

കോര്‍പ്പറേറ്റ് ജിഹാദ്! ലൗ ജിഹാദും, ലാന്‍ഡ് ജിഹാദും, ഫെര്‍ട്ടിലൈസര്‍ ജിഹാദും, ഫ്ളഡ് ജിഹാദും അടക്കമുള്ള നൂറായിരം, ഉള്ളതും ഇല്ലാത്തതുമായ ജിഹാദുകളുടെ വാര്‍ത്തകള്‍ കേട്ട്, പകച്ചുപോയ ഇന്ത്യാക്കാരുടെ മനസ്സിലേക്ക് ഒരു പുതിയ ജിഹാദ് കൂടി കടന്നുവന്ന ദിവസങ്ങളാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന ദാതാവായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) നാസിക് ഓഫീസില്‍ നടന്ന ആസൂത്രിത മതപരിവര്‍ത്തന ശ്രമങ്ങള്‍ 'കോര്‍പ്പറേറ്റ് ജിഹാദ്' എന്ന ഗൗരവകരമായ ചര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്ന് ഇന്ത്യാ ടുഡെ എഴുതുന്നു.
നാസിക്കിലെ ടിസിഎസ് ബിപിഒ കേന്ദ്രത്തിലെ ഒമ്പത് ജീവനക്കാര്‍ നല്കിയ പരാതിയാണ് ഈ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞ നാല് വര്‍ഷമായി ഓഫീസിനുള്ളില്‍ സഹപ്രവര്‍ത്തകരെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. ഹൈന്ദവ വിശ്വാസികളായ സഹപ്രവര്‍ത്തകരെ ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുക, ഓഫീസില്‍ നമസ്കാരം നിര്‍വ്വഹിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുക, വിവാഹവാഗ്ദാനം നല്കി ലൈംഗികമായി ചൂഷണം ചെയ്യുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് നാസിക് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കുകയും ഏഴോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെയും നവീനമായ തൊഴില്‍ സംസക്കാരത്തിന്റെയും ആഗോള അടയാളങ്ങളാണ് നമ്മുടെ ഐടി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍. ജാതിക്കും മതത്തിനും അതീതമായി പ്രൊഫഷണലിസത്തിന് മാത്രം മുന്‍ഗണന നല്കുന്ന ഈ ഇടനാഴികളില്‍ നിന്ന് അടുത്തിടെ പുറത്തുവന്ന വാര്‍ത്തകള്‍ രാജ്യത്തെ ഞെട്ടിക്കുന്നതാണ്. കേവലം ഒറ്റപ്പെട്ട സംഭവമെന്നതിലുപരി, കോര്‍പ്പറേറ്റ് സുരക്ഷയെയും തൊഴില്‍ സംസ്ക്കാരത്തെയും ബാധിക്കുന്ന ഒരു വലിയ ശൃംഖല ഇതിന് പിന്നിലുണ്ടോ എന്ന ചോദ്യം ഇതോടെ പ്രസക്തമായിരിക്കുകയാണ്. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ മതപരിവര്‍ത്തനത്തിന്റെ വലക്കണ്ണികള്‍ നീണുള്ളത് വിദേശ രാജ്യങ്ങളിലേക്കാണെന്ന് വ്യക്തമാവുകയാണ്. വൈറ്റ് കോളര്‍ ടെററിസത്തിനുശേഷം രാജ്യം നേരിടുന്ന വലിയൊരു വെല്ലുവിളിയാണോ, ഈ കോര്‍പ്പറേറ്റ് ജിഹാദ് എന്നും സംശയം ഉയരുകയാണ്.
