
തളിപ്പറമ്പ്: താലൂക്കില്‍ അടുത്ത കാലത്തുണ്ടായതില്‍ വെച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയുമായി എക്സൈസ് സംഘം. അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ തളിപ്പറമ്പ് എക്സൈസ് റേഞ്ച് സംഘം പിടികൂടി. ഞാറ്റുവയല്‍ സ്വദേശി സി. അബ്ദുശ്ഫത്താഹ്, ചൊറുക്കള സ്വദേശി എം.പി. നിഹാല്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 66.224 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജെ. ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന രാത്രികാല പട്രോളിംഗിനിടെയാണ് പ്രതികള്‍ വലയിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലവരും. മേഖലയിലെ മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായ ഇരുവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവര്‍ക്ക് മയക്കുമരുന്ന് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ചും വിതരണക്കാരെക്കുറിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ (ഗ്രേഡ്) അസീസ്, പി.കെ. രാജീവന്, പ്രിവന്റീവ് ഓഫീസര്‍മാരായ (ഗ്രേഡ്) കെ. മുഹമ്മദ് ഹാരിസ്, ടി.വി. വിജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍ കലേഷ്, ഡ്രൈവര്‍ എം. പ്രകാശന് എന്നിവരും പ്രതികളെ പിടികൂടിയ എക്സൈസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
