
തിരുവനന്തപുരം: കേരളത്തില്‍ പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്തെ വിവാദ ഇടപാടുകളിലെ തുടര്‍നടപടികളിലേക്കാണ്. അധികാരമേറ്റാലുടന്‍ യുഡിഎഫ് സര്‍ക്കാര്‍ ആദ്യം കൈവെക്കുക കിഫ്ബിയും മസാല ബോണ്ടുമായി ബന്ധപ്പെട്ട ഫയലുകളിലായിരിക്കുമെന്നാണ് സൂചന. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാല ബോണ്ട് ലിസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ വിശദമായ വിജിലന്‍സ് അന്വേഷണത്തിനോ പ്രത്യേക അന്വേഷണ സംഘത്തിനോ പുതിയ സര്‍ക്കാര്‍ രൂപം നല്‍കിയേക്കും.
മസാല ബോണ്ട് ഇടപാടിലെ 'സൂത്രധാരന്‍' എന്ന് യുഡിഎഫ് വിശേഷിപ്പിക്കുന്ന മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായിരുന്ന കെ.എം. എബ്രഹാമിനെതിരെ അന്വേഷണം ഉണ്ടാകുമെന്നതാണ് ഏറ്റവും നിര്‍ണ്ണായകമായ നീക്കം. കിഫ്ബിയുടെ എല്ലാമെല്ലാമായിരുന്ന എബ്രഹാമിന്റെ ഇടപെടലുകള്‍ വഴി വിദേശ ഏജന്‍സികള്‍ക്ക് കേരളത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ പണയപ്പെടുത്തിയോ എന്നാണ് പുതിയ സര്‍ക്കാര്‍ പരിശോധിക്കുക. ഇതോടൊപ്പം മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് കൗശികിന്റെ പങ്കും അന്വേഷണ പരിധിയില്‍ വരുമെന്നാണ് സൂചന. എന്നാല്‍ സഞ്ജീവ് കൗശികിന് ഇതുമായി ബന്ധമില്ലെന്ന വാദവും സജീവമാണ്. ഏതായാലും വിശദ അന്വേഷണത്തിലൂടെ മാത്രമേ ഇത് വ്യക്തമാകൂ. ആരോപണങ്ങള്‍ സഞ്ജീവ് കൗശിക് നിഷേധിക്കുന്നുണ്ട്.
സംസ്ഥാനത്തിന്റെ കടബാധ്യതകള്‍ വലിയ ചര്‍ച്ചയാകുമ്പോള്‍ മസാല ബോണ്ടിലെ ഉയര്‍ന്ന പലിശനിരക്കും കമ്മീഷന് ഇടപാടുകളും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ യുഡിഎഫ് ആയുധമാക്കും. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ അധികാരത്തിലെത്തുമ്പോള്‍ കേവലം രാഷ്ട്രീയ പ്രസംഗങ്ങളല്ലെന്ന് തെളിയിക്കേണ്ടത് യുഡിഎഫിന്റെ ബാധ്യതയാണ്. ഇതിന്റെ ഭാഗമായാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനുമെതിരെ നീങ്ങാന്‍ മുന്നണി തയ്യാറെടുക്കുന്നത്. കെ എം എബ്രഹാമിന് കീഴില്‍ കിഫ്ബിയുടെ ഭാഗമായി സഞ്ജീവ് കൗശികും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതാണ് സഞ്ജീവ് കൗശികിനെ സംശയ മുനയില്‍ യുഡിഎഫ് നിര്‍ത്താന്‍ കാരണം. വിശദ പരിശോധനകളിലൂടെ മാത്രമേ സഞ്ജീവ് കൗശിന്റെ ഇടപെടലുണ്ടോ എന്നതില്‍ വ്യക്തത വരൂ.
