
കോഴിക്കോട്: ജില്ലയിലെ പെരുവണ്ണാമൂഴി വനമേഖലയില്‍ സര്‍വേ നടപടികള്‍ക്കായി പോയ ഏഴംഗ സംഘം വനത്തിനുള്ളില്‍ കുടുങ്ങി. വടകരയില്‍ നിന്നുള്ള നാല് റവന്യൂ ഉദ്യോഗസ്ഥരും മൂന്ന് വനംവകുപ്പ് ജീവനക്കാരുമാണ് സംഘത്തിലുള്ളത്. ബുധനാഴ്ച വൈകുന്നേരം മുതല്‍ ഇവരെക്കുറിച്ച് വിവരമില്ലാതായതോടെ വനംവകുപ്പ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ ആരംഭിച്ചു.
വടകരയിലെ റവന്യൂ ഉദ്യോഗസ്ഥരായ അരുണ്‍, ഭരത്, പ്രശാന്ത്, അഖില്‍ എന്നിവരും പെരുവണ്ണാമൂഴി റേഞ്ചിലെ ഫോറസ്റ്റ് വാച്ചര്‍മാരായ രവി, ബാലന്‍, ഷാരോണ്‍ എന്നിവരെയുമാണ് കാണാതായത്. ബുധനാഴ്ച പകല്‍ സര്‍വേ ജോലികള്‍ പൂര്‍ത്തിയാക്കി മടങ്ങേണ്ടതായിരുന്നു ഇവര്‍.
രാത്രിയില്‍ സംഘത്തിന് താമസിക്കുന്നതിനായി വനത്തിനുള്ളില്‍ ഒരു താല്‍ക്കാലിക ഷെഡ് ഒരുക്കിയിരുന്നു. എന്നാല്‍ നിശ്ചയിച്ച സമയമായിട്ടും സംഘം ഷെഡില്‍ എത്താതിരുന്നതോടെയാണ് ഒപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ വിവരമൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
പെരുവണ്ണാമൂഴിയിലെ ദുര്‍ഘടമായ വനമേഖലയില്‍ വഴിതെറ്റിപ്പോയതാകാമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. നിലവില്‍ മൂന്ന് സംഘങ്ങളായി പിരിഞ്ഞാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നത്. മേഖലയില്‍ മൊബൈല്‍ കവറേജ് കുറവായതും തിരച്ചിലിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. വനമേഖലയെക്കുറിച്ച് കൃത്യമായ ധാരണയുള്ള വാച്ചര്‍മാരും സംഘത്തോടൊപ്പമുള്ളത് പ്രതീക്ഷ നല്‍കുന്നു.
പെരുവണ്ണാമൂഴി ഡാം പരിസരത്തും ഉള്‍വനങ്ങളിലും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ സംഘത്തെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പും ജില്ലാ ഭരണകൂടവും.
