
കാൻ: 'മഞ്ഞുമ്മൽ ബോയ്സി'നു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലൻ- ദി ബോയ്' കാൻ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധാകേന്ദ്രമാകുന്നു. ചിത്രത്തിന്റെ മാർക്കറ്റിങ് പ്രീമിയർ കാനിലെ പ്രൊഡ്യൂസേഴ്സ് ക്ലബ്ബിൽ നടന്നു. ഇതിന്റെ ഭാഗമായി ലോകപ്രശസ്ത സംവിധായകൻ പാൻ നളിനുമായി ചിദംബരവും നിർമ്മാതാവ് ശൈലജ ദേശായി ഫെന്നും കൂടിക്കാഴ്ച നടത്തി. 'സംസാര', ഓസ്കാർ ഔദ്യോഗിക എൻട്രിയായിരുന്ന 'ചെല്ലോ ഷോ' തുടങ്ങിയ ചിത്രങ്ങളിലൂടെ രാജ്യാന്തര പ്രശസ്തി നേടിയ പാൻ നളിനുമായുള്ള സംഭാഷണം അവിസ്മരണീയമായ അനുഭവമാണെന്ന് ബാലൻ ടീം പ്രതികരിച്ചു.
അതിജീവനത്തിന്റെയും അമ്മയും മകനും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെയും കഥയാണ് 'ബാലൻ'. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രം രാജ്യാന്തര സിനിമാ വിദഗ്ധരുടെ സാന്നിധ്യത്തിലാണ് കാൻസിൽ പ്രദർശിപ്പിച്ചത്. 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജിത്തു മാധവനാണ് ഈ ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്.
"2022-ൽ കാൻസിൽ വന്നപ്പോൾ അടുത്ത തവണ സ്വന്തം സിനിമയുമായി വരുമെന്ന് ഉറപ്പിച്ചിരുന്നു. ആ സ്വപ്നമാണ് ഇപ്പോൾ യാഥാർത്ഥ്യമായത്," നിർമ്മാതാവ് ശൈലജ ദേശായി ഫെൻ പറഞ്ഞു. ലോകത്തിന് അവഗണിക്കാൻ കഴിയാത്ത നിലവാരത്തിലേക്കാണ് മലയാള സിനിമ വളരുന്നതെന്നും 'ബാലൻ' വെറുമൊരു സിനിമയല്ല, വലിയൊരു പ്രസ്താവനയാണെന്നും സഹനിർമ്മാതാവ് വെങ്കട് കെ. നാരായണ കൂട്ടിച്ചേർത്തു.
കെ.വി.എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. മഞ്ഞുമ്മൽ ബോയ്സിലെ ഹിറ്റ് കൂട്ടുകെട്ടായ ഷൈജു ഖാലിദ് (ഛായാഗ്രഹണം), സുഷിൻ ശ്യാം (സംഗീതം), വിവേക് ഹർഷൻ (എഡിറ്റർ), അജയൻ ചാലിശ്ശേരി (പ്രൊഡക്ഷൻ ഡിസൈനർ) എന്നിവർ ഈ ചിത്രത്തിലും ഒന്നിക്കുന്നുണ്ട്. നടൻ ഗണപതിയാണ് കാസ്റ്റിംഗ് ഡയറക്ടറായും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നത്. വസ്ത്രാലങ്കാരം: സപ്ന കാജാ റാവുത്തർ.
