
തിരുവനന്തപുരം: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ഫ്ലാറ്റുകളിൽ തടങ്കലിൽ പാർപ്പിച്ചു മൂന്നുദിവസത്തോളം ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതി ഉൾപ്പെടെ മൂന്നുപേർ പോലീസ് പിടിയിൽ. മലയിൻകീഴ് വിറകുവെട്ടിക്കോണം സ്വദേശി അഭിലാഷ് (അഭി - 39), മലയിൻകീഴ് അരുവിപ്പാറ സ്വദേശി സുജിത് (ചിക്കു - 32), കായംകുളം വള്ളികുന്നം സ്വദേശി സരിത (37) എന്നിവരാണ് മണ്ണന്തല പോലീസിന്റെ പിടിയിലായത്. വെമ്പായം പുത്തൻവിള സ്വദേശിയായ യുവാവാണ് ക്രൂരമായ അതിക്രമത്തിന് ഇരയായത്.
കേസിലെ ഒന്നാം പ്രതിയായ അഭിലാഷിന്റെ ഭാര്യ മോഷണക്കേസിൽ പെട്ട് ജയിലിലാകാൻ കാരണം ഈ യുവാവാണെന്ന മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച മരുതൂരിലുള്ള ഒരു ഫ്ലാറ്റിലേക്ക് യുവാവിനെ പ്രതികൾ സൗഹൃദം നടിച്ച് വിളിച്ചുവരുത്തുകയായിരുന്നു. ഫ്ലാറ്റിലെത്തിച്ച യുവാവിനെ പ്രതികൾ അസഭ്യം പറയുകയും മഴൂവിന്റെ പിൻഭാഗം, ഇടിവള എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
മർദ്ദനത്തിനിടെ മൂന്നാം പ്രതിയായ സരിത യുവാവിന്റെ ശരീരമാകെ മുളകുവെള്ളം ഒഴിച്ചതോടെ ഇയാൾ ബോധരഹിതനായി വീണു. ഇതിനിടയിൽ യുവാവിനെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവ്വം ചില രേഖകളിൽ ഒപ്പിടുവിച്ച് ഇയാളുടെ സ്കൂട്ടർ കൈക്കലാക്കാനും പ്രതികൾ ശ്രമം നടത്തിയിരുന്നു. ബോധം നഷ്ടപ്പെട്ട യുവാവിനെ പിന്നീട് പ്രതികൾ ചേർന്ന് ചെമ്പൂരുള്ള മറ്റൊരു ഫ്ലാറ്റിലെത്തിച്ച് മൂന്ന് ദിവസത്തോളം അന്യായമായി തടങ്കലിൽ പാർപ്പിച്ചു. അവിടെവെച്ചും മർദ്ദനം തുടർന്ന ശേഷം യുവാവിനെ അവശ നിലയിൽ ഫ്ലാറ്റിൽ തന്നെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
