
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ സുവേന്ദു അധികാരി, താന്‍ മത്സരിച്ചു വിജയിച്ച രണ്ട് മണ്ഡലങ്ങളില്‍ ഭബാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിയാന്‍ തീരുമാനിച്ചു. ബുധനാഴ്ച നിയമസഭയില്‍ ഭബാനിപൂര്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് നന്ദിഗ്രാം മണ്ഡലം ഒഴിയുകയാണെന്ന സുപ്രധാന പ്രഖ്യാപനം അദ്ദേഹം നടത്തിയത്. രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ഒരേസമയം എംഎല്‍എ ആയി തുടരാനാകില്ലെന്ന നിയമപരമായ സാഹചര്യം കണക്കിലെടുത്താണ് ഈ നീക്കം. മമത ബാനര്‍ജിയുടെ ശക്തികേന്ദ്രമായിരുന്ന രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചാണ് സുവേന്ദു അധികാരി തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
294 അംഗ നിയമസഭയില്‍ 207 സീറ്റുകള്‍ നേടി ബിജെപി ഉജ്ജ്വല വിജയം കൈവരിച്ചതിന് പിന്നാലെ മെയ് ഒമ്പതിനാണ് സുവേന്ദു അധികാരി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മമത ബാനര്‍ജിയുടെയും ഉരുക്കുകോട്ടകളായിരുന്ന ഭബാനിപൂരിലും നന്ദിഗ്രാമിലും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുവേന്ദു അധികാരി രണ്ടിടത്തും വിജയിച്ചിരുന്നു. ഇതില്‍ തന്റെ രാഷ്ട്രീയ ജീവിതത്തെ മാറ്റിമറിച്ച നന്ദിഗ്രാം ഉപേക്ഷിക്കാനുള്ള തീരുമാനം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
2020-ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരി, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ സാക്ഷാല്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ബംഗാളിലെ ബിജെപിയുടെ ഏറ്റവും കരുത്തുറ്റ മുഖമായി മാറിയത്. അന്ന് മമതയെ വീഴ്ത്തിയ പോരാട്ടം സുവേന്ദുവിന്റെ രാഷ്ട്രീയ പ്രതിച്ഛായ ദേശീയ തലത്തില്‍ തന്നെ ഉയര്‍ത്തിയിരുന്നു. നന്ദിഗ്രാം തന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച മണ്ഡലമാണെന്നും അവിടുത്തെ ജനങ്ങളുമായുള്ള ബന്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എംഎല്‍എ സ്ഥാനത്തുനിന്ന് ഒഴിയുമെങ്കിലും നന്ദിഗ്രാമിലെ വികസന പ്രവര്‍ത്തനങ്ങളിലും ജനങ്ങളുടെ പ്രശ്നങ്ങളിലും തന്റെ പൂര്‍ണ്ണ ശ്രദ്ധയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. നന്ദിഗ്രാമിലെ ജനങ്ങള്‍ക്ക് നല്കിയ എല്ലാ വാഗ്ദാനങ്ങളും ഘട്ടം ഘട്ടമായി നടപ്പാക്കും. അവിടെ ഉടന്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നും പുതിയൊരു പ്രതിനിധി വരുമെന്നും അദ്ദേഹം അറിയിച്ചു. തന്റെ രാഷ്ട്രീയ ഭൂതകാലം സ്മരിച്ച സുവേന്ദു, താന്‍ എംഎല്‍എ അല്ലാതിരുന്ന കാലത്തും നന്ദിഗ്രാമിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ആ ആത്മബന്ധം എന്നും നിലനില്‍ക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ഭവാനിപൂരില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച സുവേന്ദു, തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് ആ മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചത്. സുവേന്ദു അധികാരി സീറ്റ് ഒഴിയുന്നതോടെ നന്ദിഗ്രാമില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ബംഗാള്‍ രാഷ്ട്രീയത്തിലെ അടുത്ത നിര്‍ണ്ണായക പോരാട്ടമായി മാറുമെന്ന് ഉറപ്പാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ബംഗാളിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് സുവേന്ദുവിനെ എത്തിച്ചതില്‍ നന്ദിഗ്രാം നല്കിയ ഊര്‍ജ്ജം ചെറുതല്ല.
തന്റെ രാഷ്ട്രീയ ഭൂതകാലം ഓര്‍ത്തെടുത്ത സുവേന്ദു അധികാരി, നന്ദിഗ്രാമിലെ മുന്‍ എംഎല്‍എ ഫിറോസ ബീബിയുടെ കാലത്തെക്കുറിച്ചും സംസാരിച്ചു. അന്ന് താന്‍ ഔദ്യോഗികമായി എംഎല്‍എ അല്ലാതിരുന്നിട്ടും ആ പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അദ്ദേഹത്തിന്റെ പഴയ രാഷ്ട്രീയ ബന്ധങ്ങളെയും പ്രാദേശിക അടുപ്പത്തെയും സൂചിപ്പിക്കുന്ന ഈ പ്രസ്താവനയ്ക്ക് രാഷ്ട്രീയ നിരീക്ഷകര്‍ പല അര്‍ത്ഥങ്ങളും നല്‍കുന്നുണ്ട്.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സുവേന്ദു അധികാരി ഭവാനിപ്പുരിലും നന്ദിഗ്രാമിലും വിജയിച്ചിരുന്നു. ഭവാനിപ്പുരില്‍ മികച്ച ഭൂരിപക്ഷം നേടിയപ്പോള്‍, നന്ദിഗ്രാമില്‍ കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു ജയം. ഇപ്പോള്‍ ഭവാനിപ്പുര്‍ നിലനിര്‍ത്തി നന്ദിഗ്രാം ഉപേക്ഷിക്കാനുള്ള തീരുമാനം തികച്ചും തന്ത്രപരമായ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