'ഭാര്യയെ എന്റെ അടുത്തേക്ക് അയക്കൂ'
രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തമായ, വിദ്യാസമ്പന്നരുടെ ഒരു കമ്പനി. അവിടെ പൊതുവെ മതം ഒരു വിഷയം ആവില്ല എന്നാണ് എല്ലാവരും ധരിക്കുക. എന്നാല്‍ ടിസിഎസ് നാസിക്ക് യൂണിറ്റിലെ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. എന്നാല്‍ ഇവിടുത്തെ, മതപരിവര്‍ത്തന റാക്കറ്റ് സംബന്ധിച്ച ആരോപണങ്ങളില്‍ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് പുറത്തുവന്നത്. വനിതാ ജീവനക്കാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ പരാതികള്‍ക്ക് പിന്നാലെയാണ്, ഒരു പുരുഷ ജീവനക്കാരനും വെളിപ്പെടുത്തലുമായി രംഗത്തു വന്നത്. തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് തൊപ്പി ധരിപ്പിക്കുകയും നമസ്കരിപ്പിക്കുകയും ചെയ്തതായും ആരോപിച്ചാണ് ഇദ്ദേഹം രംഗത്തുവന്നത്. ഇതിനുപുറമെ, തന്റെ വ്യക്തിജീവിതത്തെ അപമാനിച്ചതായും കുട്ടികളില്ലാത്തതിനെ പരിഹസിച്ച് അത്യന്തം മോശമായ പരാമര്‍ശങ്ങള്‍ നടത്തിയതായും അദ്ദേഹം ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
'കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഭാര്യയെ തന്റെ അടുത്തേക്ക് അയക്കൂ' എന്ന് പറഞ്ഞതടക്കമുള്ള ഗുരുതര വെളിപ്പെടുത്തലാണ് പുറത്ത് വന്നിട്ടുള്ളത്. 2022-ല്‍ ജോലിയില്‍ പ്രവേശിച്ച നാള് മുതല്‍ തൗസിഫ് അത്താര്‍, ഡാനിഷ് ഷെയ്ഖ് എന്നിവര്‍ തന്നെ ലക്ഷ്യം വെച്ചിരുന്നതായി ഇദ്ദേഹം പറയുന്നു. ഹിന്ദു മതവിശ്വാസിയായ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് കലിമ ചൊല്ലിക്കുകയും രുദ്രാക്ഷ മാല അഴിപ്പിക്കുകയും ചെയ്തു. രാത്രി ഷിഫ്റ്റുകള്‍ക്ക് ശേഷം ഹോട്ടലുകളില്‍ കൊണ്ടുപോയി സസ്യാഹാരിയായ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് മാംസാഹാരം കഴിപ്പിച്ചു.
2023-ലെ ഈദ് ദിനത്തില്‍ നിര്‍ബന്ധപൂര്‍വ്വം നമസ്കരിപ്പിക്കുകയും ആ ചിത്രങ്ങള്‍ ഓഫീസിലെ ഔദ്യോഗിക ഗ്രൂപ്പുകളില്‍ പങ്കുവെച്ച് തന്നെ അപമാനിക്കുകയും ചെയ്തു. പിതാവിന് പക്ഷാഘാതം വന്നപ്പോള്‍ ഇസ്ലാം മതം സ്വീകരിച്ചാല്‍ അദ്ദേഹം സുഖപ്പെടുമെന്ന് പ്രതികള്‍ പറഞ്ഞതായും പരാതിക്കാരന് ആരോപിച്ചു. മറ്റൊരു 23കാരിയായ വനിതാ ജീവനക്കാരി നല്കിയ ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. താന്‍ വഴങ്ങാതെ വന്നപ്പോള്‍ തനിക്കെതിരെ വ്യാജ പരാതികള്‍ നല്കി ജോലിയില്‍ നിന്ന് പുറത്താക്കാന്‍ പ്രതികള്‍ ശ്രമിച്ചതായും ഇരയായ ജീവനക്കാരന് പറഞ്ഞു. 2026 മാര്‍ച്ച് വരെ ഈ പീഡനം തുടര്‍ന്നതായാണ് മൊഴിയുള്ളത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്താര്‍, എച്ച്ആര്‍ മാനേജരായ വനിത നിദാ ഖാന് എന്നിവരടക്കം ഒന്‍പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എച്ച്ആര്‍ മാനേജരായ മുപ്പതുവയസ്് പ്രായമുള്ള നിദാഖാനെ, ഒളിവില്‍ പോയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഏപ്രില്‍ 10നാണ് കസ്റ്റഡിയിലെടുത്തത്. നാസിക് സിറ്റി പോലീസ് നയിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ നിദ ഇപ്പോള്‍ ഒരു പ്രധാന കണ്ണിയാണ്. എച്ച്ആര്‍ മാനേജര്‍ എന്ന നിലയില്‍, ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കാനും ലൈംഗിക പീഡനം തടയുന്നതിനുള്ള നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അവര്‍ക്ക് ഉത്തരവാദിത്തമുണ്ടായിരുന്നു. അതിനാല്‍ തന്നെ അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവകരമാണെന്ന് 'ഫ്രീ പ്രസ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍, ദീര്‍ഘകാലമായി വനിതാ ജീവനക്കാര്‍ സമര്‍പ്പിച്ച ഒന്നിലധികം പരാതികളില്‍ നടപടിയെടുക്കുന്നതില്‍ ഖാന് പരാജയപ്പെട്ടുവെന്ന് സംശയിക്കുന്നു. മുംബൈ നാക്ക, ദേവ്ലാലി ക്യാമ്പ് പോലീസ് സ്റ്റേഷനുകളില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്ത നിരവധി പരാതിക്കാര്‍ പറയുന്നത് തങ്ങളുടെ ആശങ്കകള്‍ അവഗണിക്കപ്പെടുകയോ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്തു എന്നാണ്. മൗനം പാലിക്കാന്‍ തങ്ങള്‍ക്കുമേല്‍ സമ്മര്‍ദമുണ്ടായതായും ചിലര്‍ ആരോപിക്കുന്നു. പരാതികള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കാതിരുന്നതിലൂടെ ആരോപിക്കപ്പെടുന്ന ദുഷ്പ്രവൃത്തികള്‍ക്ക് നിദാ ഖാന് സജീവമായ പങ്കുവഹിച്ചിട്ടുണ്ടോ എന്ന് അധികൃതര്‍ പരിശോധിച്ചുവരികയാണ്. 2022 മുതലുള്ള റിപ്പോര്‍ട്ടുകള്‍ എന്തുകൊണ്ടാണ് പരിഗണിക്കപ്പെടാതിരുന്നത് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

പിന്നില്‍ സാക്കിര്‍ നായിക്ക്?
