
തിരുവനന്തപുരം: വലിയൊരു ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ വന്‍ തരംഗം സൃഷ്ടിച്ച മോഹന്‍ലാല്‍-സത്യന് അന്തിക്കാട് കൂട്ടുകെട്ടിന്റെ 'ഹൃദയപൂര്‍വ്വം' എന്ന സൂപ്പര്‍ഹിറ്റ് സിനിമ പുതിയൊരു രാഷ്ട്രീയ കൊടുങ്കാറ്റിലേക്ക് വഴിതുറക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഉപയോഗിച്ച ഹെലികോപ്റ്റര്‍ പുതിയ സംശയങ്ങളുടെ നിഴലിലാണ്. കേരള പോലീസ് പ്രതിമാസം 80 ലക്ഷം രൂപ വാടക നല്കി നിര്‍ത്തിയിട്ടിരിക്കുന്ന അതേ ഹെലികോപ്റ്റര്‍ തന്നെയല്ലേ സിനിമയിലെ രംഗങ്ങള്‍ക്കായി ഉപയോഗിച്ചത് എന്ന കടുത്ത സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. സ്വകാര്യ കമ്പനിയായ ചിപ്സണ്‍ ഏവിയേഷനില്‍ നിന്നും പോലീസ് ആവശ്യങ്ങള്‍ക്കായി മാത്രം വാടകയ്ക്കെടുത്ത ഹെലികോപ്റ്ററും സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന ഹെലികോപ്റ്ററും തമ്മില്‍ അസാധാരണമായ സാദൃശ്യമുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ഇക്കാര്യം മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസിന്റെ മുന്നില്‍ എത്തിക്കഴിഞ്ഞു. പ്രതിമാസം ലക്ഷങ്ങള്‍ പൊതുഖജനാവില്‍ നിന്ന് ഒഴുക്കി വാടകയ്ക്കെടുത്തിരിക്കുന്ന സര്‍ക്കാര്‍ കോപ്റ്റര്‍ ഒരു സ്വകാര്യ സിനിമാ ചിത്രീകരണത്തിന് ലഭ്യമായോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. നിയമപ്രകാരം പോലീസ് ആവശ്യങ്ങള്‍ക്കും അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മാത്രമേ ഈ ഹെലികോപ്റ്റര്‍ കരാര്‍ പ്രകാരം ഉപയോഗിക്കാന്‍ പാടുള്ളൂ. മറിച്ചുള്ള വല്ല ഉപയോഗവും സിനിമാ നിര്‍മ്മാതാക്കള്‍ക്കായി ഇവിടെ നടന്നിട്ടുണ്ടോ എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇനി അടിയന്തരമായി പരിശോധിക്കുക. ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളും ചിത്രങ്ങളും അടിസ്ഥാനമാക്കിയാണ് ഈ സംശയദൂരീത അന്വേഷണം.
തലസ്ഥാന നഗരിയില്‍ കൃത്യമായ പാര്‍ക്കിങ് സ്ഥലം ഇല്ലാത്തതിനാല്‍ മധ്യകേരളത്തിലെ ഒരു സ്വകാര്യ താവളത്തിലാണ് നിലവില്‍ ഈ ഹെലികോപ്റ്റര്‍ ഒതുക്കിയിട്ടിരിക്കുന്നത്. ഒരു മാസം നിശ്ചിത മണിക്കൂറുകള്‍ പറക്കുന്നതിനാണ് ചിപ്സണ്‍ ഏവിയേഷന്‍ 80 ലക്ഷം രൂപ സര്‍ക്കാര്‍ ഉറപ്പായി നല്‍കുന്നത്. പറന്നാലും ഇല്ലെങ്കിലും ഈ ഭീമമായ തുക നല്‍കേണ്ടി വരുന്നതിനാല്‍ മുന്‍പ് പ്രതിപക്ഷത്തിരിക്കെ കോണ്‍ഗ്രസ് ഇതിനെ കടുത്ത 'ആകാശ ധൂര്‍ത്ത്' എന്ന് വിളിച്ച് വലിയ തോതില്‍ രാഷ്ട്രീയമായി വിമര്‍ശിച്ചിരുന്നു. ഈ കോപ്റ്റര്‍ പോലീസ് തന്നെ അപൂര്‍വ്വമായി മാത്രം ഉപയോഗിച്ചിരുന്ന സാഹചര്യത്തിലാണ്, സിനിമാ സെറ്റിലേക്ക് ഇത് പറന്നോ എന്ന സംശയം ശക്തമാകുന്നത്. ജയസൂര്യയുടെ പുതിയ ചിത്രത്തിലും സമാന ഹെലികോപ്ടര്‍ ഉപയോഗിക്കുന്നുണ്ട്.
