
ബെയ്ജിങ്: രോഗബാധിതനായ ഒരു കർഷകനെ സഹായിക്കാൻ ഒരു ഗ്രാമം മുഴുവൻ കൈകോർത്തതോടെ ചൈനയിൽ പിറന്നത് അപൂർവ്വമായൊരു സൗഹൃദ ഉടമ്പടി. ഷാൻക്സി പ്രവിശ്യയിലെ യാങ്സിയാൻ കൗണ്ടിയിൽ നിന്നുള്ള ജി യാവോജോങ് എന്ന കർഷകന്റെ കണ്ണീരൊപ്പാൻ ഹൂബെയ് പ്രവിശ്യയിലെ സിയാൻഫെങ് നിവാസികൾ കാണിച്ച വലിയ മനസ്സ് ഇപ്പോൾ രണ്ട് പ്രവിശ്യകൾ തമ്മിലുള്ള ഔദ്യോഗിക ബന്ധമായി മാറിയിരിക്കുകയാണ്.
മേയ് രണ്ടിനാണ് 4,000 കിലോ ആപ്പിളുമായി ജി യാവോജോങ് തന്റെ ട്രക്കിൽ സിയാൻഫെങ് കൗണ്ടിയിലെത്തിയത്. എന്നാൽ യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി പക്ഷാഘാതം ബാധിച്ച് അദ്ദേഹത്തിന്റെ വലതുകൈ തളരുകയും സംസാരശേഷി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു. സിയാൻഫെങ്ങിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിയുടെ ജീവൻ ഡോക്ടർമാർ രക്ഷിച്ചെങ്കിലും ദീർഘകാല ചികിത്സ ആവശ്യമായിരുന്നു.
കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗമായിരുന്നു 44-കാരനായ ജി. ചികിത്സയ്ക്കായി എത്തിയ ഭാര്യയ്ക്ക് ഡ്രൈവിങ് അറിയാത്തതിനാൽ ആപ്പിൾ ലോഡുമായി ട്രക്ക് ആശുപത്രി വളപ്പിൽ തന്നെ കിടന്നു. ഇതറിഞ്ഞ ആശുപത്രി അധികൃതർ മേയ് 4-ന് ജീവനക്കാരോട് ആപ്പിൾ വാങ്ങി ജിയെ സഹായിക്കാൻ അഭ്യർത്ഥിച്ചു. ആശുപത്രി കവാടത്തിൽ സ്റ്റാളുകൾ ഒരുക്കി കിലോയ്ക്ക് 2.5 യുവാൻ (ഏകദേശം 30 രൂപ) നിരക്കിലായിരുന്നു വിൽപന. സോഷ്യൽ മീഡിയയിലൂടെ വാർത്ത പടർന്നതോടെ നാട്ടുകാർ കൂട്ടത്തോടെയെത്തി.
വെറും 19 മണിക്കൂറിനുള്ളിൽ 4,000 കിലോ ആപ്പിളും വിറ്റുതീർന്നു. ഏകദേശം 34,000 യുവാൻ (4 ലക്ഷത്തോളം രൂപ) ആണ് ജിക്ക് ഇതിലൂടെ ലഭിച്ചത്. തങ്ങളുടെ നാട്ടുകാരനെ സഹായിച്ച സിയാൻഫെങ് നിവാസികളോട് നന്ദി പ്രകടിപ്പിക്കാൻ യാങ്സിയാൻ ഭരണകൂടം മേയ് 6-ന് ഒരു വേറിട്ട തീരുമാനം എടുത്തു. സിയാൻഫെങ് ഉൾപ്പെടുന്ന എൻഷി നഗരത്തിലെ താമസക്കാർക്ക് യാങ്സിയാനിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒരു വർഷത്തേക്ക് പ്രവേശനം സൗജന്യമാക്കി.
തൊട്ടുപിറ്റേന്ന് തന്നെ സിയാൻഫെങ് ഭരണകൂടം ഇതിന് തിരിച്ചും മറുപടി നൽകി. ലോക പൈതൃക കേന്ദ്രമായ ടാംഗിയ തുസി കോട്ടയടക്കമുള്ള സ്ഥലങ്ങളിൽ യാങ്സിയാൻ നിവാസികൾക്കും ഇനി സൗജന്യമായി പ്രവേശിക്കാം. ഒരു കർഷകന്റെ ദുരിതത്തിൽ തുടങ്ങിയ സഹായഹസ്തം ഇന്ന് രണ്ട് നാടുകൾ തമ്മിലുള്ള ഗാഢമായ സൗഹൃദമായി മാറിയത് ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരിക്കുകയാണ്.
