
ന്യൂഡൽഹി: രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഒരു കുടുംബത്തിൽ ജനിച്ചിട്ടും, എന്നും ആ തിരക്കുകളിൽ നിന്നും മാറിനിൽക്കാൻ ആഗ്രഹിച്ച വ്യക്തിയായിരുന്നു മുലായം സിംഗ് യാദവിന്റെ മകൻ പ്രതീക് യാദവ്. എന്നാൽ പലപ്പോഴും തന്റേതല്ലാത്ത കാരണങ്ങളാൽ അദ്ദേഹം പൊതുശ്രദ്ധയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. സമാജ്വാദി പാർട്ടി (എസ്പി) സ്ഥാപകൻ മുലായം സിംഗ് യാദവിന് പാർട്ടി പ്രവർത്തകയായിരുന്ന സാധന ഗുപ്തയുമായുണ്ടായിരുന്ന രഹസ്യ ബന്ധത്തിൽ 1988-ലാണ് പ്രതീക് ജനിച്ചത്. സാധനയുടെ ആദ്യ ഭർത്താവ് ചന്ദ്രപ്രകാശ് ഗുപ്തയുടെ മകനായാണ് പ്രതീക് അറിയപ്പെട്ടിരുന്നത്. പ്രതീക്കിന്റെ സ്കൂൾ രേഖകളിൽ പിതാവിന്റെ പേര് രേഖപ്പെടുത്തിയിരുന്നില്ല.
മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ മാതാവും മുലായത്തിന്റെ ആദ്യ ഭാര്യയുമായ മാൾട്ടി ദേവി 2003-ൽ അന്തരിച്ചതോടെ പ്രതീക്കിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായി. സാധനയുമായുള്ള ബന്ധവും പ്രതീക് തന്റെ മകനാണെന്ന കാര്യവും മുലായം പരസ്യമായി സമ്മതിച്ചു. പത്തുവർഷത്തിലേറെ രഹസ്യമായിരുന്ന ഈ ബന്ധത്തെക്കുറിച്ചും ഉത്തർപ്രദേശിലെ ഏറ്റവും സ്വാധീനമുള്ള കുടുംബങ്ങളിലൊന്നിലെ പിന്തുടർച്ചാവകാശത്തെക്കുറിച്ചുമുള്ള ചർച്ചകൾ അതോടെ സജീവമായി. സമാജ്വാദി പാർട്ടിയിൽ അനൗദ്യോഗികമായി രണ്ട് ചേരികൾ രൂപപ്പെട്ടു.
കുടുംബത്തിന്റെ ആദ്യ തലമുറയുമായി അടുത്ത ബന്ധം പുലർത്തുന്ന അഖിലേഷ് യാദവിനെ അനുകൂലിക്കുന്നവരും, മുലായം സിംഗിന് മേൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന സാധന ഗുപ്തയെ പിന്തുണയ്ക്കുന്നവരും എന്നിങ്ങനെ പാർട്ടിയിൽ രണ്ട് ചേരികൾ രൂപപ്പെട്ടു. പാർട്ടി അധ്യക്ഷന്റെ സഹോദരൻ ശിവ്പാൽ യാദവും അഖിലേഷ് യാദവും തമ്മിലുള്ള വലിയ അധികാര വടംവലിയിൽ ഇതോടെ പ്രതീക് യാദവും ഒരു ഭാഗമായി മാറി. എന്നാൽ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലാതിരുന്ന പ്രതീക്, തന്റെ ഫിറ്റ്നസ് കമ്പനിയിലും റിയൽ എസ്റ്റേറ്റ് ബിസിനസ്സിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
2012 നവംബറിൽ പ്രതീക്കിനെ രാഷ്ട്രീയത്തിലിറക്കാൻ വീണ്ടും സമ്മർദ്ദമുണ്ടായി. 2014-ലെ പൊതുതിരഞ്ഞെടുപ്പിൽ അസംഗഡ് മണ്ഡലത്തിൽ നിന്നും പ്രതീക് യാദവിനെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം സമാജ്വാദി പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മാതാവ് സാധനയും ശിവ്പാൽ യാദവും ഇതിനായി മുലായത്തിന് മേൽ സമ്മർദ്ദം ചെലുത്തിയെങ്കിലും ആ നീക്കം വിജയിച്ചില്ല. 2016-ൽ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട സിബിഐ രേഖകൾ സുപ്രീം കോടതിയിലെത്തിയതോടെ, പ്രതീക് യാദവിന്റെ പിതൃത്വത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾക്ക് കൂടുതൽ സ്ഥിരീകരണമായി.
