
തിരുവനന്തപുരം/ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ (കെ.സി) കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിശ്ചയിച്ചുവെന്ന് റിപ്പോര്‍ട്ട്. പത്തുദിവസം നീണ്ട നാടകീയമായ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് അന്തിമ തീരുമാനമായത്. ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ഇന്ദിരാ ഭവനില്‍ ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ മുദ്രവെച്ച കവര്‍ തുറക്കുന്നതോടെ പ്രഖ്യാപനം ഔദ്യോഗികമാകും. ദേശീയ മാധ്യമമായ സൗത്ത് ഫസ്റ്റ് ആണ് ഈ വാര്‍ത്ത എക്സ്ക്ലൂസീവായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
വി.ഡി. സതീശന്, രമേശ് ചെന്നിത്തല എന്നിവരെ മറികടന്നാണ് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ കെ.സി മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. 63 വയസ്സുകാരനായ വേണുഗോപാല്‍ നിലവില്‍ ആലപ്പുഴയില്‍ നിന്നുള്ള ലോക്സഭാ എം.പി ആയതിനാല്‍, ആറു മാസത്തിനുള്ളില്‍ നിയമസഭയിലേക്ക് മത്സരിച്ച് വിജയിക്കേണ്ടതുണ്ട്. ബുധനാഴ്ച വൈകിട്ട് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നടത്തിയ ചര്‍ച്ചയിലാണ് കെ.സിയുടെ കാര്യത്തില്‍ അന്തിമ ധാരണയായത്. തുടക്കത്തില്‍ വി.ഡി. സതീശനായി പ്രിയങ്ക ഗാന്ധി വാദിച്ചെങ്കിലും, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കെ.സി കാണിച്ച കരുത്താണ് രാഹുലിനെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചത്. ഒടുവില്‍ സോണിയ ഗാന്ധിയുടെ ഇടപെടലോടെയാണ് കെ.സിയുടെ പേരില്‍ സമവായമുണ്ടായത്.
ഭൂരിഭാഗം എം.എല്‍.എമാരെയും തനിക്കൊപ്പം നിര്‍ത്താന്‍ കെ.സിക്ക് സാധിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഭവങ്ങള്‍ സമാഹരിക്കുന്നതിലും കെ.സി നല്കിയ പിന്തുണ എം.എല്‍.എമാര്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ സ്വാധീനം നല്കി. എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും അണികള്‍ക്കിടയിലും വി.ഡി. സതീശനായിരുന്നു പ്രിയങ്കരന്‍. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇടത് ഭരണത്തിനെതിരെ പട നയിച്ച സതീശനെ മുഖ്യമന്ത്രിയാക്കാത്തതില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ഇത് ഹൈക്കമാണ്ട് ഗൗരവത്തില്‍ എടുക്കുന്നില്ലെന്നാണ് സൗത്ത് ഫസ്റ്റ റിപ്പോര്‍ട്ട്.
കെ.സിയെ മുഖ്യമന്ത്രിയാക്കിയാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്ക് വയനാട്ടില്‍ തിരിച്ചടിയുണ്ടാകുമെന്ന ഭീഷണിയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുസ്ലിം ലീഗും ആര്.എസ്.പിയും സതീശനായി ശക്തമായി നിലകൊണ്ടെങ്കിലും, ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനത്തിന് മുന്നില്‍ ഘടകകക്ഷികള്‍ക്ക് വഴങ്ങേണ്ടി വന്നു. രണ്ട് പ്രമുഖ എതിരാളികളെ എങ്ങനെ സമാധാനിപ്പിക്കും എന്നതാണ് ഹൈക്കമാന്‍ഡ് നേരിടുന്ന വെല്ലുവിളി. സതീശന് ഉപമുഖ്യമന്ത്രി പദവി നല്‍കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും കെ.സി പക്ഷം ഇതിനെ എത്രത്തോളം അംഗീകരിക്കുമെന്ന് വ്യക്തമല്ല. ചെന്നിത്തലയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സോണിയ ഗാന്ധി പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

140 അംഗ നിയമസഭയില്‍ 102 സീറ്റുകളുടെ തിളക്കമാര്‍ന്ന വിജയവുമായാണ് യു.ഡി.എഫ് അധികാരത്തിലേക്ക് വരുന്നത്. കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയായി എത്തുന്നതോടെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയൊരു അധികാര കേന്ദ്രം കൂടി രൂപപ്പെടുകയാണ്.
