
തൃശൂർ: പുതുക്കാട് മണലി മടവാക്കര റോഡിൽ നടന്നുപോവുകയായിരുന്ന പെൺകുട്ടിക്ക് നേരെ യുവാവിന്റെ അതിക്രമം. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാല് മണിയോടെയായിരുന്നു സംഭവം. ദേശീയപാതയ്ക്ക് സമീപം റോഡിലൂടെ നടക്കുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞുനിർത്തി വായ പൊത്തിപ്പിടിച്ച് പൊന്തക്കാട്ടിലേക്ക് വലിച്ചിഴയ്ക്കാൻ പ്രതി ശ്രമിച്ചു. എന്നാൽ, സമയോചിതമായി പ്രതിയുടെ കൈ കടിച്ചുമാറ്റിയ പെൺകുട്ടി നിലവിളിച്ചുകൊണ്ട് തൊട്ടടുത്തുള്ള ചായക്കടയിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
ചായക്കടയിലെ ജീവനക്കാർ വിവരമറിയിച്ചതോടെ നാട്ടുകാർ ഓടിക്കൂടി. പിടിയിലാകുമെന്ന് ഉറപ്പായതോടെ രക്ഷപ്പെടാനായി പ്രതി മണലി പുഴയിലേക്ക് ചാടി. എന്നാൽ നാട്ടുകാരനായ കുമാർ പുഴയിലേക്ക് എടുത്തുചാടി സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് ആ വഴി വന്ന മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്കും പിന്നാലെയെത്തിയ പുതുക്കാട് പൊലീസിനും ഇയാളെ കൈമാറി.
പ്രതി കർണാടക സ്വദേശിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതായും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പുതുക്കാട് പൊലീസ് അറിയിച്ചു.
