

ചെന്നൈ: തമിഴ് സിനിമാലോകത്തെ അനിഷേധ്യനായ ‘ദളപതി’യില്‍ നിന്നും തമിഴ്നാടിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിജയ് എന്ന രാഷ്ട്രീയ നായകനിലേക്കുള്ള ചുവടുമാറ്റം സമാനതകളില്ലാത്ത ചരിത്രസംഭവമായി മാറിക്കഴിഞ്ഞു. ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ദൈവനാമത്തില്‍ അദ്ദേഹം അധികാരമേറ്റെടുത്തപ്പോള്‍, ആഘോഷങ്ങള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും ജനങ്ങള്‍ക്കിടയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ് ചടങ്ങിലെ ചില സാന്നിധ്യങ്ങളും അസാന്നിധ്യങ്ങളും.
തമിഴ് മക്കളുടെ ‘മുതല്‍വര്‍’ എന്ന പദവിയിലേക്കുള്ള ഈ സിനിമാറ്റിക് രാഷ്ട്രീയ പ്രവേശനത്തിന്റെ ഓരോ നിമിഷവും ആരാധകര്‍ ഹര്‍ഷാരവങ്ങളോടെയാണ് വരവേറ്റത്. എന്നാല്‍ ഈ ആഘോഷവേളയില്‍ രാഷ്ട്രീയത്തേക്കാള്‍ ഉപരിയായി വിജയിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്ക്കുന്നത്.
ചടങ്ങിലെ പ്രധാന ആകര്‍ഷണവും ചര്‍ച്ചാവിഷയവും സിനിമാ മേഖലയില്‍ നിന്നും വളരെ കുറച്ചുപേര്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ നടി തൃഷയുടെ സാന്നിധ്യമായിരുന്നു. തന്റെ അമ്മ ഉമ കൃഷ്ണനൊപ്പമാണ് തൃഷ വേദിയിലെത്തിയത്. വേദിയുടെ മുന്‍നിരയില്‍ തന്നെ തൃഷയ്ക്കായി ഇരിപ്പിടം ഒരുക്കിയിരുന്നു എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
വിജയിയുടെ അമ്മ ശോഭ ചന്ദ്രശേഖറും കുടുംബാംഗങ്ങളും തൃഷയെ കെട്ടിപ്പിടിച്ച് സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തൃഷയും വിജയിയും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലുള്ള പഴയ പ്രചാരണങ്ങള്‍ക്ക് വീണ്ടും ശക്തിയേറി. വിജയിയുടെ അമ്മയുടെ സഹോദരപുത്രന്മാരും തൃഷയെ സ്നേഹത്തോടെ സ്വീകരിച്ചിരുന്നു. തൃഷയെ വിജയ് ആരാധകര്‍ ആവേശത്തോടെ വരവേറ്റെങ്കിലും, ഈ സാന്നിധ്യം നിരവധി പേരെ ചൊടിപ്പിക്കുകയും വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വിജയിയെ ലക്ഷ്യം വെച്ചുള്ള വിമർശന പോസ്റ്റുകളുടെയും കമന്റുകളുടെയും പ്രളയമാണിപ്പോൾ. വിജയിയുടെ രാഷ്ട്രീയ വിജയത്തെ അംഗീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ കുടുംബബന്ധങ്ങളിലെ വിള്ളലുകളെ ഒരു അച്ഛൻ എന്ന നിലയിലുള്ള പരാജയമായാണ് പലരും ചിത്രീകരിക്കുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും വിജയിയുടെ മക്കൾ വിട്ടുനിന്നതാണ് ആരാധകരെയും പൊതുജനങ്ങളെയും പ്രകോപിപ്പിച്ചത്. "തന്റെ മക്കൾ എവിടെ?" എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ഭാര്യ സംഗീതയുമായി പ്രശ്നങ്ങൾ ഉണ്ടായേക്കാം, എന്നാൽ മക്കൾ പോലും പങ്കെടുക്കാത്ത ചടങ്ങിലേക്ക് തൃഷയെ ക്ഷണിച്ചത് അങ്ങേയറ്റം മോശമായിപ്പോയി എന്നാണ് ഒരു വിഭാഗത്തിന്റെ പക്ഷം. കുടുംബത്തെ മറന്നുള്ള ഈ രാഷ്ട്രീയ ആഘോഷം ന്യായീകരിക്കാനാവില്ലെന്ന് പലരും വാദിക്കുന്നു.
വിജയിയുടെ വളർച്ചയിൽ താങ്ങും തണലുമായി നിന്ന ഭാര്യ സംഗീതയെ അവഗണിച്ചതിനെതിരെയും രൂക്ഷമായ പ്രതികരണങ്ങളാണ് വരുന്നത്. കഷ്ടപ്പാടിന്റെയും അപമാനങ്ങളുടെയും കാലത്ത് കൂടെ നിന്ന ഭാര്യയെയും മക്കളെയും വിജയത്തിന്റെ കൊടുമുടിയിൽ എത്തിയപ്പോൾ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു എന്നാണ് ഒരു കമന്റ് സൂചിപ്പിക്കുന്നത്. സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ കഴിയാത്ത ഒരാൾക്ക് എങ്ങനെ തമിഴ്നാടിനെ നയിക്കാൻ കഴിയുമെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ മക്കളെ വളർത്താനും വീട് നോക്കാനും ജീവിതം ഉഴിഞ്ഞുവെച്ച ഭാര്യയ്ക്ക് അർഹമായ പരിഗണന നൽകിയില്ല എന്നത് അക്ഷന്തവ്യമായ തെറ്റായിട്ടാണ് വിമർശകർ കാണുന്നത്. ഇത്തരം ചടങ്ങുകളിൽ നിന്ന് തൃഷയ്ക്ക് സ്വയം മാറി നിൽക്കാമായിരുന്നില്ലേ എന്നും ചിലർ ചോദിക്കുന്നു.
അതേസമയം, വിജയിയുടെ മകൻ ജയ്സൺ സഞ്ജയ് ചടങ്ങിനെത്താതെ തന്റെ അമ്മയ്ക്കൊപ്പം നിന്നതിനെ പ്രശംസിക്കുന്നവരും കുറവല്ല. അമ്മയുടെ പക്ഷത്താണ് നീതി എന്ന് തിരിച്ചറിഞ്ഞ് അവർക്ക് കരുത്ത് നൽകുന്ന മകന്റെ നിലപാട് സുരക്ഷിതവും സത്യസന്ധവുമാണെന്ന് പലരും കുറിക്കുന്നു. എന്നാൽ മറ്റൊരാളുടെ വ്യക്തിപരമായ ജീവിതത്തെയും പ്രശ്നങ്ങളെയും കുറിച്ച് അറിയാതെ അതിൽ തലയിടുന്നത് ശരിയല്ലെന്ന് പറഞ്ഞ് വിജയിയെ പിന്തുണയ്ക്കുന്നവരും രംഗത്തുണ്ട്. എങ്കിലും ഒരു ഭരണാധികാരി എന്ന നിലയിൽ വിജയ് മുന്നോട്ടുവെക്കുന്ന മാതൃക കുടുംബബന്ധങ്ങളിലെ ഈ അസ്ഥിരത കൊണ്ട് ചോദ്യം ചെയ്യപ്പെടുകയാണ്. മുഖ്യമന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും, തന്റെ സ്വകാര്യ ജീവിതത്തിലെ ഈ വിവാദങ്ങൾ വിജയിക്ക് വരുംദിവസങ്ങളിൽ വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറാനാണ് സാധ്യത.