ഈ കേസിന്റെ അന്വേഷണവുമായി മുന്നോട്ട്പോവുമ്പോഴാണ്, പൊലീസിന് മറ്റുചില ഞെട്ടിക്കുന്ന വിവരങ്ങള്‍കൂടി കിട്ടുന്നത്. ഈ റാക്കറ്റിന് മലേഷ്യ കേന്ദ്രമായുള്ള ഒരു മതപ്രഭാഷകനുമായി ബന്ധമുണ്ടെന്നും, വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഇവര്‍ ആശയവിനിമയം നടത്തിയിരുന്നതായും പോലീസ് സംശയിക്കുന്നു. മലേഷ്യ കേന്ദ്രീകരിച്ച് 'ഇമ്രാന്' എന്നയാളാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളതെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ വാട്സ്ആപ്പ് സന്ദേശങ്ങളില്‍ നിന്നും ഡിജിറ്റല്‍ തെളിവുകളില്‍ നിന്നുമാണ് ഇമ്രാനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. മലേഷ്യയില്‍ ഇരുന്നുകൊണ്ട് ഇയാള്‍ ഉദ്യോഗസ്ഥരുമായി നിരന്തരം വീഡിയോ കോളുകളില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
വനിതാ ജീവനക്കാരെ സ്വാധീനിക്കാന്‍ ഒരു 'പ്രഭാഷകന്‍' എന്ന നിലയിലാണ് ഇമ്രാന് പ്രത്യക്ഷപ്പെട്ടിരുന്നത്. വിദേശ രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി, ആഡംബര ജീവിതം തുടങ്ങിയ മോഹനവാഗ്ദാനങ്ങള്‍ നല്കി ജീവനക്കാരെ വശീകരിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായി ചാറ്റുകള്‍ സൂചിപ്പിക്കുന്നു. ഇതേക്കുറിച്ച് ഇന്ത്യാ ടുഡെ ഇങ്ങനെ എഴുതുന്നു-''കേവലം വാക്കാലുള്ള ആരോപണങ്ങള്‍ക്കപ്പുറം, ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകള്‍ സൂചിപ്പിക്കുന്നു. പ്രതികളുടെ ഫോണുകളില്‍ നിന്നുള്ള വാട്സ്ആപ്പ് ചാറ്റുകള്‍, വിവാദ മതപ്രഭാഷകരുടെ വീഡിയോകള്‍ എന്നിവയുടെ കൈമാറ്റം ഒരു 'റാക്കറ്റ്' രീതിയിലുള്ള പ്രവര്‍ത്തനത്തെയാണ് കാണിക്കുന്നത്. സാമ്പത്തിക നേട്ടങ്ങളും വിവാഹ വാഗ്ദാനങ്ങളും നല്കി യുവതികളെ മതപരിവര്‍ത്തനത്തിന് ഇരയാക്കാന്‍ ശ്രമിച്ചത് ആസൂത്രിതമായ നീക്കമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു''.
മതം മാറിയാല്‍ ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചും, വിവാഹ വാഗ്ദാനങ്ങളെക്കുറിച്ചും പ്രതികള്‍ സംസാരിക്കുന്ന ചില ഓഡിയോ ക്ലിപ്പുകള്‍ പരാതിക്കാര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. പ്രതികള്‍ വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ വഴി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഓഫീസിലെ ഔദ്യോഗിക ലാപ്ടോപ്പുകള് ഉപയോഗിച്ച് മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നറിയാന്‍ ടിസിഎസ് ഐടി വിഭാഗത്തിന്റെ സഹായത്തോടെ പോലീസ് ഫോറന്‍സിക് പരിശോധന തുടരുകയാണ്.
അതിനിടയിലാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവരുന്നത്. സക്കീര്‍ നായിക്കിനെപ്പോലുള്ള വിവാദ മതപ്രഭാഷകരുടെ വീഡിയോകള്‍ പ്രതികള്‍ പരാതിക്കാരായ യുവതികള്‍ക്ക് നിരന്തരമായി അയച്ചുകൊടുത്തിരുന്നു. ഇത്തരം വീഡിയോകള്‍ കാണാന്‍ ഇവരെ നിര്‍ബന്ധിച്ചിരുന്നതായും ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. നിരന്തരമായ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തിയ വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്ക് ഇപ്പോള്‍ മലേഷ്യയിലാണ്. 'എവിടെ സാക്കിര്‍ നായിക്ക് ഉണ്ടോ അവിടെ തീവ്രവാദവുമുണ്ട്' എന്നത്് ഒരു പഴഞ്ചൊല്ലുപോലെ ആയ കാര്യമാണ്. കണ്ണില്‍ നോക്കി മതം മാറ്റാന്‍ കഴിയുന്നയാള്‍ എന്നാണ് സാക്കിര്‍ നായിക്ക് അറിയപ്പെടുന്നത്. മലേഷ്യ കേന്ദ്രീകരിച്ച് 'ഇമ്രാന്' എന്ന ഈ കേസില്‍ ആരോപിതനായ മതപ്രഭാഷകന് സാക്കിര്‍ നായിക്കിന്റെ ശിഷ്യനാണെന്നും പ്രചാരണമുണ്ട്. ഇതോടെയാണ് ഈ കേസ്, തീര്‍ത്തും ഒറ്റപ്പെട്ട സംഭവം എന്ന നിലയില്‍നിന്ന് ആസുത്രിതമായ കോര്‍പ്പറേറ്റ് ജിഹാദ് എന്ന തലത്തിലേക്ക് ഉയരുന്നത്.

ഞെട്ടി ടിസിഎസും
തങ്ങളുടെ കമ്പനിയില്‍ നടന്ന ഈ മതപരിവര്‍ത്തന റാക്കറ്റിന്റെ വിവരങ്ങളറിഞ്ഞ് ടിസിഎസും ഞെട്ടുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള രണ്ടാമത്തെ കമ്പനിയാണിത്. സത്യത്തിനും നീതിക്കുവേണ്ടി എന്നും നിലകൊണ്ട, രാഷ്ട്രീയക്കാര്‍ക്ക് ലോബീയിങ്ങിനായി പണം കൊടുക്കില്ല എന്ന് തീരുമാനിച്ച സാക്ഷാല്‍ ടാറ്റാ ഗ്രൂപ്പിന്റെതാണ് ഈ കമ്പനി. 1968-ല്‍ ജെ.ആര്.ഡി ടാറ്റയുടെ നിര്‍ദ്ദേശപ്രകാരം എഫ്.സി. കോഹ്ലിയാണ് ഇതിന് നേതൃത്വം നല്‍കിയത്. മുംബൈ ആണ് കമ്പനിയുടെ ആസ്ഥാനം. ലോകമെമ്പാടുമായി ഏകദേശം 6 ലക്ഷത്തിലധികം ജീവനക്കാര്‍ ടിസിഎസില്‍ ജോലി ചെയ്യുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് സ്വകാര്യ തൊഴില്‍ നല്കുന്ന സ്ഥാപനങ്ങളില്‍ ഒന്നാണിത്. 50-ലധികം രാജ്യങ്ങളില്‍ ടിസിഎസിന് ഓഫീസുകളുണ്ട്. ലോകത്തെ ഏറ്റവും വലിയ ഐടി ബ്രാന്‍ഡുകളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഈ കമ്പനി. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ്, റീട്ടെയില്‍, കമ്മ്യൂണിക്കേഷന്‍, മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളില്‍ സോഫ്റ്റ്വെയര് സേവനങ്ങളും കണ്‍സള്‍ട്ടിംഗും നല്കുന്നു.ടാറ്റ ഗ്രൂപ്പിന്റെ മൊത്തം വരുമാനത്തിന്റെ വലിയൊരു ഭാഗം നല്കുന്ന 'കാഷ് കൗ' ആയാണ് ടിസിഎസ് അറിയപ്പെടുന്നത്.
ഇത്തരത്തിലുള്ള ഒരു ലോകോത്തര സ്ഥാപനത്തില്‍, ഇതുപോലെ ഒരു നാണക്കേട് ഉണ്ടാവുമെന്ന് അവര്‍ സ്വപ്നത്തില്‍പോലും കരുതിയിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ, ടിസിഎസ് ഈ ആരോപണങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് അറിയിച്ചു. സംഭവത്തില്‍ കമ്പനി ആന്തരിക അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആരോപണങ്ങളെത്തുടര്‍ന്ന്, കമ്പനി തങ്ങളുടെ ആഭ്യന്തര സുരക്ഷയും പെരുമാറ്റച്ചട്ടങ്ങളും ശക്തമാക്കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ട് ജീവനക്കാരെ ടിസിഎസ് അടിയന്തരമായി സസ്പെന്‍ഡ് ചെയ്തു. പോലീസിന്റെ അന്തിമ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് ഇവരെ ജോലിയില്‍ നിന്ന് സ്ഥിരമായി പുറത്താക്കാനാണ് തീരുമാനം.