മസാല ബോണ്ടിന് പുറമെ, പിണറായി ഭരണത്തിന് കീഴില്‍ നടന്ന 22-ഓളം പ്രധാന അഴിമതി ആരോപണങ്ങള്‍ പുതിയ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുന്നുണ്ട്. കെ-ഫോണ്‍, എഐ ക്യാമറ ഇടപാടുകള്‍, മാസപ്പടി വിവാദം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് തുടങ്ങിയവ ഇതില്‍ പ്രധാനമാണ്. ഭരണത്തുടര്‍ച്ചയുടെ തണലില്‍ മുന്‍ സര്‍ക്കാര്‍ മൂടിവെച്ച ഫയലുകള്‍ ഓരോന്നായി പൊടിതട്ടിയെടുക്കാനാണ് നിയുക്ത മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും തീരുമാനം. ഇത് സി.പി.എം നേതൃത്വത്തെയും മുന്‍ മന്ത്രിമാരെയും സംശയനിഴലിലാക്കും.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലും പുനരന്വേഷണം ഉണ്ടായേക്കും. മുന്‍ ഭരണകൂടം സംരക്ഷിച്ച പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും അന്വേഷണത്തിലെ പാകപ്പിഴകള്‍ പരിഹരിക്കുകയും ചെയ്യുക എന്നത് പുതിയ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നത് വഴി സര്‍ക്കാരിന്റെ 'ക്ലീന്‍ ഇമേജ്' തുടക്കത്തിലേ സ്ഥാപിച്ചെടുക്കാമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു.
വിജിലന്‍സ് അന്വേഷണമോ അതോ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയുള്ള വിപുലമായ അന്വേഷണമോ എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡുമായും നിയമവിദഗ്ധരുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മസാല ബോണ്ടിലെ വിദേശ വിനിമയ ചട്ടലംഘനങ്ങള്‍ ഇതിനകം തന്നെ ഇ.ഡി അന്വേഷിക്കുന്നുണ്ടെങ്കിലും, അതിലെ അഴിമതി വശങ്ങള് സംസ്ഥാന വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് നീക്കം. ഉന്നതരായ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലാകുന്നത് സിവില്‍ സര്‍വീസിലും വലിയ ചലനങ്ങള്‍ ഉണ്ടാക്കിയേക്കും.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരായിരുന്ന ഉദ്യോഗസ്ഥരെ പ്രധാന പദവികളില്‍ നിന്ന് മാറ്റുന്നതിനൊപ്പം അവരുടെ കാലത്തെ സാമ്പത്തിക തീരുമാനങ്ങള്‍ ഓഡിറ്റിംഗിന് വിധേയമാക്കും. കിഫ്ബിയുടെ ഫണ്ട് വിനിയോഗം, കരാറുകള്‍ നല്‍കിയതിലെ സുതാര്യത എന്നിവ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചേക്കും. ഇത് കേരളത്തിന്റെ വികസന ചരിത്രത്തിലെ കറുത്ത അധ്യായങ്ങള്‍ തുറന്നുകാട്ടുമെന്നാണ് യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്.
യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാകുക ഇത്തരം അന്വേഷണങ്ങളായിരിക്കും. രാഷ്ട്രീയ പകപോക്കലല്ല, മറിച്ച് ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിച്ചവര്ക്കുള്ള ശിക്ഷയാണ് ലക്ഷ്യമെന്ന് വരുത്തിത്തീര്‍ക്കാനാണ് മുന്നണി ശ്രമിക്കുക. മസാല ബോണ്ട് എന്ന 'അഴിമതിയുടെ ബോണ്ട്' കേരളത്തിന്റെ കടക്കെണിക്ക് എത്രത്തോളം കാരണമായി എന്നത് ധവളപത്രത്തിലൂടെ പുറത്തുവിടാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
പത്താം ദിവസം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിലൂടെയുണ്ടായ കാലതാമസം പരിഹരിക്കാന്‍ ഇത്തരം വിപ്ലവാത്മകമായ തീരുമാനങ്ങളിലൂടെ യുഡിഎഫിന് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്ന വ്യക്തിയുടെ ഏറ്റവും വലിയ വെല്ലുവിളിയും മുന്‍ സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ക്കെതിരെ സ്വീകരിക്കുന്ന കടുത്ത നിലപാടുകളായിരിക്കും. ഇതിലൂടെ മാത്രമേ അണികള്‍ക്കിടയിലുള്ള വിശ്വാസം വീണ്ടെടുക്കാന്‍ പുതിയ നേതൃത്വത്തിന് സാധിക്കൂ.
നിയമസഭയില്‍ യുഡിഎഫ് ഉന്നയിച്ച ഓരോ ആരോപണവും ഇപ്പോള്‍ ഭരണത്തിലിരുന്നുകൊണ്ട് തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നണിക്ക് കൈവന്നിരിക്കുന്നത്.
