

ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ (WFI) കാരണംകാണിക്കൽ നോട്ടീസും വിലക്കും. അച്ചടക്ക ലംഘനം, ഉത്തേജക വിരുദ്ധ നിയമങ്ങളുടെ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടപടി. ഇതോടെ ജൂൺ 26 വരെ വിനേഷിന് ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാനാവില്ല. ഞായറാഴ്ച ഗോണ്ടയിൽ ആരംഭിക്കുന്ന നാഷണൽ ഓപ്പൺ റാങ്കിങ് ടൂർണമെന്റിലൂടെ മത്സരരംഗത്തേക്ക് മടങ്ങിവരാനുള്ള താരത്തിന്റെ നീക്കത്തിന് ഇതോടെ തിരിച്ചടിയേറ്റു.
പാരീസ് ഒളിമ്പിക്സിലെ അയോഗ്യത ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇന്ത്യൻ ഗുസ്തിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് 15 പേജുള്ള നോട്ടീസിൽ ഫെഡറേഷൻ ആരോപിക്കുന്നു. 14 ദിവസത്തിനകം മറുപടി നൽകാനാണ് നിർദ്ദേശം. വിരമിക്കൽ പ്രഖ്യാപിച്ച ശേഷം മത്സരരംഗത്തേക്ക് മടങ്ങിയെത്തുന്ന താരങ്ങൾ ആറു മാസം മുൻപ് യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗിനെ അറിയിക്കണമെന്നും ഈ കാലയളവിൽ പരിശോധനകൾക്ക് വിധേയമാകണമെന്നുമാണ് ചട്ടം.
എന്നാൽ വിനേഷ് ഈ നിബന്ധന പാലിച്ചില്ലെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു. 2024 ഡിസംബറിൽ താൻ 2025 ഓഗസ്റ്റ് വരെ വിട്ടുനിൽക്കുമെന്ന് അറിയിച്ചിരുന്ന താരം, പിന്നീട് മടങ്ങിവരവ് പ്രഖ്യാപിച്ചെങ്കിലും നിർബന്ധിത ആറു മാസത്തെ നോട്ടീസ് കാലാവധി പൂർത്തിയാക്കിയിട്ടില്ല. 2025 ഡിസംബർ 18-ന് നടന്ന പരിശോധനയിൽ താരത്തെ കണ്ടെത്താനായില്ലെന്ന് അന്താരാഷ്ട്ര പരിശോധനാ ഏജൻസി (ITA) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് ഉത്തേജക വിരുദ്ധ നിയമങ്ങളുടെ ലംഘനമായി കാണുന്നു.
പാരീസ് ഒളിമ്പിക്സിൽ 100 ഗ്രാം ഭാരം കൂടിയതിനെത്തുടർന്ന് അയോഗ്യയായത് ഇന്ത്യയ്ക്ക് ഉറച്ച മെഡൽ നഷ്ടപ്പെടുത്തിയെന്നും ഇത് വലിയ തിരിച്ചടിയായെന്നും നോട്ടീസിലുണ്ട്. സമാനമായ ഭാര നിയന്ത്രണ വീഴ്ചകളിൽ അമൻ സെഹ്രാവത്ത്, നേഹ സാങ്‌വാൻ എന്നിവർക്കെതിരെ നേരത്തെ അച്ചടക്ക നടപടി എടുത്തിട്ടുള്ള കാര്യവും ഡബ്ല്യുഎഫ്ഐ ഓർമ്മിപ്പിച്ചു.
2024 മാർച്ചിൽ നടന്ന സെലക്ഷൻ ട്രയൽസിൽ ചട്ടങ്ങൾ ലംഘിച്ച് രണ്ട് ഭാരവിഭാഗങ്ങളിൽ (50 കിലോ, 53 കിലോ) മത്സരിച്ചതും ട്രയൽസ് വൈകിച്ചതും അച്ചടക്ക ലംഘനമായി നോട്ടീസിൽ പറയുന്നു. ഒളിമ്പിക്സിന് മുൻപ് 53 കിലോ വിഭാഗത്തിൽ വീണ്ടും ട്രയൽസ് വേണമെന്ന് വിനേഷ് കടുത്ത സമ്മർദ്ദം ചെലുത്തിയതായും ഫെഡറേഷൻ ആരോപിച്ചു.