ഇത്തരം സംഭവങ്ങള്‍ രഹസ്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ജീവനക്കാര്‍ക്കായി പ്രത്യേക പോര്‍ട്ടല്‍ കൂടുതല്‍ കാര്യക്ഷമമാക്കി. ഭയമില്ലാതെ പരാതിപ്പെടാനുള്ള സാഹചര്യം ഉറപ്പാക്കുമെന്ന് കമ്പനി അറിയിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ചീഫ് എത്തിക്സ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു. കമ്പനിയുടെ 'ടാറ്റ കോഡ് ഓഫ് കണ്ടക്ട്' ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നും, മറ്റ് ഓഫീസുകളില്‍ ഇത്തരം പ്രവണതകള്‍ ഉണ്ടോ എന്നും ഈ സമിതി പരിശോധിക്കുന്നുണ്ട്. ഓഫീസിനുള്ളില്‍ വ്യക്തിപരമായ മതപരമായ താല്‍പ്പര്യങ്ങള്‍ സഹപ്രവര്‍ത്തകരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് തടയാന്‍ പ്രത്യേക 'സെന്‍സിറ്റൈസേഷന്‍ പ്രോഗ്രാമുകള്‍' ആരംഭിച്ചു. ജോലിസ്ഥലത്ത് പ്രൊഫഷണലിസം മാത്രം ഉറപ്പാക്കാന്‍ മാനേജര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി.മഹാരാഷ്ട്ര പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് ഡിജിറ്റല്‍ തെളിവുകളും സിസിടിവി ദൃശ്യങ്ങളും കൈമാറുന്നതില്‍ കമ്പനി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട്.ഈ സംഭവത്തെത്തുടര്‍ന്ന് ടിസിഎസ് ഉള്‍പ്പെടെയുള്ള മറ്റ് വലിയ ഐടി കമ്പനികള്‍ തങ്ങളുടെ ജീവനക്കാരുടെ പശ്ചാത്തല പരിശോധന കൂടുതല്‍ കര്‍ശനമാക്കാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ലോകത്തിന്റെ 'ബാക്ക് ഓഫീസ്' എന്നറിയപ്പെടുന്ന ഇന്ത്യന്‍ ഐടി മേഖലയുടെ ആഗോള വിശ്വാസ്യതയെ ഇത്തരം സംഭവങ്ങള്‍ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അന്താരാഷ്ട്ര ക്ലയന്റുകള്‍ തങ്ങളുടെ ഡാറ്റയുടെയും പ്രോജക്റ്റുകളുടെയും സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാകാന്‍ ഇത് കാരണമാകും. മതപരമോ രാഷ്ട്രീയമോ ആയ അജണ്ടകള്‍ക്ക് മുന്‍ഗണന നല്കുന്ന ജീവനക്കാര്‍ ഒരു കമ്പനിയുടെ പ്രൊഫഷണല്‍ നിഷ്പക്ഷതയെ തകര്‍ക്കുന്നു. ഇത് ആത്യന്തികമായി വിദേശ നിക്ഷേപങ്ങളെയും ആഗോള ബിസിനസ്സ് കരാറുകളെയും ബാധിച്ചേക്കാം.

വൈറ്റ് കോളറിന് പിന്നാലെ
അതുപോലെ വൈറ്റ് കോളര്‍ ടെററിസത്തില്നിന്നും, ഇന്ത്യ ഇനിയും മോചിതമായിട്ടില്ല. ഡല്‍ഹി സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഡോക്ടര്‍മാരുടെ നെറ്റ് വര്‍ക്ക് ആയിരുന്നുവെന്നത് മറുന്നപോകരുത്. 2001 സെപ്റ്റമ്പര്‍ 11ന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിനുശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ പറഞ്ഞുകേട്ട പേരായിരുന്നു വൈറ്റ്കോളര്‍ ഭീകരവാദം. പഴയതുപോലെ വാടകക്കൊലയാളികളോ, സമൂഹത്തിലെ താഴെ തട്ടില്‍നില്‍ക്കുന്ന ആളുകളൊ ഒന്നുമായിരുന്നില്ല, അമേരിക്കയെ നടുക്കിയ ആ ഭീകരാക്രമണത്തിന് പിന്നെ സൂത്രധാരര്‍. പകരം അവരെല്ലാം ഒന്നാന്തരം സാമ്പത്തിക ശേഷിയുള്ളവരായിന്നു. ഡോക്ടര്‍മാരും, ഐടി പ്രൊഫഷണല്‍സും, എഞ്ചിനീയര്മ്മാരുമൊക്കെയുള്ള ഈ ഭീകരതയുടെ നെറ്റ് വര്‍ക്കില്‍. പഴയതുപോലെ തോക്കുപയോഗിച്ച ഭീകരതയല്ല, പകരം സാമ്പത്തിക- സാമൂഹിക മാര്‍ഗങ്ങളിലൂടെയുള്ള അതിനൂതനമായ പദ്ധതിയാണ് അവര്‍ ആവിഷ്ക്കരിക്കുന്നത്.
