
തിരുവനന്തപുരം: ജി. കാര്ത്തികേയന് എന്ന രാഷ്ട്രീയ ഗുരുവിന്റെ തണലില്‍ വളര്‍ന്ന്, കോണ്‍ഗ്രസിലെ തിരുത്തല്‍വാദത്തിന്റെ തീച്ചൂളയില്‍ പഴുത്തെടുത്ത വി.ഡി. സതീശന് കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് നടന്നു കയറുന്നത് ചരിത്രപരമായ ഒരു കാവ്യനീതിയായാണ് രാഷ്ട്രീയ കേരളം കാണുന്നത്. പറവൂര്‍ മണ്ഡലത്തില്‍ ആദ്യ അങ്കത്തില്‍ നേരിട്ട പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, മണ്ഡലത്തില്‍ വേരുറപ്പിച്ച് തുടര്‍ച്ചയായി അഞ്ച് വിജയങ്ങള്‍ കൊയ്ത ആ പാരമ്പര്യം സതീശന് കൈമുതലായുണ്ട്. ഒരിക്കല്‍ പോലും മന്ത്രിസ്ഥാനം അലങ്കരിക്കാതെ നേരിട്ട് മുഖ്യമന്ത്രി പദവിയിലെത്തുന്ന നേതാവായി സതീശന് മാറുമ്പോള്‍, അത് പതിറ്റാണ്ടുകളായുള്ള അദ്ദേഹത്തിന്റെ അര്‍ഹതയ്ക്കുള്ള അംഗീകാരമായി മാറുകയാണ്.
സതീശന്റെ മുഖ്യമന്ത്രി പദവിയിലേക്കുള്ള വഴിയില്‍ ഏറ്റവും നിര്‍ണ്ണായകമായത് വി.എം. സുധീരന്റെ ഉറച്ച നിലപാടായിരുന്നു. ഗ്രൂപ്പ് വൈരാഗ്യങ്ങള്‍ക്കും ഡല്‍ഹിയിലെ സ്വാധീനശക്തികള്‍ക്കും വഴങ്ങാതെ, സംസ്ഥാനത്തെ ജനവികാരവും അര്‍ഹതയും മാനിക്കണമെന്ന് സുധീരന് ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തി. ഇതിനൊപ്പം കെ. മുരളീധരന് നടത്തിയ 'ഗ്രൗണ്ട് റിയാലിറ്റി' വിശകലനവും സതീശന് കരുത്തായി. താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ വികാരം അവഗണിക്കുന്നത് തിരിച്ചടിയാകുമെന്ന മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരുടെ മുന്നറിയിപ്പ് ഹൈക്കമാന്‍ഡിനെ പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിച്ചു.
കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം സതീശന്റെ പേരും ഉയര്‍ന്നപ്പോള്‍ തെരുവില്‍ പ്രകടനങ്ങളും പോസ്റ്റര്‍ യുദ്ധങ്ങളും അരങ്ങേറിയിരുന്നു. എം.എല്‍.എമാരില്‍ ഭൂരിഭാഗവും കെ.സി.ക്ക് അനുകൂലമായിരുന്നുവെങ്കിലും, ഘടകകക്ഷികളുടെ പിന്തുണ സതീശന്റെ വിജയത്തില്‍ ചാലകശക്തിയായി. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ആര്.എസ്.പിയും സതീശന് എന്ന പേരില്‍ ഉറച്ചുനിന്നു. ഒടുവില്‍ പ്രിയങ്ക ഗാന്ധിയുടെ ഇടപെടലും വയനാടന്‍ രാഷ്ട്രീയ സാഹചര്യങ്ങളും കൂടിയായപ്പോള്‍ സതീശന് എന്ന ചാണക്യതന്ത്രജ്ഞന്‍ മുഖ്യമന്ത്രി പദമുറപ്പിച്ചു.
2011-ല്‍ മന്ത്രിസ്ഥാനം കൈവെള്ളയില്‍ നിന്ന് വഴുതിപ്പോയപ്പോഴും, 'ഗോഡ്ഫാദര്മാരില്ലാത്തവന്' എന്ന ലേബലില്‍ തഴയപ്പെട്ടപ്പോഴും പതറാതെ നിന്ന സതീശന് ഇത്തവണ തന്റെ രാഷ്ട്രീയ ഭാവി പണയപ്പെടുത്തിയാണ് പട നയിച്ചത്. യുഡിഎഫിനെ അധികാരത്തില്‍ തിരിച്ചെത്തിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുതിയൊരു ഊര്‍ജ്ജമാണ് നല്‍കിയത്. ആ ആത്മവിശ്വാസം വോട്ടെണ്ണല്‍ ദിനത്തില്‍ നൂറിലധികം സീറ്റുകളുടെ ഭൂരിപക്ഷമായി മാറിയപ്പോള്‍ സതീശന് എന്ന നേതാവിന്റെ പ്രസക്തി ഏവര്‍ക്കും ബോധ്യപ്പെട്ടു.
അധികാരത്തിന്റെ കടിഞ്ഞാണ്‍ ഏല്ക്കുമ്പോള് എല്ലാവരെയും ഒരുമിപ്പിക്കുക എന്ന വലിയ ദൗത്യമാണ് സതീശനുള്ളത്. എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകളുടെ എതിര്‍പ്പുകളെ അതിജീവിച്ചാണ് അദ്ദേഹം ഈ സ്ഥാനത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്. ജി. കാര്‍ത്തികേയന്റെ വത്സലശിഷ്യനായി രാഷ്ട്രീയ ഗോദയിലിറങ്ങിയ ആ 'തിരുത്തല്‍വാദി' ഇന്ന് കേരളത്തിന്റെ കപ്പിത്താനായി മാറുമ്പോള്‍, അത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പുതിയൊരു അധ്യായത്തിന്റെ തുടക്കം കൂടിയാണ്.
അഴിമതിരഹിതവും സുതാര്യവുമായ ഭരണം എന്ന ജനങ്ങളുടെ പ്രതീക്ഷ സതീശന് എങ്ങനെ നടപ്പിലാക്കുമെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. എല്ലാവരെയും ഒരുമിച്ച് നിര്‍ത്തി 'പുതിയ കേരളം' പണിയുക എന്ന വെല്ലുവിളി ഏറ്റെടുത്ത് വി.ഡി. സതീശന് മുന്നോട്ട് നീങ്ങുകയാണ്.
