
കോഴിക്കോട്: കോഴിക്കോട് കോര്പ്പറേഷന് മുന്‍ മേയറും സി.പി.എം മുതിര്‍ന്ന നേതാവുമായ ടി.പി. ദാസന് (76) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിലവില്‍ സി.പി.എം കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗമാണ്. ദീര്‍ഘകാലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്കാരം പിന്നീട് നടക്കും. കോര്പ്പറേഷന് മുന്‍ സ്ഥിരംസമിതി അധ്യക്ഷയും റിട്ട. കോ-ഓപ്പറേറ്റീവ് ഡെപ്യൂട്ടി രജിസ്ട്രാറുമായ ടി.വി. ലളിതപ്രഭയാണ് (സി.പി.എം ടൗണ്‍ ലോക്കല്‍ കമ്മിറ്റിയംഗം) ഭാര്യ. മക്കള്‍: മിലി (ആര്‍ക്കിടെക്ട്, യു.എല്‍.സി.സി.എസ്), മിനി (എച്ച്.ആര് ഓഫീസര്‍, കെല്‍ട്രോണ്‍-തിരുവനന്തപുരം), മിഥുന് (എന്‍ജിനീയര്‍, യു.കെ). മരുമക്കള്‍: ബൈജു (പ്രിന്റിങ് പ്രസ്, വെസ്റ്റ്ഹില്‍), സജീഷ് (ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍, ചലച്ചിത്ര നിരൂപകന്), നീതു (യു.കെ).
അഡ്വ. ശങ്കരനുശേഷം ഗ്രാമത്തില്‍നിന്ന് ചേക്കേറി കോഴിക്കോടിന്റെ നഗരപിതാവായ വ്യക്തിയാണ് ടി.പി. ദാസന്. അരിക്കുളം പഞ്ചായത്തിലെ കാരയാടില്‍നിന്നാണ് അദ്ദേഹം നഗരത്തിലേക്കെത്തുന്നത്. മേപ്പയ്യൂര്‍ സ്കൂളിലെ വിദ്യാര്‍ഥിയായിരിക്കെ, ഉള്‍നാടന്‍ ഗ്രാമീണ കമ്മ്യൂണിസ്റ്റ് കുടുംബ പശ്ചാത്തലത്തില്‍നിന്നാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. കാരയാട് എല്‍.പി, കല്പ്പത്തൂര് യു.പി, മേപ്പയ്യൂര്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം.
തുടര്‍ന്ന് കോഴിക്കോട് ഫിസിക്കല്‍ എജുക്കേഷന്‍ കോളേജില്‍നിന്ന് കായികാധ്യാപക ഡിപ്ലോമ നേടി. പഠനശേഷം തളി ഗവ. യു.പി സ്കൂളില്‍ താല്കാലിക കായികാധ്യാപകനായി ജോലിയില്‍ പ്രവേശിച്ചെങ്കിലും രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കായി ആ ജോലി പിന്നീട് ഉപേക്ഷിക്കേണ്ടി വന്നു. കെ.എസ്.എഫിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ടി.പി. ദാസന്, സംഘടനയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. കെ.എസ്.വൈ.എഫ് ജില്ലാ സെക്രട്ടറിയായും സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും തിളങ്ങി. 1973-ലെ പ്രശസ്തമായ അധ്യാപകസമരത്തില്‍ പങ്കു വഹിച്ച് ജയില്‍വാസവുമനുഭവിച്ചു. ഇതോടെയാണ് തളി സ്കൂളിലെ താല്കാലിക കായികാധ്യാപക ജോലി നഷ്ടമാകുന്നത്.
തുടര്‍ന്ന് പൂര്‍ണ്ണസമയ രാഷ്ട്രീയപ്രവര്‍ത്തകനായി മാറി. 1967-ല്‍ സി.പി.എം അംഗത്വമെടുത്തു. 1985 മുതല്‍ ദീര്‍ഘകാലം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്നു. കോഴിക്കോട് മണ്ഡലം കമ്മിറ്റി അംഗം, ടൗണ്‍ ഏരിയാ സെക്രട്ടറി തുടങ്ങിയ പദവികളിലിരുന്ന് ജില്ലയിലുടനീളം പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം മുന്‍നിരയില്‍ നിന്നു. കേരളത്തിലെ യുവജന പ്രസ്ഥാനങ്ങളുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച നേതാവാണ് ടി.പി. ദാസന്. 1980-ല്‍ ഡി.വൈ.എഫ്.ഐ രൂപവത്കരണ വേളയില്‍ സംഘടനയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ദാസനായിരുന്നു. പിന്നീട് സംസ്ഥാന സെക്രട്ടറിയായും ഡി.വൈ.എഫ്.ഐയെ നയിച്ചു.
കായികരംഗത്തോടുള്ള കമ്പം രാഷ്ട്രീയത്തിലും കാത്തുസൂക്ഷിച്ച അദ്ദേഹം പിന്നീട് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ എന്നീ പദവികളിലും മികച്ച സംഭാവനകള്‍ നല്കി. 1992 മുതല്‍ 1994 വരെയായിരുന്നു ടി.പി. ദാസന് കോഴിക്കോട് കോര്പ്പറേഷന് മേയറായത്. 1996 മുതല്‍ 2001 വരെ നഗരാസൂത്രണ സ്ഥിരംസമിതി ചെയര്‍മാനായും എല്‍.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി നേതാവായും നഗരവികസനത്തില്‍ അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചു.
രാഷ്ട്രീയത്തിനപ്പുറം മികച്ചൊരു സഹകാരിയായും കായിക-സാംസ്കാരിക സംഘാടകനായും ടി.പി. ദാസന് ജനമനസ്സുകളില്‍ ഇടംനേടി. കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനായും കേരള അര്‍ബന്‍ ബാങ്ക് ഫെഡറേഷന് ചെയര്‍മാനായും സഹകരണ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. കെ.ടി.ഡി.സി ഡയറക്ടര്‍, കല പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഗീതത്തെ ഏറെ സ്നേഹിച്ച അദ്ദേഹം നടക്കാവിലെ പ്രശസ്തമായ ബാബുരാജ് മ്യൂസിക് അക്കാദമിയുടെ സെക്രട്ടറിയായും ദീര്‍ഘകാലം സജീവമായിരുന്നു. 1950 ജൂണ്‍ ഒന്നിന് കൊയിലാണ്ടിയിലായിരുന്നു ടി.പി. ദാസന്റെ ജനനം.
