
കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച പോസ്റ്റാണിതെന്നും വാർത്തകളിൽ യാതൊരുവിധ സത്യവുമില്ലെന്നും താരം വ്യക്തമാക്കി. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ സജ്നയും ഇന്ത്യൻ സിനിമയിലെ ഒരു പ്രമുഖ വ്യക്തിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നതിനിടയിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഈ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്.
താൻ ഗർഭിണിയാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ നടിയുടെ പരിചയക്കാരും സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധി പേർ ആശംസകളുമായും സംശയങ്ങളുമായും കമന്റ് ബോക്സിൽ എത്തിയിരുന്നു. ഇതോടെ വിഷയം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുകയും ചെയ്തു. എന്നാൽ, പ്രചരിക്കുന്ന വാർത്തകൾ അതിരുകടന്നതോടെയാണ് സംഭവത്തിന്റെ യഥാർത്ഥ വസ്തുത വെളിപ്പെടുത്തിക്കൊണ്ട് നടി തന്നെ നേരിട്ട് രംഗത്തെത്തിയത്.
വിഷയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് ഒരു പുതിയ വീഡിയോയിലൂടെയാണ് സജ്ന പ്രതികരിച്ചത്. ആ പോസ്റ്റ് തന്റെ അറിവോടെയോ സമ്മതത്തോടെയോ പങ്കുവെച്ചതല്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സജ്ന വീഡിയോയിൽ തുറന്നുപറഞ്ഞു. വിവാദത്തിന് കാരണമായ വ്യാജ ഗർഭധാരണ പോസ്റ്റ് സജ്ന തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്നും ഇപ്പോൾ പൂർണ്ണമായി നീക്കം ചെയ്തിട്ടുണ്ട്. താരത്തിന്റെ പെട്ടെന്നുള്ള പ്രതികരണത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച അനാവശ്യ അഭ്യൂഹങ്ങൾക്കാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്.
സജ്നയുടെ വാക്കുകൾ ഇങ്ങനെ...
''എന്റെ കുറച്ച് വിവാദമായ വീഡിയോകൾ വന്നു കൊണ്ടിരിക്കുകയാണ്, ഫോട്ടോസും കാര്യങ്ങളും വച്ചിട്ട്. ഈ അക്കൗണ്ട് എനിക്കു കിട്ടിയിട്ട് കുറച്ചു സമയമേ ആയിട്ടുള്ളൂ. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ്. എങ്ങനെയാണെന്ന് എനിക്കറിയില്ല. ഈ ന്യൂസ് കണ്ട് എന്റെ സുഹൃത്തുക്കൾ കുറേപ്പേർ മെസേജ് ചെയ്ത്, കൺഗ്രാജുലേറ്റ് ചെയ്തപ്പോൾ കാര്യം തിരക്കി. അപ്പോഴാണ് വിവരമറിഞ്ഞത്. ഞാൻ ആകെ പാനിക്കായി. എന്റെ അക്കൗണ്ട് ഡീൽ ചെയ്യുന്ന ഷാലുവിനെ വിളിച്ചു. നോക്കിയിട്ട് അവൾക്കും തുറക്കാൻ പറ്റുന്നില്ലായിരുന്നു. അവൾ എന്തൊക്കെയോ ചെയ്ത് റിക്കവർ ചെയ്ത് എടുത്തതാണിത്. ആ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വൃത്തികെട്ട രീതിയിൽ കാര്യങ്ങൾ ചെയ്യുകയാണ്. ദയവ് ചെയ്ത് എന്നെ കൊല്ലാക്കല ചെയ്യരുത്. കേസുമായിത്തന്നെ മുൻപോട്ടു പോകും. കുറേ ആളുകൾ എന്നെപ്പറ്റി അനാവശ്യം പറയുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ വീഡിയോ ചെയ്യുന്നത്.
വീഡിയോ ചെയ്യാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ. അങ്ങേയറ്റം തളർന്നിരിക്കുകയാണ്. ഓരോ ട്രോമയിൽ നിന്നും റിക്കവർ ആയി വരുന്നതേയുള്ളൂ. എന്നെ കൊല്ലാക്കല ചെയ്താലും ഞാൻ മക്കൾക്ക് വേണ്ടി ജീവിക്കും. ആര് കൊല്ലാക്കൊല ചെയ്താലും ഞാന്‍ ജീവിക്കും. ഇതാരാണെന്ന് ഞാന്‍ പറയുന്നില്ല. നാളെ പരാതി കൊടുത്ത് ആളെ കണ്ടുപിടിക്കും. ആരു ചെയ്താലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ പറയും. അതുവരെ ആരും വിശ്വസിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. ഇതു ചെയ്തത് ആരായാലും അതു ഞാന്‍ നിയമത്തിനു മുന്നിൽ കൊണ്ടുവരും''.