ഇത് രാഷ്ട്രീയ പിന്തുടർച്ചാവകാശത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തിയെങ്കിലും, രാഷ്ട്രീയത്തോടുള്ള പ്രതീക് യാദവിന്റെ വിമുഖതയിൽ മാറ്റമുണ്ടായില്ല. എട്ടു വർഷത്തെ പ്രണയത്തിനൊടുവിൽ 2011-ലായിരുന്നു പ്രതീക് യാദവും അപർണ ബിഷ്ടും തമ്മിലുള്ള വിവാഹം. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് താൻ പ്രതീക്കുമായി പ്രണയത്തിലായതെന്ന് ഒരു ബ്രിട്ടീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ അപർണ വെളിപ്പെടുത്തിയിരുന്നു. 2022 ഒക്ടോബറിൽ 82-ാം വയസ്സിൽ മുലായം സിംഗ് യാദവ് അന്തരിച്ചപ്പോൾ, അഖിലേഷ് യാദവ് പാർട്ടിയുടെ അമരക്കാരനായി ചുമതലയേറ്റതോടെ നേതൃമാറ്റം സുഗമമായി നടന്നു.
മുലായം സിംഗ് യാദവിന്റെ കുടുംബത്തിലെ രാഷ്ട്രീയ അസ്വാരസ്യങ്ങൾ വീണ്ടും ചർച്ചയായത് 2011-ൽ പ്രതീക് യാദവിനെ വിവാഹം കഴിച്ച അപർണ ബിഷ്ട്, 2022-ൽ സമാജ്വാദി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതോടെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സ്ത്രീപക്ഷ നയങ്ങളിൽ ആകൃഷ്ടയായാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് അപർണ വ്യക്തമാക്കിയിരുന്നു. തുടർന്ന് 2024 സെപ്റ്റംബറിൽ ബിജെപി സർക്കാർ അവരെ ഉത്തർപ്രദേശ് സംസ്ഥാന വനിതാ കമ്മീഷൻ വൈസ് ചെയർപേഴ്സണായി നിയമിച്ചു.
എസ്പിയിലെ രാഷ്ട്രീയ ഭിന്നതകൾ വർധിപ്പിക്കുന്നതിൽ പ്രതീക്കിന്റെ മാതാവ് സാധനയ്ക്കും ഭാര്യ അപർണയ്ക്കും പങ്കുണ്ടെന്ന ആരോപണങ്ങൾ ശക്തമായിരുന്നു. ശിവ്പാൽ യാദവിനെതിരെ മുലായം സിംഗിനെ സ്വാധീനിക്കുന്നത് സാധനയാണെന്ന തരത്തിലുള്ള വിമർശനങ്ങൾ പാർട്ടിനുള്ളിൽ ഉയർന്നിരുന്നു. ഇതിനിടെ, ഈ വർഷം ജനുവരി 19-ന് പ്രതീക് യാദവ് ഇൻസ്റ്റഗ്രാമിലൂടെ അപർണയ്ക്കെതിരെ രംഗത്തെത്തിയത് വലിയ വാർത്തയായി.
അപർണ തന്റെ കുടുംബബന്ധങ്ങൾ തകർത്തുവെന്നും മാനസികാരോഗ്യം നശിപ്പിച്ചുവെന്നും പ്രതീക് ആരോപിച്ചു. "സ്വാർത്ഥയായ ഈ സ്ത്രീയെ ഞാൻ എത്രയും വേഗം വിവാഹമോചനം ചെയ്യും. അവർ എന്റെ കുടുംബബന്ധങ്ങൾ തകർത്തു. പ്രശസ്തിയും സ്വാധീനവും മാത്രമാണ് അവരുടെ ലക്ഷ്യം," പ്രതീക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എന്നാൽ, ദിവസങ്ങൾക്കുശേഷം ജനുവരി 28-ന് ഭാര്യയുമായി ഒത്തുതീർപ്പിലെത്തിയതായി അദ്ദേഹം അറിയിച്ചു.
ലക്നൗവിൽ ബുധനാഴ്ച 38-ാം വയസ്സിൽ പ്രതീക് യാദവ് അന്തരിച്ചപ്പോൾ, ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയ ആദ്യ പ്രമുഖരിലൊരാൾ അഖിലേഷ് യാദവായിരുന്നു. ഇരുവരും രണ്ട് വ്യത്യസ്ത ലോകങ്ങളിൽ കഴിഞ്ഞിരുന്നവരാണെങ്കിലും പ്രതീക്കിന്റെ വിയോഗവാർത്ത അറിഞ്ഞയുടൻ അഖിലേഷ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിപ്പ് പങ്കുവെച്ചു. "പ്രതീക് യാദവിന്റെ വിയോഗം അങ്ങേയറ്റം ഹൃദയഭേദകമാണ്! പരേതന്റെ ആത്മാവിന് ദൈവം ശാന്തി നൽകട്ടെ. വിനീതമായ ആദരാഞ്ജലികൾ!" - സമാജ്വാദി പാർട്ടി അധ്യക്ഷൻ കുറിച്ചു.
