
ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് (NEET-UG) ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. രാജസ്ഥാനിലും മഹാരാഷ്ട്രയിലുമായി മൂന്ന് പേരെ കൂടി പോലീസ് പിടികൂടിയതോടെ ചോര്‍ച്ചയുടെ ആസൂത്രണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. രാജസ്ഥാനിലെ ജാംവ രാംഘട്ട് സ്വദേശികളായ മങ്കിലാല്, ദിനേശ് ഭിവാല്‍ എന്നീ സഹോദരങ്ങളും മഹാരാഷ്ട്രയിലെ പുണെയില്‍ നിന്ന് പേരുവിവരങ്ങള്‍ വെളിപ്പെടുത്താത്ത ഒരു സ്ത്രീയുമാണ് പുതുതായി അറസ്റ്റിലായത്.
രാജസ്ഥാനില്‍ പിടിയിലായ സഹോദരങ്ങള്‍ ഗുരുഗ്രാമിലെ ഒരു ഡോക്ടറില്‍ നിന്നാണ് ചോദ്യപേപ്പര്‍ കൈക്കലാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. പരീക്ഷയ്ക്ക് ഒരാഴ്ച മുന്‍പ് 30 ലക്ഷം രൂപ നല്‍കിയാണ് ഇവര്‍ ചോദ്യപേപ്പര്‍ വാങ്ങിയത്. സിക്കാറില്‍ നീറ്റ് പരീക്ഷാപരിശീലനം നടത്തുന്ന പ്രതികളിലൊരാളുടെ മകന് ഈ ചോദ്യപേപ്പര്‍ നല്‍കിയതിന് പുറമെ, വലിയ തുക ഈടാക്കി മറ്റ് നിരവധി പേര്‍ക്കും ഇവര്‍ പേപ്പര്‍ മറിച്ചുവിറ്റു. അറസ്റ്റിലായ ദിനേശിന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇവരുടെ കുടുംബത്തിലെ നാല് കുട്ടികള്‍ നീറ്റ് പരീക്ഷ പാസായതും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.
മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ 30-കാരനായ ശുഭം ഖൈര്‍നാര്‍ ഒരു ബിഎഎംഎസ് (BAMS) വിദ്യാര്‍ത്ഥിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നാസിക്കിലെ പ്രിന്റിംഗ് പ്രസ്സില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും, ശുഭം പുണെ സ്വദേശിയില്‍ നിന്നാണ് ഇത് വാങ്ങിയതെന്ന് മൊഴി നല്കി. 10 ലക്ഷം രൂപയ്ക്ക് വാങ്ങിയ ചോദ്യപേപ്പര്‍ ഇയാള്‍ ഹരിയാന സ്വദേശിക്ക് 15 ലക്ഷം രൂപയ്ക്കാണ് വിറ്റത്. ക്ഷേത്രദര്‍ശനത്തിന് പോകുന്നതിനിടെ രൂപമാറ്റം വരുത്തി ഒളിവില്‍ കഴിയാന്‍ ശ്രമിച്ച ശുഭത്തെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് സിബിഐ പിടികൂടിയത്. പുണെയില്‍ നിന്ന് അറസ്റ്റിലായ സ്ത്രീയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്.
കേസിലെ മുഖ്യകണ്ണിയെന്ന് കരുതുന്ന എംബിബിഎസ് കൗണ്‍സിലിംഗ് ഏജന്റ് രാകേഷ് കുമാറിനെ ദെഹ്റാദൂണില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഏകദേശം 700-ഓളം പേര്‍ക്ക് ഇയാള്‍ പിഡിഎഫ് രൂപത്തിലും അച്ചടിച്ചും ചോദ്യപേപ്പര്‍ വിറ്റതായി സൂചനയുണ്ട്. ഇയാളില്‍ നിന്നാണ് കേരളത്തില്‍ എംബിബിഎസിന് പഠിക്കുന്ന രാജസ്ഥാന് സ്വദേശി 30,000 രൂപയ്ക്ക് ചോദ്യപേപ്പര്‍ വാങ്ങിയതെന്നും തുടര്‍ന്ന് ഇയാള്‍ പിതാവിന് ഇത് കൈമാറിയെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഗുരുഗ്രാം കേന്ദ്രീകരിച്ചുള്ള ഒരു ഡോക്ടറാണ് ചോര്‍ച്ചയുടെ മുഖ്യ ആസൂത്രകനെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
നിലവില്‍ സിബിഐയാണ് കേസന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. വഞ്ചന, മോഷണം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രാജസ്ഥാന് പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ (SOG) നിന്നും സിബിഐ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. അതേസമയം, പരീക്ഷാ ക്രമക്കേടിലും പേപ്പര്‍ ചോര്‍ച്ചയിലും രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. എന്എസ്യു (NSUI), എസ്എഫ്ഐ (SFI) തുടങ്ങിയ സംഘടനകള്‍ക്ക് പിന്നാലെ എബിവിപിയും (ABVP) നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കെതിരെ പ്രതിഷേധവുമായി ഡല്‍ഹിയില്‍ തെരുവിലിറങ്ങി. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ വലിയ ആശങ്ക നിലനില്‍ക്കുകയാണ്.
