
മലപ്പുറം: പുന്നപ്പുഴയുടെ ആഴങ്ങളിൽ മുങ്ങിത്താഴ്ന്ന എട്ടു വയസ്സുകാരനെയും അവനെ രക്ഷിക്കാൻ ശ്രമിച്ച് അപകടത്തിൽപ്പെട്ട വല്യുപ്പയെയും അതിസാഹസികമായി രക്ഷപ്പെടുത്തി പതിനൊന്നുകാരൻ. വഴിക്കടവ് സ്വദേശിയായ അമൽ ഷാൻ എന്ന കൊച്ചുമിടുക്കനാണ് തന്റെ സുഹൃത്ത് ഷെബിൻ ഷാനെയും വല്യുപ്പ അബൂബക്കറിനെയും ജീവിതത്തിലേക്ക് തിരികെ പിടിച്ചുയർത്തിയത്.
ബന്ധുക്കളോടൊപ്പം പുന്നപ്പുഴയിലെ അത്തിക്കുണ്ട് കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. നീന്തിക്കുളിക്കുന്നതിനിടെ ഷെബിൻ അപ്രതീക്ഷിതമായി കയത്തിൽ അകപ്പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അബൂബക്കറും ചുഴിയിൽപ്പെട്ടത്. സാഹചര്യം കണ്ടു ഭയപ്പെടാതെ പുഴയിലേക്ക് ചാടിയ അമൽ ഷാൻ, ഷെബിനെ അതിസാഹസികമായി കരയ്ക്കെത്തിച്ചു. പിന്നാലെ വല്യുപ്പയെയും രക്ഷപ്പെടുത്തി.
കരയിലെത്തിച്ച ശേഷം അബോധാവസ്ഥയിലായ ഷെബിന്‍ കൃത്യമായി സി.പി.ആർ (CPR) നൽകാനും അമൽ മറന്നില്ല. അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്ന് പഠിച്ച പ്രഥമശുശ്രൂഷാ രീതികളാണ് ഈ നിർണ്ണായക ഘട്ടത്തിൽ തനിക്ക് തുണയായതെന്ന് അമൽ പറഞ്ഞു. അപകടസമയത്ത് പരിഭ്രമിക്കാതെ അമൽ കാട്ടിയ ധീരതയെയും വിവേകത്തെയും അഭിനന്ദനങ്ങളാൽ മൂടുകയാണ് നാട്. രണ്ടാൾ താഴ്ചയുള്ള കയത്തിൽ നിന്നാണ് ഈ അഞ്ചാം ക്ലാസുകാരൻ രണ്ട് ജീവനുകൾ രക്ഷിച്ചെടുത്തത്.