ലോകത്ത് വൈറ്റ്കോളര്‍ ഭീകരവാദത്തിന്റെ ഏറ്റവും വലിയ ഇരയായി മാറാന്‍ സാധ്യതയുള്ള രാജ്യമാണ് ഇന്ത്യയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നമ്മുടെ ചാരസംഘടനയായ റോയും എന്‍ഐഎയും ഈ നെറ്റ്വര്‍ക്ക് പൊളിക്കാന്‍ പരാമവധി ശ്രമിച്ചതുമാണ്. പക്ഷേ പാക്കിസ്ഥാന് മുതല്‍ ഖത്തര്‍വരെ നീണ്ടുകിടക്കുന്ന വലിയൊരു സാമ്പത്തിക നെറ്റ്വര്‍ക്കിന്റെ ഭാഗമായി വരുന്ന, ഈ റാക്കറ്റ് നിലനിന്നു. രാജ്യതലസ്ഥാനായ ന്യുഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം ശരിക്കും വൈററ്റ്കോളര് ടെററിസത്തിന്റെ ഒരു സാമ്പിള്‍ മാത്രമാണ്. കൃത്യമായ ഇടപെടലിലുടെ അതിലും വലുത് തടയാന്‍ നമ്മുടെ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞു.
ഐസിസും ജെയ്ഷെ മുഹമ്മദും അടക്കമുള്ള ഇസ്ലാമിക സംഘടനകള്‍ ഡോക്ടര്‍മാര്‍ അടക്കമുള്ളവരെവെച്ച് ഉണ്ടാക്കിയ ടെലിഗ്രാം നെറ്റ്വര്‍ക്കിലേക്കാണ് ഡല്‍ഹി സ്ഫോടനത്തിന്റെ ആസൂത്രണം നീങ്ങുന്നത് എന്നാണ് ഇന്ത്യാ ടുഡേ വിലയിരുത്തുന്നത്. അന്താരാഷ്ട്ര രാസ, ജൈവ ആയുധ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഷവസ്തുവാണ് റിസിന്‍ ഉപയോഗിച്ച് അക്രമം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടത്. റിസിന്‍ ലോകത്തിലെ ഏറ്റവും അപകടകരമായ വിഷങ്ങളിലൊന്നാണ്. രുചിയില്ലാത്തതും, വാസനയില്ലാത്തതുമായ ഇതിനെ ഭക്ഷണത്തിലോ വെള്ളത്തിലോ കലര്‍ത്തിയാലും ആരും തിരിച്ചറിയാന്‍ കഴിയില്ല. ഈ ജൈവായുധം ഏതെങ്കിലും തരത്തില്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ അവര്‍ ഇഞ്ചിഞ്ചായി മരിക്കും. ഈ വിഷം ഉപയോഗിച്ച്, ഡല്‍ഹി, അഹമ്മദാബാദ്, ലഖ്നൗ എന്നിവിടങ്ങളില്‍ വെള്ളത്തിലും ഭാവിയില്‍ ക്ഷേത്രപ്രസാദത്തിലും കലര്‍ത്തി, ലോകത്തിലെ ഏറ്റവും വലിയ കൂട്ടവിഷപ്രയോഗങ്ങളിലൊന്ന് നടത്താനാണ് പദ്ധതിയിട്ടിരുന്നത് എന്നതാണ് പ്രാഥമിക അന്വോഷണത്തില്‍ വ്യക്തമാകുന്നത് എന്നാണ് ഇന്ത്യാടുഡെയും, ഇന്ത്യന്‍ എക്പ്രസുമടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക്ഭീകരരടക്കം, പരമ്പരാഗത ബോംബാക്രമണം അടക്കമുള്ള ആക്രമണരീതികളില്‍നിന്ന് മാറി പരോക്ഷമായ ഭീകരപ്രവര്‍ത്തനത്തിലേക്ക് ചുവടുമാറ്റം നടത്തുന്നുവെന്ന് നേരത്തെ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിരുന്നു. ഗുജറാത്തില്‍നിന്ന് പിടികൂടിയ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ഭീകരര്‍, പൊതുജല സ്രോതസ്സുകളിലും ക്ഷേത്രങ്ങളിലെ പ്രസാദങ്ങളിലും വിഷംകലര്‍ത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് രഹസ്യാന്വേഷണവിഭാഗം പറയുന്നത്.
