
സ്മാര്‍ട്ട് ഗ്ലാസുകള്‍ വ്യക്തിസ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്നു എന്ന പരാതികള്‍ വ്യാപകമാകുമ്പോഴും, വിപണിയില്‍ റെക്കോര്‍ഡ് നേട്ടവുമായി മുന്നേറുകയാണ് മെറ്റായുടെ പുത്തന്‍ ഗ്ലാസുകള്‍. സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള മെറ്റാ കമ്പനി പുറത്തിറക്കിയ റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് സ്വന്തമാക്കിയത്. സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടമായി ഇതിനെ വിശേഷിപ്പിക്കുമ്പോഴും, പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെയും മറ്റും സ്വകാര്യത ഹനിക്കാന്‍ ഇവ ഉപയോഗിക്കപ്പെടുന്നു എന്ന ഗൗരവകരമായ ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.
സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള ഒളിഞ്ഞുനോട്ടത്തിനും അനുവാദമില്ലാതെയുള്ള ചിത്രീകരണത്തിനും ഈ ഗ്ലാസുകള്‍ മറയാകുന്നു എന്നതാണ് പ്രധാന പ്രശ്നം. കടല്‍തീരത്തോ ഷോപ്പിംഗ് മാളുകളിലോ നില്ക്കുന്ന സ്ത്രീകളെ സമീപിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും അവരുടെ പ്രതികരണങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. ഇത്തരം വീഡിയോകള്‍ ഓണ്‍ലൈനില്‍ വൈറലാവുകയും വലിയ തോതിലുള്ള അധിക്ഷേപങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുണ്ടെങ്കിലും, നിയമപരമായ പരിമിതികള്‍ മൂലം ഇരകള്‍ക്ക് പലപ്പോഴും നീതി ലഭിക്കുന്നില്ല. നിലവില്‍ സ്മാര്‍ട്ട് ഗ്ലാസ് വിപണിയുടെ 80 ശതമാനവും മെറ്റായുടെ കൈകളിലാണ്. പ്രശസ്ത ബ്രാന്‍ഡായ റേ-ബാനുമായി ചേര്‍ന്നാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത് എന്നത് കൊണ്ടുതന്നെ കാഴ്ചയില്‍ സാധാരണ കണ്ണടകളില്‍ നിന്നും ഇവയെ തിരിച്ചറിയാന്‍ പ്രയാസമാണ്. ഫ്രെയിമിനുള്ളില്‍ ഒളിപ്പിച്ചുവെച്ച ക്യാമറയും സ്പീക്കറുകളും ലന്‍സിലെ ഡിസ്പ്ലേ സംവിധാനവും ഇതിനെ ഒരു ചെറിയ കമ്പ്യൂട്ടറാക്കി മാറ്റുന്നു. വെറുമൊരു സ്പര്‍ശനത്തിലൂടെ ആരും അറിയാതെ വീഡിയോ പകര്‍ത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഗ്ലാസുകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലനത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്തയും വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. ഈ വീഡിയോകള്‍ പരിശോധിക്കുന്ന ജീവനക്കാര്‍ക്ക് ഉപയോക്താക്കളുടെ സ്വകാര്യ മുറിയിലെ ദൃശ്യങ്ങള്‍ പോലും കാണേണ്ടി വരുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ കമ്പനി ജീവനക്കാര്‍ കാണുന്നുണ്ടെന്ന കാര്യം പല ഉപയോക്താക്കളും അറിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് മെറ്റായ്ക്കെതിരെ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്. വിവാദങ്ങള്‍ ഒരുവശത്ത് പുകയുമ്പോഴും മെറ്റായുടെ വില്‍പ്പന കുതിച്ചുയരുകയാണ്. ഇതുവരെ ഏഴ് ദശലക്ഷത്തിലധികം ഗ്ലാസുകള്‍ വിറ്റഴിച്ചതായാണ് കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കുന്നത്.
ഉപഭോക്തൃ ഇലക്ട്രോണിക്സ് രംഗത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഉല്‍പ്പന്നങ്ങളിലൊന്നായി അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നു. സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാന്‍ സംവിധാനങ്ങളുണ്ടെന്നും എന്നാല്‍ അത് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടത് വ്യക്തികളാണെന്നുമാണ് മെറ്റായുടെ ഔദ്യോഗിക വിശദീകരണം. മെറ്റായുടെ വിജയം കണ്ടതോടെ ആപ്പിള്‍, ഗൂഗിള്‍, സ്നാപ്ചാറ്റ് തുടങ്ങിയ പ്രമുഖ കമ്പനികളും സ്വന്തം സ്മാര്‍ട്ട് ഗ്ലാസുകളുമായി വിപണിയിലെത്താന്‍ ഒരുങ്ങുകയാണ്. പത്ത് വര്‍ഷം മുന്‍പ് ഗൂഗിള്‍ ഗ്ലാസ് എന്ന പേരില്‍ ഗൂഗിള്‍ സമാനമായ പരീക്ഷണം നടത്തിയിരുന്നെങ്കിലും സ്വകാര്യതാ പ്രശ്നങ്ങള്‍ കാരണം അത് പരാജയപ്പെട്ടിരുന്നു.
എന്നാല്‍ ഇത്തവണ എഐ ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് പുതിയ ഗ്ലാസുകള്‍ എത്തുന്നത്. അതേ സമയം സാധാരണ ഉപയോക്താക്കള്‍ക്ക് ഈ ഗ്ലാസുകള്‍ വലിയ സൗകര്യമാണ് നല്‍കുന്നത്. പാചകം ചെയ്യുമ്പോഴോ യാത്ര ചെയ്യുമ്പോഴോ ഫോണ്‍ കയ്യിലെടുക്കാതെ തന്നെ പാട്ടുകള്‍ കേള്‍ക്കാനും ഫോണ്‍ കോളുകള്‍ വിളിക്കാനും ഫോട്ടോകള്‍ പകര്‍ത്താനും ഇത് സഹായിക്കുന്നു. എന്നാല്‍ ഇതേ സൗകര്യങ്ങള്‍ തന്നെ മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നു എന്നതാണ് ആശങ്ക. റെക്കോര്‍ഡ് ചെയ്യുമ്പോള്‍ തെളിയുന്ന ചെറിയ വെളിച്ചം പകല്‍സമയത്ത് ആരുടെയും ശ്രദ്ധയില്‍പ്പെടാറില്ല എന്നത് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
വരും വര്‍ഷങ്ങളില്‍ കോടിക്കണക്കിന് ആളുകള്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉപയോഗിക്കുമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. ഇതോടെ കോടതികള്‍, മ്യൂസിയങ്ങള്‍, സിനിമ തീയേറ്ററുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിലവിലുള്ള ക്യാമറ നിയന്ത്രണങ്ങള്‍ അപ്രസക്തമായേക്കാം. എല്ലാവരുടെയും കണ്ണടകള്‍ ക്യാമറകളായി മാറുന്ന ഒരു കാലത്ത്, പുറത്തിറങ്ങുമ്പോള്‍ താന്‍ നിരീക്ഷിക്കപ്പെടുകയാണോ എന്ന ഭയം ഓരോ വ്യക്തിയിലും ഉണ്ടാകുമെന്ന് നിയമവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