അതേസമയം, നിലവിലുള്ള ഹെലികോപ്റ്ററിന്റെ കരാര്‍ കാലാവധി വരുന്ന ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കെ, ഇത് ഇനിയും തുടരണമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. പ്രകൃതി ദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനം, മാവോയിസ്റ്റ് വേട്ട, അടിയന്തര വി.ഐ.പി യാത്രകള്‍ എന്നിവയ്ക്കായി എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ കോപ്റ്റര്‍ വാടകയ്ക്കെടുത്തത്. ഈ കരാര്‍ പുതുക്കേണ്ടതില്ലെന്ന ആലോചനയില്‍ പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ ഇരിക്കെയാണ്, സിനിമയിലെ കോപ്റ്റര്‍ സാന്നിധ്യം പുതിയൊരു സാധ്യതയായി മുന്നിലെത്തുന്നത്. സിനിമയ്ക്ക് ഇത് വെറുതെ വിട്ടുകൊടുത്തോ എന്നതില്‍ വിശദീകരണം ബന്ധപ്പെട്ട കക്ഷികളില്‍ നിന്നും തേടും.
മാസം 20 മുതല്‍ 25 മണിക്കൂര്‍ വരെ പറക്കുന്നതിനാണ് 80 ലക്ഷം രൂപ ഹെലികോപ്റ്ററിന് വാടക നിശ്ചയിച്ചിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ത്തന്നെ യു.ഡി.എഫ് രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. ഖജനാവിലെ കോടികള്‍ വിഴുങ്ങുന്ന ഇത്തരം ആഡംബര കരാറുകള്‍ സംസ്ഥാനത്തിന് ബാധ്യതയാണെന്നായിരുന്നു പ്രതിപക്ഷ നിലപാട്. എന്നാല്‍ മാവോവാദി നിരീക്ഷണം, ആരോഗ്യ രക്ഷാപ്രവര്‍ത്തനം, അടിയന്തര ഘട്ടങ്ങളില്‍ വിശിഷ്ട വ്യക്തികളുടെ യാത്ര എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്സണ്‍ ഏവിയേഷനില്‍ നിന്നും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്.
ഈ കരാറിന്റെ ഏറ്റവും വലിയ ശാപം ഹെലികോപ്റ്റര്‍ ഉപയോഗിച്ചാലും ഇല്ലെങ്കിലും നിശ്ചിത പണം നല്‍കണം എന്നതാണ്. മുന്‍പ് മാവോവാദി നിരീക്ഷണത്തിനും മറ്റുമായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്ന ഫണ്ടില്‍ നിന്നാണ് ഹെലികോപ്റ്ററിന് വാടക നല്‍കിയിരുന്നത്. എന്നാല്‍ നിലവില്‍ കേന്ദ്രഫണ്ട് 75 ശതമാനത്തോളം കുറച്ചിട്ടുണ്ട്. അതിനാല്‍ കരാര്‍ തുടരുകയാണെങ്കില്‍ ഭീമമായ വാടകപ്പണം പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് കണ്ടെത്തേണ്ടി വരും. അവയവദാനവുമായി ബന്ധപ്പെട്ട് ഏഴ് പ്രാവശ്യം ഈ ഹെലികോപ്റ്റര്‍ സംസ്ഥാനത്ത് ഉപയോഗിച്ചിരുന്നത് മാത്രമാണ് പൊതുജനത്തിന് പ്രയോജനകരമായ ഏക കാര്യം. മാവോയിസ്റ്റ് നിരീക്ഷണത്തിന് എത്ര തവണ ഹെലികോപ്റ്റര്‍ ഉപയോഗിച്ചു എന്നതുള്‍പ്പെടെ പറന്നതിന്റെ കൃത്യമായ കണക്കുകള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഹെലികോപ്റ്റര്‍ ധൂര്‍ത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് അത് വാടകയ്ക്ക് എടുത്തതിനെതിരെ പ്രതിപക്ഷത്തായിരുന്ന യു.ഡി.എഫ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. അതിനേക്കാള്‍ സാമ്പത്തിക സ്ഥിതി ഇപ്പോള്‍ മോശമാണെന്നാണ് യു.ഡി.എഫ് സര്‍ക്കാര്‍ തയാറാക്കിയ ധവളപത്രം സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഹെലികോപ്റ്റര്‍ വാടക കരാര്‍ പുതുക്കുന്നത് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് വി.ഡി. സതീശന് സര്‍ക്കാര്‍. ഇതിനിടയിലാണ് സിനിമാ ചിത്രീകരണത്തിന് ഈ കോപ്റ്റര്‍ ഉപയോഗിച്ചു എന്ന തരത്തിലുള്ള കടുത്ത ആക്ഷേപം ഉയരുന്നത്.
