ഷം രൂപയെങ്കിലും സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പണം കിട്ടില്ലെന്ന് ഉറപ്പായതോടെ ഹരിയാനയിലെ ഡൽഹി-മുംബൈ ഹൈവേയിൽ ഫിറോസ്പൂർ ഝിർക്കയ്ക്ക് സമീപം ഇയാളെയും കാറും ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. പിന്നീട് ഒരു ധാബയിൽ എത്തിയ വയോധികൻ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് നടന്ന 36 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ മഥുരയിൽ നിന്നാണ് കൽപ്പനയെയും സുരേന്ദറിനെയും പോലീസ് പിടികൂടിയത്.
ഇവരിൽ നിന്ന് 4 ലക്ഷം രൂപയും കവർന്ന പഴ്സും കണ്ടെടുത്തു. വിവാഹമോചിതരായ കൽപ്പനയും സുരേന്ദറും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. 2025 നവംബറിൽ ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായിരുന്നു. ഇതിനുശേഷമാണ് ചാർട്ടേഡ് അക്കൗണ്ടന്റിനെ കൊള്ളയടിക്കാൻ പദ്ധതിയിട്ടതും മറ്റു രണ്ടുപേരെ സംഘത്തിൽ ചേർത്തതും. ഒളിവിലായിരുന്ന കുൽദീപിനെയും സുശീലിനെയും മെയ് 11ന് ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തു. കവർന്ന ബാക്കി തുകയും സ്വർണ്ണാഭരണങ്ങളും കൃത്യത്തിന് ഉപയോഗിച്ച എയർഗണും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ സമാനമായ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
