

മുംബൈ: സമൂഹമാധ്യമങ്ങളിൽ വ്ലോഗ് പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് പഞ്ചാബ് കിങ്സ് താരം അർഷ്ദീപ് സിങ്ങിന് ബിസിസിഐയുടെ വിലക്ക്. ടീമംഗങ്ങൾക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ അർഷ്ദീപ് പകർത്തിയ വ്ലോഗിൽ, സഹതാരം യുസ്വേന്ദ്ര ചഹൽ ഇ–സിഗരറ്റ് (വേപ്) ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ടതാണ് നടപടിക്ക് കാരണം. ഐപിഎൽ സീസൺ അവസാനിക്കുന്നതുവരെ വ്ലോഗുകൾ ചിത്രീകരിക്കുന്നതിനാണ് അർഷ്ദീപിന് വിലക്കേർപ്പെടുത്തിയത്.
മത്സരങ്ങൾക്കായി ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം. സഹതാരങ്ങളോട് കുസൃതി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടുള്ള വീഡിയോ അർഷ്ദീപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ വീഡിയോ ശ്രദ്ധിച്ച ആരാധകർ ചഹലിന്റെ കയ്യിലുള്ള ഇ–സിഗരറ്റ് കണ്ടെത്തുകയായിരുന്നു. ഇതോടെ സംഭവം വിവാദമാവുകയും അർഷ്ദീപ് വീഡിയോ പിൻവലിക്കുകയും ചെയ്തു.
വീഡിയോ നീക്കം ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻ റെക്കോർഡിങ്ങുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യയിൽ 2019 മുതൽ ഇ–സിഗരറ്റുകൾക്ക് നിരോധനമുണ്ട്. ഒരു ദേശീയ താരം തന്നെ ഇത്തരത്തിൽ നിയമം ലംഘിച്ചത് ബിസിസിഐ ഗൗരവമായാണ് കാണുന്നത്. വിഷയത്തിൽ പഞ്ചാബ് കിങ്സ് മാനേജ്മെന്റോ താരങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
What’s with this vape craze among cricketers? And how are they even allowed to vape on flights?
— Aarya 🕊️ (@Vitamin_Vk18) May 7, 2026
First Riyan Parag caught Vaping in a live match now Yuzvendra Chahal. pic.twitter.com/eOKlA4eGHJ
നേരത്തെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ് ഡ്രസ്സിങ് റൂമിലിരുന്ന് ഇ–സിഗരറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞത് വലിയ വിവാദമായിരുന്നു. അന്ന് ബിസിസിഐ പരാഗിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അർഷ്ദീപിനും ചഹലിനും നേരെ അച്ചടക്ക നടപടി ഉണ്ടാകുന്നത്.