

ചെന്നൈ: ഐപിഎല്ലിൽ പ്ലേ ഓഫ് പോരാട്ടം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ഇന്ന് സ്വന്തം തട്ടകമായ ചെപ്പോക്കിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ നേരിടും. ഉച്ച കഴിഞ്ഞ് 3.30 നാണ് മത്സരം. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് അഞ്ച് വട്ടത്തെ ചാമ്പ്യന്മാരായ ചെന്നൈ. ഡൽഹി ക്യാപ്പിറ്റൽസിനെതിരായ കഴിഞ്ഞ മത്സരത്തിലെ തകർപ്പൻ വിജയം നൽകുന്ന ആത്മവിശ്വാസത്തിലാണ് ഋതുരാജ് ഗെയ്ക്വാദും സംഘവും ഇന്ന് പത്താം പോരിന് ഇറങ്ങുന്നത്.
സീസണിലെ മിന്നും ഫോം തുടരുന്ന സഞ്ജു സാംസൺ തന്നെയാണ് സിഎസ്കെയുടെ പ്രധാന കരുത്ത്. 10 മത്സരങ്ങളിൽ നിന്ന് 50-ലേറെ ശരാശരിയിൽ 402 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. പരിക്കിനെത്തുടർന്ന് വിട്ടുനിൽക്കുന്ന മുൻ നായകൻ എം.എസ്. ധോണി പരിശീലനത്തിന് എത്താത്തതിനാൽ ആരാധകർ ഇന്നും നിരാശരായേക്കും. ചെന്നൈയിലെ പിച്ചിൽ നൂറുൽ അഹമ്മദ്, അഖീൽ ഹൊസൈൻ എന്നീ സ്പിൻ ജോഡികളിലാകും സിഎസ്കെയുടെ പ്രതിരോധ തന്ത്രങ്ങൾ.
തുടർച്ചയായ ആറ് തോൽവികൾക്ക് ശേഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നേടിയ ആവേശജയത്തിന്റെ കരുത്തിലാണ് ഋഷഭ് പന്ത് നയിക്കുന്ന ലക്നൗ വരുന്നത്. പ്ലേ ഓഫ് സാധ്യതകൾ നേർത്തതാണെങ്കിലും ശേഷിക്കുന്ന മത്സരങ്ങൾ വൻ മാർജിനിൽ ജയിച്ചാൽ അവർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. ആർസിബിക്കെതിരെ സെഞ്ചുറി (111) നേടിയ മിച്ചൽ മാർഷും നായകൻ ഋഷഭ് പന്തുമാണ് ലക്നൗവിന്റെ ബാറ്റിങ് കരുത്ത്. ഷമി നയിക്കുന്ന ബൗളിങ് നിരയും പന്തിന്റെ വിശ്വസ്തപ്പടയാണ്.
ഇരു ടീമുകളും നേർക്കുനേർ വന്ന പോരാട്ടങ്ങളുടെ കണക്കെടുത്താൽ നേരിയ മുൻതൂക്കം ലക്നൗ സൂപ്പർ ജയന്റ്സിനാണ്. ആറ് മത്സരങ്ങളിൽ മൂന്നിലും ലക്നൗ വിജയിച്ചപ്പോൾ പോയിന്റ് പട്ടികയിൽ നില മെച്ചപ്പെടുത്താൻ ഇരു ടീമുകളും ഒരുപോലെ പോരാടുന്നതിനാൽ ചെന്നൈയിൽ ഇന്ന് ആവേശകരമായ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ബാറ്റർമാരെയും ബൗളർമാരെയും ഒരുപോലെ തുണയ്ക്കുന്ന പിച്ചാണ് ചെപ്പോക്കിലേത്. തുടക്കത്തിൽ പന്ത് സ്പിൻ ചെയ്യുമെങ്കിലും നിലയുറപ്പിക്കുന്ന ബാറ്റർമാർക്ക് വലിയ സ്കോറുകൾ കണ്ടെത്താനാകും.
സാധ്യതാ ഇലവൻ:
ചെന്നൈ: സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ), ഉർവിൽ പട്ടേൽ, കാർത്തിക് ശർമ, ഡെവാൾഡ് ബ്രെവിസ്, ജാമി ഓവർട്ടൺ, അഖീൽ ഹൊസൈൻ, നൂർ അഹമ്മദ്, അൻഷുൽ കംബോജ്, മുകേഷ് ചൗധരി, ഗുർജപ്നീത് സിങ്. (ഇംപാക്ട് പ്ലെയർ: ശിവം ദുബെ).
ലക്നൗ: മിച്ചൽ മാർഷ്, അർഷിൻ കുൽക്കർണി, നിക്കോളാസ് പുരാൻ, എയ്ഡൻ മാർക്രം, ഋഷഭ് പന്ത് (ക്യാപ്റ്റൻ), അക്ഷത് രഘുവംശി, ഷഹബാസ് അഹമ്മദ്, ദിഗ്വേഷ് രതി, മുഹമ്മദ് ഷമി, പ്രിൻസ് യാദവ്, മായങ്ക് യാദവ്. (ഇംപാക്ട് പ്ലെയർ: ഹിമ്മത് സിങ്).