
ബെയ്ജിങ്: പ്രായം നാൽപ്പതിനോട് അടുക്കുന്നു, പക്ഷേ കണ്ടാൽ സ്കൂളിൽ പോകുന്ന ഒൻപതു വയസ്സുകാരൻ. രൂപം കൊണ്ടും ശബ്ദം കൊണ്ടും ലോകത്തെ അമ്പരപ്പിക്കുകയാണ് ചൈനീസ് നടൻ ഹൗ സിയാങ്. ശൈശവാവസ്ഥയിൽ വളർച്ച നിലച്ചുപോയ തന്റെ ശാരീരികാവസ്ഥയെ പരിമിതിയല്ല, മറിച്ച് അഭിനയജീവിതത്തിലെ കരുത്താക്കി മാറ്റിയിരിക്കുകയാണ് ഈ താരം. 'സൗത്ത് ചൈന മോണിംഗ് പോസ്റ്റ്' ഉൾപ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങളാണ് ഹൗ സിയാങ്ങിന്റെ പോരാട്ടവീര്യത്തിന്റെ കഥ വീണ്ടും ചർച്ചയാക്കുന്നത്.
ബെയ്ജിങ് സ്വദേശിയായ ഹൗ സിയാങ് മാസം തികയാതെ ജനിച്ച കുഞ്ഞായിരുന്നു. ഗർഭകാലത്ത് മാതാവിനുണ്ടായ കടുത്ത പോഷകാഹാരക്കുറവ് ഹൗവിന്റെ വളർച്ചയെ സാരമായി ബാധിച്ചു. ഒൻപത് വയസ്സായതോടെ ശാരീരിക വളർച്ചയും ശബ്ദ വികാസവും പൂർണ്ണമായും നിലച്ചു. ഇന്നും പൊതുസ്ഥലങ്ങളിൽ വെച്ച് കാണുന്നവർ ഹൗവിനെ ഒരു സ്കൂൾ വിദ്യാർത്ഥിയാണെന്ന് കരുതി വിശേഷങ്ങൾ തിരക്കുന്നത് പതിവാണ്.
തന്റെ ശാരീരികാവസ്ഥയെ ഒരു ശാപമായി കാണാൻ ഹൗ സിയാങ് തയ്യാറായില്ല. 2005-ൽ 'ഹോം വിത്ത് കിഡ്സ്' (Home with Kids) എന്ന ജനപ്രിയ പരമ്പരയിൽ അഭിനയിക്കുമ്പോൾ ഹൗവിന് പ്രായം 19 ആയിരുന്നു. എന്നാൽ സ്ക്രീനിൽ അദ്ദേഹം തകർപ്പൻ പ്രകടനം കാഴ്ചവെച്ചത് ഒരു പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായിട്ടായിരുന്നു. മുതിർന്ന നടന്റെ പക്വതയോടെ കുട്ടികളുടെ വേഷം കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് സംവിധായകരെയും അത്ഭുതപ്പെടുത്തി.
സ്റ്റെപ്പ് ഫാദർ, ചുവാങ് ഗ്വാങ്ഡോംഗ്, ടണൽ വാർഫെയർ തുടങ്ങിയ ശ്രദ്ധേയമായ ചൈനീസ് ഡ്രാമകളിലൂടെ ഹൗ തന്റെ സാന്നിധ്യമറിയിച്ചു. "എന്റെ രൂപം കാരണം എനിക്ക് ലഭിക്കുന്ന വേഷങ്ങളിൽ പരിമിതികളുണ്ടാകാം. പക്ഷേ ലഭിക്കുന്ന ഓരോ വേഷവും അതിന്റെ പൂർണ്ണതയിൽ എത്തിക്കുക എന്നതാണ് ഒരു നടനെന്ന നിലയിൽ എന്റെ ലക്ഷ്യം. അതിലാണ് എന്റെ വിജയം"– ഹൗ സിയാങ് പറയുന്നു. ശാരീരിക വെല്ലുവിളികളോട് പൊരുതി തന്റേതായ ഇടം കണ്ടെത്തിയ ഈ താരത്തെ 'പ്രായമാകാത്ത മനുഷ്യൻ' (Ageless man) എന്നാണ് സൈബർ ലോകം വിശേഷിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഹൗ സിയാങ്ങിന്റെ നിശ്ചയദാർഢ്യത്തിന് കയ്യടിക്കുകയാണ്.
