
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിന് സിനിമയുടെ പ്രചാരണാർത്ഥം ഖത്തറിലേക്ക് പോകാൻ കോടതി അനുമതി നൽകി. 'ദൃശ്യം 3' സിനിമയുടെ പ്രമോഷൻ ഷോയിൽ പങ്കെടുക്കാനാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (രണ്ട്) ജഡ്ജി ടാനിയ മറിയം ജോസ് അനുമതി നൽകിയത്. ഈ മാസം 21-നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
സിനിമയിലെ അഭിനേതാവ് എന്ന നിലയിൽ മെയ് 19 മുതൽ 23 വരെ ഖത്തറിൽ നടക്കുന്ന പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാനാണ് ഇളവ് അനുവദിച്ചത്. സുപ്രീം കോടതി അനുവദിച്ച ജാമ്യവ്യവസ്ഥ പ്രകാരം കോടതിയിൽ ഹാജരാക്കിയിരുന്ന പാസ്പോർട്ട് നിബന്ധനകളോടെ വിട്ടുനൽകാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടു. യാത്ര കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം പാസ്പോർട്ട് തിരികെ കോടതിയിൽ ഏൽപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
ഔദ്യോഗികമായ ജോലി ആവശ്യങ്ങൾ പരിഗണിച്ചാണ് ജാമ്യവ്യവസ്ഥയിൽ കോടതി ഇളവ് നൽകിയത്. 2016 ജനുവരി 28-ന് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവനടി നൽകിയ പരാതി. ഹോട്ടലിലെത്തിച്ച് പരാതിക്കാരിയുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
