
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തും. പത്തുദിവസം നീണ്ടുനിന്ന കടുത്ത അനിശ്ചിതത്വങ്ങള്‍ക്കും നാടകീയമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കുമാണ് ഇതോടെ തിരശ്ശീല വീഴുന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് തീരുമാനം. പത്ര സമ്മേളനം വിളിച്ചാണ് തീരുമാനം എടുത്തത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേര് ഹൈക്കമാന്‍ഡ് സജീവമായി പരിഗണിച്ചിരുന്നെങ്കിലും, വി.ഡി. സതീശനായി മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ നടത്തിയ കടുത്ത സമ്മര്‍ദ്ദമാണ് നിര്‍ണ്ണായകമായത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം സതീശന് നടത്തിയ പോരാട്ടവും ഘടകകക്ഷികളുമായുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ ബന്ധവും ഹൈക്കമാന്‍ഡിനെ ഈ തീരുമാനത്തിലേക്ക് എത്തിച്ചു. സതീശനെ മുഖ്യമന്ത്രിയാക്കാത്ത പക്ഷം മുന്നണിയിലുണ്ടായേക്കാവുന്ന വിള്ളലുകള്‍ രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ചിന്തിപ്പിച്ചു.
ഹൈക്കമാന്‍ഡ് പ്രതിനിധികളായ ദീപാ ദാസ് മുന്‍ഷി, അജയ് മാക്കന്, മുകുള്‍ വാസ്നിക് എന്നിവര്‍ ഇനി തിരുവനന്തപുരത്ത് എത്തും. നിയമസഭാ കക്ഷി യോഗത്തിലെ പ്രഖ്യാപനത്തിന് പിന്നാലെ സതീശന് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. 102 സീറ്റുകളുടെ പടുകൂറ്റന്‍ ഭൂരിപക്ഷവുമായി അധികാരമേല്‍ക്കുമ്പോള്‍ സതീശന് മുന്നിലുള്ളത് കനല്‍വഴികളാണ്. സാമ്പത്തിക പ്രതിസന്ധിയിലായ കേരളത്തെ കരകയറ്റുക എന്നതാണ് ആദ്യ കടമ്പ.
ഘടകകക്ഷികള്‍ ഉന്നയിക്കുന്ന അധിക മന്ത്രിസ്ഥാനങ്ങളും വകുപ്പുകളും സന്തുലിതമായി കൈകാര്യം ചെയ്യുക എന്ന നയതന്ത്രജ്ഞതയും അദ്ദേഹം പയറ്റേണ്ടി വരും. എങ്കിലും, വ്യക്തമായ വികസന കാഴ്ചപ്പാടുള്ള സതീശന് കേരളത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് അണികള്‍.
