
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്ക്കെതിരെ ഭാര്യ സംഗീത നല്കിയ വിവാഹമോചന ഹര്‍ജി പരിഗണിക്കുന്നത് ചെങ്കല്‍പട്ട് കുടുംബകോടതി വരും ആഗസ്ത് ഏഴിലേക്ക് മാറ്റി വച്ചു. കേസ് തിങ്കളാഴ്ച കോടതി പരിഗണനയ്ക്ക് എടുത്തപ്പോള്‍ വിജയോ സംഗീതയോ നേരിട്ട് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയുടെ ഈ നടപടി.
നേരിട്ട് ഹാജരാകുന്നതിന് പകരം വീഡിയോ കോണ്‍ഫറന്‍സിങ് വഴി പങ്കെടുക്കാന്‍ ഇരുവരും കോടതിക്ക് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കുടുംബകോടതി ഈ ആവശ്യം കര്‍ശനമായി നിഷേധിക്കുകയായിരുന്നു. മാത്രമല്ല, വിജയ്യുടെയും സംഗീതയുടെയും ഇമെയില്‍ ഐഡി ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക രേഖകള്‍ ഹാജരാക്കാനും കോടതി ഇപ്പോള്‍ ഉത്തരവിട്ടിട്ടുണ്ട്.
മുഖ്യമന്ത്രി വിജയ്ക്ക് മറ്റൊരു നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭാര്യ സംഗീത കഴിഞ്ഞ ഫെബ്രുവരിയില്‍ ചെങ്കല്‍പട്ട് കോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. 2021-ലാണ് ഈ ബന്ധത്തെക്കുറിച്ച് താന്‍ ആദ്യമായി അറിയുന്നതെന്ന് സംഗീത ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് പലതവണ ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ ആ വാക്ക് ലംഘിച്ച് വിജയ് നായികയുമായുള്ള ബന്ധം തുടരുക മാത്രമല്ല, അവര്‍ക്കൊപ്പം വിദേശയാത്രകള്‍ നടത്തുകയും പൊതുപരിപാടികളില്‍ പരസ്യമായി പങ്കെടുക്കുകയും ചെയ്തു. ഇത് തനിക്കും മക്കളായ ജേസണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിവര്‍ക്കും കടുത്ത മാനഹാനി ഉണ്ടാക്കിയെന്നാണ് സംഗീതയുടെ പരാതി. ഇതിനുപുറമേ തനിക്ക് മുന്‍പ് ലഭിച്ചിരുന്ന ആഡംബര സൗകര്യങ്ങള്‍ വിജയ് വെട്ടിക്കുറച്ചതായും, തന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്മേലും സാമ്പത്തിക കാര്യങ്ങളിലും കടുത്ത വിലക്കുകള്‍ ഏര്‍പ്പെടുത്തി മാനസികമായി പീഡിപ്പിക്കുന്നതായും സംഗീത ഹര്‍ജിയില്‍ അക്കമിട്ട് നിരത്തുന്നുണ്ട്.
കേസ് ആദ്യം പരിഗണിച്ച ഏപ്രില്‍ 20-നും ഇരുവരും ഹാജരായിരുന്നില്ല. തുടര്‍ന്ന് ജൂണ്‍ 15-ന് രണ്ടുപേരും നേരിട്ട് ഹാജരാകണമെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും തിങ്കളാഴ്ചയും ഇരുവരും ഒഴിഞ്ഞുമാറുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വിജയ്യും സംഗീതയും വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചതായും വിവാഹമോചനത്തില്‍ നിന്നും പിന്മാറുന്നതായും ചില തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച കോടതിക്ക് മുന്നില്‍ അത്തരം യാതൊരുവിധ അനുരഞ്ജന കാര്യങ്ങളും ഇരുപക്ഷത്തിന്റെയും അഭിഭാഷകര്‍ പരാമര്‍ശിച്ചിട്ടില്ല.
1999-ല്‍ പ്രണയത്തിനൊടുവില്‍ വിവാഹിതരായ ഇരുവരുടെയും 27 വര്‍ഷം നീണ്ട ദാമ്പത്യമാണ് ഇപ്പോള്‍ തമിഴ് രാഷ്ട്രീയ ലോകത്തെയും സിനിമാ ലോകത്തെയും പിടിച്ചുലച്ചുകൊണ്ട് കോടതിപ്പടികള്‍ കയറുന്നത്.
