
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നടന്ന നിർണ്ണായകമായ വിശ്വാസ വോട്ടെടുപ്പിനിടെ പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് മുഖ്യമന്ത്രി വിജയ് തന്റെ സർക്കാരിന്റെ നയലപാടുകൾ വ്യക്തമാക്കി. ടിവികെ സർക്കാർ ദൃഢമായ മതേതര നിലപാടായിരിക്കും സ്വീകരിക്കുകയെന്നും ഭരണസംവിധാനം കുതിരയുടെ വേഗതയിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം സഭയിൽ പ്രഖ്യാപിച്ചു. എന്നാൽ, അധികാരമുറപ്പിക്കാൻ എംഎൽഎമാരെ വിലയ്ക്കെടുക്കുന്ന 'കുതിരക്കച്ചവടത്തിൽ' തന്റെ സർക്കാർ ഏർപ്പെടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
മുൻ സർക്കാരുകൾ നടപ്പിലാക്കിയ എല്ലാ ജനക്ഷേമ പദ്ധതികളും തന്റെ ഭരണത്തിന് കീഴിലും തുടരുമെന്ന് തമിഴ് ജനതയ്ക്ക് ഉറപ്പുനൽകിയ മുഖ്യമന്ത്രി, ഭരണത്തുടർച്ചയും വികസനവുമാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി. എന്നാൽ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ഭരണകക്ഷി വലിയ തോതിലുള്ള കുതിരക്കച്ചവടം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ആരോപിച്ചിരുന്നു. സർക്കാർ സംസ്ഥാന രാഷ്ട്രീയത്തെ പരിഹാസപാത്രമായ 'മീം കണ്ടന്റ്' ആക്കി മാറ്റുകയാണെന്ന ഉദയനിധിയുടെ പരിഹാസവും സഭയിൽ വലിയ ചർച്ചയായി.
ഭരണം ഉറപ്പാക്കാൻ ജനാധിപത്യ വിരുദ്ധമായ നീക്കങ്ങളാണ് നടക്കുന്നതെന്ന് ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്തും സഭയിൽ ആരോപിച്ചു. തമിഴ്നാട് നിയമസഭയുടെ ചരിത്രത്തിൽ എംഎൽഎമാരെ വിലയ്ക്കെടുക്കുന്ന സാഹചര്യം വീണ്ടും ആവർത്തിക്കുന്നത് നിർഭാഗ്യകരമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ഇതിനുപുറമെ, മുഖ്യമന്ത്രിയുടെ ഓഫീസിൽ 'ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി' (OSD) ആയി ജ്യോതിഷി രാധൻ പണ്ഡിറ്റിനെ നിയമിച്ചതിനെതിരെയും പ്രേമലത കടുത്ത വിമർശനം ഉയർത്തി. ശാസ്ത്രീയമായും സുതാര്യമായും പ്രവർത്തിക്കുമെന്ന് അവകാശപ്പെടുന്ന സർക്കാർ, ഒരു ജ്യോതിഷിയെ ഔദ്യോഗിക പദവിയിൽ നിയമിച്ചതിലൂടെ പൊതുസമൂഹത്തിന് എന്ത് സനദേശമാണ് നൽകുന്നതെന്ന് അവർ ചോദിച്ചു. തമിഴ്നാട് ജനതയെ സംബന്ധിച്ചിടത്തോളം ഈ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും ഡിഎംഡികെ നിയമസഭയിൽ ആഞ്ഞടിച്ചു.
പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് കടുത്ത വെല്ലുവിളികളും ആക്ഷേപങ്ങളും ഉയർന്നുവെങ്കിലും, വിശ്വാസ വോട്ടെടുപ്പിൽ 144 വോട്ടുകൾ നേടി വിജയ് സർക്കാർ ഭൂരിപക്ഷം തെളിയിച്ചു. എഐഎഡിഎംകെയിലെ 25 വിമത എംഎൽഎമാർ സർക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്തതാണ് വിജയ്യുടെ വിജയത്തിൽ നിർണ്ണായകമായത്.
പ്രതിപക്ഷ നിരയിലെ വിള്ളലുകൾ വിജയ് സർക്കാരിന് അനുകൂലമായപ്പോൾ, പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കാണ് തമിഴ്നാട് സാക്ഷ്യം വഹിക്കുന്നത്. ഭരണപക്ഷം മതേതരത്വത്തെയും വികസനത്തെയും കുറിച്ച് സംസാരിക്കുമ്പോഴും, എംഎൽഎമാരുടെ കൂറുമാറ്റവും ജ്യോതിഷിയുടെ നിയമനവും വരും ദിവസങ്ങളിൽ തമിഴ് രാഷ്ട്രീയത്തിൽ കൂടുതൽ വിവാദങ്ങൾക്ക് തിരികൊളുത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. കേവല ഭൂരിപക്ഷത്തിന് മുകളിൽ വോട്ടുകൾ നേടി വിജയിച്ചതോടെ വരും മാസങ്ങളിൽ കൂടുതൽ കരുത്തോടെ ഭരണം മുന്നോട്ട് കൊണ്ടുപോകാനാണ് മുഖ്യമന്ത്രി വിജയ് ലക്ഷ്യമിടുന്നത്.
