
ന്യൂയോര്‍ക്ക്: തിളങ്ങുന്ന ഐടി കരിയര്‍, അമേരിക്കയിലെ മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ഉയര്‍ന്ന ശമ്പളം, ന്യൂയോര്‍ക്കിലെ ആഡംബര ജീവിതംഇതെല്ലാം ഉപേക്ഷിച്ചാണ് മാത്യു പള്ളിവാതുക്കല്‍ എന്ന ഇരുപത്തൊന്പതുകാരന് ക്രിസ്തുവിന്റെ വിളിക്കു പിന്നാലെ ഇറങ്ങിത്തിരിച്ചത്. ലോകം വെച്ചുനീട്ടുന്ന എല്ലാ സൗഭാഗ്യങ്ങളേക്കാളും വലുത് തനിക്കായി ദൈവം കരുതിയ അള്‍ത്താരയിലെ ശുശ്രൂഷയാണെന്ന തിരിച്ചറിവാണ് ഈ മലയാളി എന്‍ജിനീയറെ പൗരോഹിത്യത്തിന്റെ വഴിയിലേക്ക് നയിച്ചത്. മെയ് 23-ന് ഡാളസ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വെച്ച് മാത്യു വൈദികനായി അഭിഷിക്തനാകുമ്പോള്‍ അത് ഒരു വലിയ ദൈവവിളിയുടെ സാക്ഷ്യമാകും.
എറണാകുളത്തെ പള്ളിവാതുക്കല്‍ ജേക്കബ് മാത്യു-അല്‍ഫോന്‍സ ദമ്പതികളുടെ ഏക ആണ്‍തരിയാണ് മാത്യു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് മാത്യുവിന്റെ കുടുംബം കൊച്ചിയില്‍ എത്തുന്നത്. കളമശേരി രാജഗിരി സ്കൂളിലും തുടര്‍ന്ന് രാജഗിരി എന്‍ജിനീയറിങ് കോളജിലും പഠനം പൂര്‍ത്തിയാക്കിയ മാത്യു, ഒരു കരിയര്‍ എന്നതിലുപരി ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള ദാഹം ഉള്ളിലൊളിപ്പിച്ചിരുന്നു. എന്‍ജിനീയറിങ് കഴിഞ്ഞ ഉടനെ മേഘാലയയിലെ വൈദ്യുതി പോലും എത്താത്ത നോംഹാലി എന്ന അവികസിത ഗ്രാമത്തിലേക്ക് മിഷന് പ്രവര്‍ത്തനത്തിനായി പോയതാണ് മാത്യുവിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.
അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ആ മിഷന് മേഖലയില്‍ വൈദികര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ മാത്യുവിനെ ചിന്തിപ്പിച്ചു. എങ്കിലും ജീവിതം ഒരു സുരക്ഷിത താവളത്തിലേക്ക് മാറ്റാനായിരുന്നു മാത്യുവിന്റെ ആദ്യ ശ്രമം. മേഘാലയയില്‍ നിന്ന് മടങ്ങിയ ഉടന്‍ കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ടിസിഎസില്‍ ജോലി ലഭിച്ചു. കരിയറില്‍ പച്ചപിടിച്ചു വരുന്നതിനിടയിലാണ് പിതാവ് ജേക്കബിന് നാലാം ഘട്ട കാന്‍സര്‍ ബാധിച്ചിരിക്കുന്നു എന്ന വാര്‍ത്ത എത്തുന്നത്. ആ വേദനയുടെ നിമിഷങ്ങളില്‍ കുടുംബത്തെ താങ്ങാന്‍ മാത്യു ഒപ്പം നിന്നു. അധികം വൈകാതെ പിതാവ് മരണത്തിന് കീഴടങ്ങി.
പിതാവിന്റെ മരണശേഷം 2015-ല്‍ മാത്യുവിന് അമേരിക്കയിലെ പ്രശസ്തമായ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായി ജോലി ലഭിച്ചു. തുടര്‍ന്ന് അഞ്ചു വര്‍ഷത്തോളം ന്യൂയോര്‍ക്കിലെ തിരക്കേറിയ ഐടി ലോകത്തായിരുന്നു മാത്യു. എന്നാല്‍ ഈ ലോകത്തിനിടയിലും ഉള്ളില്‍ ആത്മീയതയുടെ ഒരു ഉറവ വറ്റാതെ നിന്നിരുന്നു. പിതാവ് വഴി പകര്‍ന്നു കിട്ടിയ ജീസസ് യൂത്ത് എന്ന കൂട്ടായ്മ അമേരിക്കയിലെ തിരക്കുകള്‍ക്കിടയിലും മാത്യുവിന് കരുത്തായി.