ഈ വൈറ്റ് കോളറിന് പിന്നാലെയാണ്് കോര്‍പ്പറേറ്റ് ജിഹാദ് ആരോപണവും നിലനില്‍ക്കുന്നത്. നേരത്തെതും 'കോര്‍പ്പറേറ്റ് ജിഹാദ്' എന്ന പേരില്‍ അല്ലെങ്കില്‍ സമാനമായ ആരോപണങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടെന്ന് മറന്നുപോവരുത്. പ്രമുഖ കോര്‍പ്പറേറ്റ് ബ്രാന്‍ഡുകള്‍ (ഉദാഹരണത്തിന് ഹിമാലയ, ടാറ്റ, റിലയന്‍സ് തുടങ്ങിയവ) തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 'ഹലാല്‍ സര്ട്ടിഫിക്കേഷന്' നേടുന്നത് സാമ്പത്തിക ജിഹാദിന്റെ ഭാഗമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഹലാല്‍ സാമ്പത്തിക വ്യവസ്ഥ വളര്‍ത്താന്‍ കോര്‍പ്പറേറ്റുകള്‍ കൂട്ടുനില്‍ക്കുന്നു എന്നതായിരുന്നു അന്നത്തെ പ്രധാന പ്രചാരണം. 2021-ല്‍ ദീപാവലി കളക്ഷന്‍ 'ജഷ്ന്-ഇ-റിവാസ്'എന്ന് പേരിട്ടതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹിന്ദു ആഘോഷങ്ങളെ ഇസ്ലാമികവല്‍ക്കരിക്കാന്‍ കോര്‍പ്പറേറ്റുകള്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ഇതിനെ 'ലാന്‍ഡ് ജിഹാദ്' പോലെ സാംസ്കാരികമായ ഒരു കടന്നുകയറ്റമായാണ് അന്ന് വിശേഷിപ്പിച്ചത്. ഒരു ഹിന്ദു മരുമകളും മുസ്ലിം അമ്മായിയമ്മയും തമ്മിലുള്ള ബന്ധം കാണിച്ച തനിഷ്കിന്റെ പരസ്യം 'ലവ് ജിഹാദിനെ' പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് വലിയ പ്രതിഷേധം നേരിട്ടു. അതായത് ഈ പറയുന്നതൊന്നും കെട്ടുകഥ എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ ആവില്ല.

യു കെ പാഠമാവുമ്പോള്‍
ഇന്ത്യയില്‍ ഇത്തരം ചര്‍ച്ചകള്‍ പുതിയതാണെങ്കിലും, അന്താരാഷ്ട്ര തലത്തില്‍ ഇത്തരം നീക്കങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടനിലെ ബര്‍മിംഗ്ഹാമിലെ സര്‍ക്കാര്‍ സ്കൂളുകള്‍ ആസൂത്രിതമായി പിടിച്ചെടുക്കാന്‍ ഇസ്ലാമിസ്റ്റുകള്‍ നടത്തിയ നീക്കം പൊളിച്ച 'ഓപ്പറേഷന് ട്രോജന്‍ ഹോഴ്സ്' ഇതിന് വലിയ ഉദാഹരണമാണ്. 2013-14 കാലഘട്ടത്തില്‍ ബര്‍മിംഗ്ഹാമിലെ സര്‍ക്കാര്‍ സ്കൂളുകള്‍ ആസൂത്രിതമായി പിടിച്ചെടുക്കാനും അവിടെ തീവ്ര ഇസ്ലാമിക ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനും ശ്രമം നടക്കുന്നു എന്നാരോപിച്ച് ഒരു അജ്ഞാത കത്ത് അധികൃതര്‍ക്ക് ലഭിക്കയുണ്ടായി. ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പിന്റെയുംപോലീസിന്റെയും അന്വേഷണത്തില്‍ സ്കൂളുകളില്‍ പെണ്‍കുട്ടികളെ മാറ്റിനിര്‍ത്തുക, പാഠ്യപദ്ധതിയില്‍ മതപരമായ മാറ്റങ്ങള്‍ വരുത്തുക, അധ്യാപകരെ ഭീഷണിപ്പെടുത്തുക തുടങ്ങിയ പ്രവണതകള്‍ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് അഞ്ച് സ്കൂളുകളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുകയും സിലബസില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
പിന്നീട് യു കെ അധികൃതര്‍ നടത്തിയ നിരവധി അന്വേഷണങ്ങളിലും, ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ഗ്രൂമിങ്ങ് ഗ്യാങ്ങുകളെ കണ്ടെത്തിയിട്ടുണ്ട്. പല വിദേശ രാജ്യങ്ങളിലും അക്രമരഹിതമായ രീതിയില്‍ വിദ്യാഭ്യാസത്തിലൂടെയും ഭരണപരമായ സ്വാധീനത്തിലൂടെയും ഇസ്ലാമിക നിയമങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഗ്രൂപ്പുകള്‍ ഉണ്ടെന്ന് ലണ്ടനിലെ ഐസിഎസ്ആര്‍ ( ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് റാഡിക്കലൈസഷേന്) പോലുള്ള സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2014-ല്‍ ബ്രിട്ടനിലെ സിഖ് പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിതമായ മതപരിവര്‍ത്തന ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് യുകെയിലെ സിഖ് കൗണ്‍സിലും പരാതിപ്പെട്ടിരുന്നു. ഇന്ന് ഫ്രാന്‍സും, ജര്‍മ്മനിയുമടക്കമുള്ള വിദേശ രാജ്യങ്ങള്‍ ഏറെയും ഇസ്ലാമൈസേഷന്റെ വിത്തുകള്‍ മുളയിലേ നുള്ളാന്‍ ശ്രമിക്കുന്നുണ്ട്.
