
ഭിൽവാര: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയുടെ വ്യാജ ചോദ്യപ്പേപ്പർ ടെലഗ്രാം വഴി വിൽപന നടത്തിയ വിദ്യാർഥി അറസ്റ്റിൽ. ഭിൽവാര പട്ടേൽ നഗർ സ്വദേശി ആകാശ് ചൗധരിയെ (19) ആണ് രാജസ്ഥാൻ പോലീസ് പിടികൂടിയത്. ചോദ്യപ്പേപ്പറിന് 4,000 രൂപ വീതമാണ് ഇയാൾ ഉദ്യോഗാർഥികളിൽനിന്ന് ഈടാക്കിയിരുന്നത്.
ഡൽഹിയിൽനിന്ന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിൽ വെള്ളിയാഴ്ച പുലർച്ചെയാണ് വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ‘പേപ്പർ മാഫിയ’ എന്ന പേരിലുള്ള ടെലഗ്രാം ചാനലിലൂടെയായിരുന്നു തട്ടിപ്പ്. പിടിയിലാകാതിരിക്കാൻ അമേരിക്ക കേന്ദ്രീകരിച്ചുള്ള വിപിഎൻ (VPN), പ്രോക്സി നെറ്റ്വർക്കുകൾ എന്നിവ ഉപയോഗിച്ചാണ് ചോദ്യപ്പേപ്പർ വിൽപന നടത്തിയിരുന്നത്. ഇയാളുടെ ചാനലിൽ 52 പേർ അംഗങ്ങളായുണ്ടായിരുന്നുവെന്നും ക്യുആർ കോഡ് വഴിയാണ് പണം സ്വീകരിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി.
ജയ്പുരിൽ മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ആകാശ് ചൗധരി, നീറ്റ് പരീക്ഷയുടെ പരിശീലന പുസ്തകങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ സ്കാൻ ചെയ്ത് യഥാർഥ ചോദ്യപ്പേപ്പറാണെന്ന വ്യാജേനയാണ് വിൽപന നടത്തിയത്. രണ്ടുദിവസം മുൻപാണ് ഇയാൾ ജയ്പുരിൽനിന്ന് വീട്ടിലെത്തിയത്. ഐടി ആക്ട്, പബ്ലിക് എക്സാമിനേഷൻ ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
സ്പെഷ്യൽ ബ്രാഞ്ചിനും ജില്ലാ സ്പെഷ്യൽ ടീമിനും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാളുടെ മൊബൈൽ ഫോൺ, പഠനസാമഗ്രികൾ, രേഖകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. ബാങ്ക് ഇടപാടുകൾ അടക്കമുള്ള ഡിജിറ്റൽ രേഖകൾ പരിശോധിച്ചുവരികയാണ്. എത്രപേരെ ഇയാൾ കബളിപ്പിച്ചു, തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. ചൂരൂ ജില്ലയിലെ റാവത്സർ സ്വദേശികളായ കുടുംബം 25 വർഷമായി ഭിൽവാരയിലാണ് താമസം.