ഒരു 'ഗുഡ് ഷെപ്പേര്‍ഡ്' സണ്‍ഡേയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ടിരിക്കുമ്പോഴാണ് 'നീ വൈദികനാകുന്നോ' എന്ന ചോദ്യം ഹൃദയത്തില്‍ മുഴങ്ങിയത്. അന്ന് താനതിനെ വെറുതെ തള്ളിക്കളഞ്ഞെങ്കിലും ഉള്ളിലെ ചലനം അവസാനിച്ചില്ല. തന്റെ ചുമതലയിലുള്ള അമ്മയെയും 13 വയസ്സ് ഇളപ്പമുള്ള അനുജത്തിയുടെയും കാര്യങ്ങള്‍ മാത്യുവിനെ ആശങ്കയിലാഴ്ത്തി. എന്നാല്‍ ദൈവം എല്ലാം ഏറ്റെടുക്കുമെന്ന ബോധ്യം മെല്ലെ ആ എന്‍ജിനീയറുടെ മനസ്സിനെ കീഴടക്കി.
സ്വന്തം ദൈവവിളിയില്‍ ഉറപ്പില്ലാതെ നിന്ന സമയത്താണ് മാത്യു നാട്ടിലെത്തുന്നത്. അവിടെ വെച്ച് പിതാവിന്റെ ഒരു അടുത്ത സുഹൃത്തിനെ കണ്ടുമുട്ടിയത് ദൈവനിയോഗമായി. 'മകന് വൈദികനാകുകയാണെങ്കില് എനിക്ക് വലിയ സന്തോഷമാകും' എന്ന് പിതാവ് മരണത്തിന് മുന്‍പ് പങ്കുവെച്ച ആഗ്രഹം ആ സുഹൃത്തിലൂടെ മാത്യു അറിഞ്ഞു. പിതാവിന്റെ അനുഗ്രഹം കൂടി ലഭിച്ചതോടെ മാത്യുവിന്റെ മനസ്സ് ഉറച്ചു.
2019-ല്‍ തന്റെ 29-ാം വയസ്സില്‍, കയ്യിലിരുന്ന ലാപ്ടോപ്പും കരിയറും മാറ്റിവെച്ച് ചിക്കാഗോ രൂപതയ്ക്ക് വേണ്ടി ഫ്ലോറിഡയിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ സെമിനാരിയില്‍ മാത്യു പ്രവേശിച്ചു. തന്റെ ഏക മകന് ദൈവത്തിന്റെ വഴി തിരഞ്ഞെടുക്കുന്നത് അമ്മയ്ക്കും ആദ്യമൊന്ന് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നെങ്കിലും, പിന്നീട് ആ മാതാവ് സന്തോഷത്തോടെ അവനെ അള്‍ത്താരയിലേക്ക് വിട്ടുനല്‍കി. മാത്യു സെമിനാരിയിലായിരുന്ന കാലയളവില്‍ കുടുംബത്തിലെ കാര്യങ്ങളെല്ലാം അത്ഭുതകരമായി ദൈവം ക്രമീകരിച്ചു.
മാത്യു പഠിച്ച രാജഗിരിയിലെ ജീസസ് യൂത്ത് പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ നിന്ന് മാത്യുവിനെ കൂടാതെ നാല് വൈദികരും ഒരു സിസ്റ്ററും സമര്‍പ്പിത ജീവിതത്തിലേക്ക് എത്തിയെന്നത് ഈ കൂട്ടായ്മയുടെ ആത്മീയ കരുത്തിനെ വിളിച്ചോതുന്നു. അമേരിക്കയിലെ വലിയ വരുമാനമുള്ള ജോലി വേണ്ടെന്നു വെച്ച് ഇറങ്ങിത്തിരിക്കുമ്പോള്‍ മാത്യുവിന് മുന്നില്‍ ഒരേയൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂക്രിസ്തുവിന്റെ സുവിശേഷം ലോകത്തോട് വിളിച്ചുപറയുക.
മെയ് 23-ന് ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ടില്‍ നിന്നും മാത്യു പട്ടം സ്വീകരിക്കുമ്പോള്‍ അതൊരു നിയോഗത്തിന്റെ പൂര്‍ത്തീകരണമാകും. സ്വര്‍ഗത്തിലിരുന്ന് തന്റെ പിതാവ് സന്തോഷിക്കുന്നുണ്ടാകുമെന്ന് മാത്യു വിശ്വസിക്കുന്നു. ലോകത്തിന് മാത്യു ഒരു ഐടി പ്രൊഫഷണല്‍ മാത്രമായിരിക്കാം, എന്നാല്‍ ദൈവത്തിന് അവന് നേരത്തെ കരുതിവെച്ച തന്റെ വിശ്വസ്ത ദാസനാണ്.
ഈ പൗരോഹിത്യ സ്വീകരണം വെറുമൊരു ചടങ്ങല്ല, മറിച്ച് ദൈവത്തിന് സമര്‍പ്പിക്കപ്പെട്ട ഒരു ജീവിതത്തിന്റെ പുതിയ അധ്യായമാണ്. അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് സെമിനാരിയില്‍ ചേര്‍ന്ന ആ 29-കാരന് ഇന്ന് വൈദികനാകുമ്പോള്‍, അത് പുതുതലമുറയ്ക്ക് നല്കുന്ന വലിയൊരു സന്ദേശമാണ്യഥാര്ത്ഥ സന്തോഷം കണ്ടെത്തുന്നത് സമ്പത്തിലല്ല, ദൈവഹിതം തിരിച്ചറിയുന്നതിലാണ്.
