
ചെന്നൈ: ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് പൊതുസ്ഥലങ്ങളിൽ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ തമിഴ്നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതിയുടെ അസാധാരണ ഉത്തരവ്. ബക്രീദ് ദിനത്തിൽ മാത്രമല്ല, സംസ്ഥാനത്ത് ഒരു ദിവസവും ഗോവധം പാടില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഈ ഉത്തരവ് കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും നേരിട്ട് ഉറപ്പാക്കണമെന്നും കോടതി കർശന നിർദ്ദേശം നൽകി. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി.
ശ്രീകൃഷ്ണന്റെ കാലം മുതൽക്കേ ഭാരതത്തിൽ പശുവിനെ ആരാധിക്കുന്നുണ്ടെന്ന് കോടതി വിധിന്യായത്തിൽ ഓർമ്മിപ്പിച്ചു. മുൻകാലങ്ങളിൽ പല മുസ്ലിം രാജാക്കന്മാരും ഇന്ത്യയിൽ ഗോവധം നിരോധിച്ചിട്ടുണ്ടെന്നും പശുവിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മഹാത്മാഗാന്ധിയും പറഞ്ഞിട്ടുണ്ടെന്നും ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ ചൂണ്ടിക്കാട്ടി. ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചകളിൽ പോലും പശുവിനെ പൂജിക്കേണ്ടതിനെക്കുറിച്ച് പരാമർശമുണ്ടായിട്ടുണ്ടെന്നും കോടതി വിശദീകരിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അംഗീകരിച്ച അറവുശാലകളിൽ അല്ലാതെ, പൊതുവഴികളിലോ തുറസ്സായ സ്ഥലങ്ങളിലോ ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലികളെ കശാപ്പ് ചെയ്യാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷി നേതാവാണ് കോടതിയെ സമീപിച്ചിരുന്നത്.
തുടക്കത്തിൽ, വഴിയരികിലും പൊതുവിടങ്ങളിലും കശാപ്പ് പാടില്ലെന്ന് മാത്രമാണ് കോടതി നിരീക്ഷിച്ചിരുന്നത്. എന്നാൽ ഉത്തരവിന്റെ പൂർണ്ണരൂപം പുറത്തുവന്നപ്പോഴാണ് സംസ്ഥാനത്ത് ഗോവധം പൂർണ്ണമായി നിരോധിച്ചുകൊണ്ടുള്ള അസാധാരണ പ്രഖ്യാപനം കോടതി നടത്തിയതായി വ്യക്തമായത്. ഹർജിക്കാരൻ പോലും ഉന്നയിക്കാത്ത ഒരു ആവശ്യത്തിലാണ് കോടതി ഇപ്പോൾ ഇത്തരമൊരു നിർണ്ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
