
ആലപ്പുഴ: നവകേരള സദസ്സിന്റെ ഭാഗമായി ആലപ്പുഴയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു. പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ വാഹനത്തില്‍ നിന്നിറങ്ങി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പിണറായി വിജയന്റെ ഗണ്മാന് അനില്‍കുമാറിനും സുരക്ഷാ ജീവനക്കാര്‍ക്കും കനത്ത തിരിച്ചടി. കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച കുട്ടികളെ ലാത്തൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയ സംഭവം വെറും 'രക്ഷാപ്രവര്‍ത്തനം' മാത്രമാണെന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ന്യായീകരണ ക്യാപ്സൂളുകളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഗണ്മാന് ഉള്‍പ്പെടെയുള്ളവര്‍ വരും ദിവസങ്ങളില്‍ ജയിലിലാകും.
മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത പ്രവര്‍ത്തകരെ വഴിയില്‍ നിന്നും മാറ്റുക മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചെയ്തതെന്നായിരുന്നു ആഭ്യന്തര വകുപ്പും പോലീസും ആദ്യം മുതല്‍ കോടതിയില്‍ സ്വീകരിച്ച നിലപാട്. എന്നാല്‍, പ്രതിഷേധക്കാരെ പിടിച്ചുവെച്ച ശേഷവും ഓടിയെത്തി തലങ്ങും വിലങ്ങും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ അന്വേഷണസംഘത്തിന് വധശ്രമക്കുറ്റം ചുമത്തേണ്ടി വരികയായിരുന്നു. കേസില്‍ കോടതിയുടെ കര്‍ശനമായ ഇടപെടലുകളും നിരീക്ഷണങ്ങളും ഉണ്ടായതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് ഒടുവില്‍ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതരായത്.
കേസില്‍ വധശ്രമക്കുറ്റം (ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേല്‍പ്പിക്കല്‍) കൂടി ഉള്‍പ്പെടുത്തിയതോടെ മുഖ്യമന്ത്രിയുടെ ഗണ്മാന് അനില്‍കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് എന്നിവരുള്‍പ്പെടെയുള്ള പ്രതികള്‍ കടുത്ത നിയമപ്രതിസന്ധിയിലാണ്. നിലവില്‍ ഇവര്‍ സമര്‍പ്പിച്ചിട്ടുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ പോലീസിന് ഇവരെ അറസ്റ്റ് ചെയ്യേണ്ടി വരും. സാധാരണ ക്രിമിനല്‍ കേസുകളിലെ പ്രതികളെപ്പോലെ ആഭ്യന്തര വകുപ്പിന്റെ തണലില്‍ കഴിയുന്ന ഉദ്യോഗസ്ഥര്‍ക്കും കോടതിക്ക് മുന്നില്‍ കീഴടങ്ങേണ്ടി വരുമെന്നത് സര്‍ക്കാരിനും വലിയ രാഷ്ട്രീയ ആഘാതമായി മാറിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങളായിരുന്ന ഷൈജു, വിപിന്‍, അരുണ്‍ എന്നിവരും പ്രതികളാണ്.
അന്ന് ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വെച്ച് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എഡിസണ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ നിന്നിറങ്ങിയ സുരക്ഷാ സംഘം ക്രൂരമായി തല്ലിച്ചതച്ചത്. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ പ്രവര്‍ത്തകര്‍ മരണത്തെ മുഖാമുഖം കണ്ട അവസ്ഥയിലായിരുന്നു. പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരെയെല്ലാം നോക്കുകുത്തിയാക്കിയാണ് ഗണ്‍മാനും സംഘവും അടിച്ചൊതുക്കിയത്.
സംഭവം നടന്ന് നാളുകളേറെയായിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചിരുന്നത്. മര്‍ദ്ദനത്തിന് ഇരയായവര്‍ കോടതിയെ സമീപിച്ചതോടെയാണ് കേസ് എടുക്കാന്‍ പോലും ആലപ്പുഴ സൗത്ത് പോലീസ് തയ്യാറായത്. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ വന്‍ അണിയറ നീക്കങ്ങള്‍ നടന്നു. എന്നാല്‍, നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഉദ്യോഗസ്ഥരെ വെറുതെ വിടില്ലെന്ന നിലപാടിലാണ് കോടതി മുന്നോട്ട് പോയത്.
മുഖ്യമന്ത്രി പിണറായി വിജയന് തന്നെ പരസ്യമായി ഈ മര്‍ദ്ദനത്തെ ന്യായീകരിച്ച് രംഗത്തെത്തിയത് അന്ന് വലിയ വിവാദമായിരുന്നു. 'അത് മര്‍ദ്ദനമല്ല, ജീവന് രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനമാണ്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. എന്നാല്‍, ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ വാദങ്ങളെ പൂര്‍ണ്ണമായും തള്ളിപ്പറയുന്നതാണ് സ്വന്തം അന്വേഷണ ഏജന്‍സിയായ ക്രൈംബ്രാഞ്ചിന്റെ പുതിയ റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനമല്ല, മറിച്ച് മനഃപൂര്‍വ്വമായ നരഹത്യാശ്രമമാണ് അവിടെ നടന്നതെന്ന് അന്വേഷണസംഘം കോടതിയില്‍ സമ്മതിച്ചിരിക്കുകയാണ്.
