
ലക്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വന്‍ പ്രതീക്ഷകളോടെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ (LSG) അമരത്തെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് ഒടുവില്‍ നായകസ്ഥാനം രാജിവെച്ചു. ഐ.പി.എല്‍ 2026 സീസണില്‍ ടീം പ്ലേ ഓഫ് കാണാതെ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് നാടകീയമായ ഈ തീരുമാനം പുറത്തുവന്നത്. തന്നെ ക്യാപ്റ്റന്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് പന്ത് മാനേജ്മെന്റിനോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. താരത്തിന്റെ അഭ്യര്‍ഥന അടിയന്തരമായി അംഗീകരിച്ചതായി ലഖ്നൗ മാനേജ്മെന്റ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സ്ഥിരീകരിച്ചു. ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ പന്ത് ഡ്രസ്സിങ് റൂമിലേക്ക് കൊണ്ടുവന്ന എല്ലാ കാര്യങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും, ഇത്തരം തീരുമാനങ്ങള്‍ ഒരിക്കലും എളുപ്പമല്ലെന്നും എല്‍.എസ്.ജി ക്രിക്കറ്റ് ഡയറക്ടര്‍ ടോം മൂഡി പ്രതികരിച്ചു. മികച്ച നിലവാരത്തില്‍ ടീമിനെ പുനരുജ്ജീവിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
രണ്ട് സീസണുകളിലായി 28 മത്സരങ്ങളിലാണ് പന്ത് ലഖ്നൗവിനെ നയിച്ചത്. ഇതില്‍ വെറും 10 മത്സരങ്ങളില്‍ മാത്രമാണ് ടീമിന് വിജയിക്കാനായത്; 18 മത്സരങ്ങളിലും പരാജയം രുചിച്ചു. 2025ലെ മെഗാ ലേലത്തിന് മുന്നോടിയായി 27 കോടി രൂപയെന്ന റെക്കോഡ് തുകയ്ക്കാണ് പന്ത് ലഖ്നൗവിലെത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സില്‍ എട്ട് സീസണുകള്‍ കളിച്ച ശേഷമുള്ള ഈ മാറ്റത്തില്‍, ലഖ്നൗ ക്യാപ്റ്റനായിരുന്ന കെ.എല്‍. രാഹുല്‍ ഡല്‍ഹിയിലേക്ക് മാറുകയും പന്ത് ലഖ്നൗവിന്റെ നായകസ്ഥാനം ഏറ്റെടുക്കുകയുമായിരുന്നു. എന്നാല്‍ നായകനായുള്ള ആദ്യ സീസണില്‍ (2025) 14 മത്സരങ്ങളില്‍ ആറെണ്ണത്തില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്. തൊട്ടടുത്ത സീസണില്‍ (2026) പ്രകടനം അതിലും ദയനീയമായി. 14 മത്സരങ്ങളില്‍ നിന്ന് വെറും 4 വിജയങ്ങളുമായി 8 പോയിന്റോടെ ലഖ്നൗ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തി.
ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ ഒരിക്കല്‍ രാജ്യത്തെ ഏറ്റവും സ്ഫോടനാത്മകമായ ബാറ്റിംഗ് ശൈലിക്ക് ഉടമയായിരുന്ന പന്തിന്റെ ഫോമില്ലായ്മയും ടീമിന് കനത്ത തിരിച്ചടിയായി. ലഖ്നൗവിന് വേണ്ടി കളിച്ച രണ്ട് സീസണുകളിലായി 135.74 സ്ട്രൈക്ക് റേറ്റില്‍ 581 റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്. ആദ്യ സീസണിലെ 13 ഇന്നിങ്സുകളില്‍ നിന്ന് വെറും 269 റണ്‍സ് മാത്രമാണ് സമ്പാദ്യം. 2026 സീസണിലാകട്ടെ 14 മത്സരങ്ങളില്‍ നിന്ന് 138.05 സ്ട്രൈക്ക് റേറ്റില്‍ 312 റണ്‍സ് മാത്രമാണ് താരം സ്കോര്‍ ചെയ്തത്. നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലുമുള്ള ഈ മോശം പ്രകടനങ്ങള്‍ പന്തിനെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇരയാക്കി.
തോല്‍വികള്‍ക്ക് പുറമേ ടീമിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും പന്തിന്റെ രാജിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ടീമിനുള്ളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അമിതമായ ബാഹ്യ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന സൂചനകള്‍ പന്ത് പലപ്പോഴും പരസ്യമായി നല്‍കിയിരുന്നു. ഒപ്പം ഗ്രൗണ്ടിലെ തന്ത്രപരമായ പിഴവുകളും ടീമിന്റെ പരാജയങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മിച്ചല്‍ മാര്‍ഷും എയ്ഡന്‍ മര്‍ക്രമും ചേര്‍ന്ന മികച്ച ഓപ്പണിംഗ് ജോഡിയെ മാറ്റിയതും, പന്തിന് കൃത്യമായ ബാറ്റിംഗ് പൊസിഷന്‍ നല്‍കാത്തതും ടീമിന്റെ ബാലന്‍സിനെ സാരമായി ബാധിച്ചു. സ്പിന്നര്‍മാരെ ഉപയോഗിക്കുന്നതില്‍ വരുത്തിയ പിഴവുകളും കൃത്യമല്ലാത്ത ബൗളിംഗ് മാറ്റങ്ങളും ലഖ്നൗവിന് പല ഉറച്ച വിജയങ്ങളും നഷ്ടപ്പെടുത്തി.
സീസണിലെ തങ്ങളുടെ അവസാന മത്സരത്തിന് മുന്നോടിയായി ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തങ്ങളെ വലിയ തോതില്‍ പിന്തുണച്ച ആരാധകരോട് പന്ത് പരസ്യമായി ക്ഷമ ചോദിച്ചിരുന്നു. ടീം എന്ന നിലയിലും വ്യക്തിഗതമായും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സഹായിച്ച പ്രയാസകരമായ ഒരു സീസണായിരുന്നു ഇതെന്നും, അടുത്ത തവണ 100 ശതമാനവും പരിശ്രമിച്ച് കൂടുതല്‍ ശക്തമായി തിരിച്ചുവരുമെന്നും താരം ഉറപ്പുനല്‍കി.
പന്ത് ഒഴിഞ്ഞതോടെ ലഖ്നൗവിന്റെ അടുത്ത ക്യാപ്റ്റന്‍ ആരാണെന്നതിനെക്കുറിച്ച് മാനേജ്മെന്റ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. വരാനിരിക്കുന്ന സീസണില്‍ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുന്നതിനാല്‍ പുതിയ നായകനെ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നാണ് ഫ്രാഞ്ചൈസി അറിയിച്ചിരിക്കുന്നത്. നിലവില്‍ ദക്ഷിണാഫ്രിക്കയുടെ ട്വന്റി20 നായകന് എയ്ഡന്‍ മാര്‍ക്രം, ഓസ്ട്രേലിയയുടെ ട്വന്റി20 ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ഇവര്‍ക്ക് പുറമെ നിക്കോളാസ് പൂരന്, ജോഷ് ഇംഗ്ലിസ് എന്നിവരും ലഖ്നൗവിന്റെ സാധ്യത നായകപ്പട്ടികയിലുണ്ട്.