ഇത്തരം പ്രവണതകളെ തടയാന്‍ ബ്രിട്ടന് കൊണ്ടുവന്ന കര്‍ശനമായ നിയമമാണ് 'പ്രിവെന്റ്'. 2015ലെ 'കൗണ്ടര്‍ ടെററിസം ആന്‍ഡ് സെക്യൂരിറ്റി ആക്ട്' പ്രകാരം, ബ്രിട്ടനിലെ സ്കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് തങ്ങളുടെ കീഴിലുള്ളവര് തീവ്രവാദത്തിലേക്ക് നീങ്ങുന്നത് തടയാന്‍ നിയമപരമായ ബാധ്യതയുണ്ട്. ഒരു വിദ്യാര്‍ത്ഥിയോ ജീവനക്കാരനോ അസാധാരണമായ മതപരമായ മാറ്റങ്ങള്‍ കാണിക്കുകയോ തീവ്രവാദ ആശയങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്താല്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ അധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്കുന്നു.
പ്രിവെന്റ് പദ്ധതിയുടെ ഭാഗമായി തീവ്രവാദ സ്വാധീനത്തില്പ്പെട്ടുവെന്ന് സംശയിക്കുന്ന വ്യക്തികളെ സഹായിക്കാന്‍ രൂപീകരിച്ചതാണ് 'ചാനല്‍'. ഇതൊരു ശിക്ഷാ നടപടിയല്ല, മറിച്ച് ഒരു പിന്തുണ സംവിധാനമാണ്. മതപണ്ഡിതന്മാര്, കൗണ്‍സിലര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് ആ വ്യക്തിയെ തീവ്രവാദ ആശയങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിക്കുന്നു.ടിസിഎസ് സംഭവത്തിന് സമാനമായ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ബ്രിട്ടനിലെ പല വലിയ കോര്‍പ്പറേറ്റ് കമ്പനികളും പ്രിവെന്റ് തത്വങ്ങള്‍ തങ്ങളുടെ എച്ച്.ആര് പോളിസികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഓഫീസിനുള്ളിലെ മതപരമായ സമ്മര്‍ദ്ദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക സംവിധാനങ്ങള്‍ അവിടെയുണ്ട്.ജോലിസ്ഥലത്ത് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
ഒരു കമ്പനിയുടെ ആഭ്യന്തര സുരക്ഷ എന്നത് ഡാറ്റാ സുരക്ഷയില്‍ മാത്രം പരിമിതമല്ലെന്ന് ടിസിഎസ് സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. രാജ്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്കിടയില്‍ തീവ്രവാദ സ്വാധീനങ്ങള്‍ ഉണ്ടാകുന്നത് ദേശീയ സുരക്ഷയെത്തന്നെ ബാധിച്ചേക്കാം. ബ്രിട്ടനിലെ മാതൃകകള്‍ പിന്തുടര്ന്ന് ഇന്ത്യന്‍ കോര്‍പ്പറേറ്റുകളും തങ്ങളുടെ ജീവനക്കാരുടെ പശ്ചാത്തല പരിശോധന കേവലം അക്കാദമിക് രേഖകളില്‍ ഒതുക്കാതെ, സാമൂഹികവും സ്വഭാവപരവുമായ വശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതുണ്ട്.വ്യക്തിപരമായ വിശ്വാസങ്ങള്‍ തൊഴിലിടങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത് പ്രൊഫഷണല്‍ സംസ്കാരത്തിന് ഭൂഷണമല്ല. ടിസിഎസ് കേസ് കേവലം ഒരു ക്രമസമാധാന പ്രശ്നമായി കാണാതെ, ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖല നേരിടുന്ന പുതിയ സുരക്ഷാ ഭീഷണിയായി കാണണം. കര്‍ശനമായ നിയമനിര്‍മ്മാണവും ജീവനക്കാര്‍ക്കിടയിലെ കൃത്യമായ നിരീക്ഷണവും വഴി മാത്രമേ കോര്‍പ്പറേറ്റ് ഇടനാഴികളെ ഇത്തരം അദൃശ്യ കെണികളില്‍ നിന്ന് സംരക്ഷിക്കാന്‍ സാധിക്കൂ.
വാല്‍ക്കഷ്ണം: ടിസിഎസ് സംഭവത്തിനുനേരെ വരുന്ന മാധ്യമ വിമര്‍ശനങ്ങള്‍ ഒറ്റപ്പെട്ട സംഭവത്തെ പര്വതീകരിക്കുന്നുവെന്നതാണ്. പക്ഷേ അസാധാരണമായ കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. രാജ്യസുരക്ഷയുടെ കാര്യം വരുമ്പോള്‍, പഴുതടച്ച അന്വേണമാണ് വേണ്ടത്.