

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കവെ, സംസ്ഥാനത്ത് കോണ്‍ഗ്രസിനുള്ളിലെ 'ഫ്ലക്സ് യുദ്ധം' തീരുന്നു. വി.ഡി. സതീശനെതിരെ കടുത്ത ആരോപണങ്ങളുമായി കെ.സി. വേണുഗോപാല്‍ പക്ഷം രംഗത്തെത്തിയതോടെ പോര് തെരുവിലേക്ക് വ്യാപിച്ചിരുന്നു. കോഴിക്കോട് ഡിസിസി ഓഫീസിനു മുന്നില്‍ സതീശനെതിരെ ഉയര്‍ന്ന ബാനറിലെ ആരോപണങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഞെട്ടിക്കുന്നതാണ്.
കോഴിക്കോട് കെ. കരുണാകരന് സ്മാരക മന്ദിരത്തിന് (ഡിസിസി ഓഫീസ്) മുന്നിലാണ് വി.ഡി. സതീശനെ പ്രതിക്കൂട്ടിലാക്കുന്ന ബാനര്‍ കെ.സി. വേണുഗോപാല്‍ അനുകൂലികള്‍ സ്ഥാപിച്ചത്. 'സതീശന് അദാനി ഗ്രൂപ്പുമായി രഹസ്യബന്ധമോ?' എന്ന ചോദ്യമാണ് ബാനറിലെ പ്രധാന ഉള്ളടക്കം. അദാനി ഗ്രൂപ്പ് പ്രസിഡന്റ് കിഷോര്‍ ആല്വയുമായി സതീശന് കൂടിക്കാഴ്ച നടത്തുന്ന ചിത്രവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സതീശന്റെ പിആര്‍ വര്‍ക്കുകള്‍ക്കായി പണം നല്‍കുന്നത് അദാനി ഗ്രൂപ്പാണോ അതോ ജമാഅത്തെ ഇസ്ലാമിയാണോ എന്ന ചോദ്യവും ബാനറിലുണ്ട്. സംഭവം വിവാദമായതോടെ പിന്നീട് ഇത് മാറ്റി. രാഹുല്‍ ഗാന്ധിയുടെ ശാസനയുടെ ഫലമായിരുന്നു ഇത്. പുതിയ ഫ്ളക്സുകളും വ്ന്നിട്ടില്ല. ഇത് കോണ്‍ഗ്രസിന് ആശ്വാസമാണ്.
മുഖ്യമന്ത്രിക്കായുള്ള അവകാശവാദങ്ങള്‍ മുറുകുമ്പോള്‍ പ്രതിഷേധ പ്രകടനങ്ങള്‍ എല്ലാ മര്യാദകളും ലംഘിച്ചിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ കെ.സി. വേണുഗോപാലിന്റെ ചിത്രത്തില്‍ തുപ്പിയായിരുന്നു ചിലര്‍ പ്രതിഷേധിച്ചത്. മലപ്പുറം ഡിസിസി ഓഫീസിനു മുന്നിലെ വേണുഗോപാലിന്റെ ചിത്രത്തില്‍ സ്പ്രേ പെയിന്റടിച്ച് വികൃതമാക്കി. ഇതിനു പകരമായി കോഴിക്കോട് സതീശന്റെ ഫ്ലക്സുകളില്‍ കരിഓയില്‍ ഒഴിച്ചാണ് എതിര്‍പക്ഷം പ്രതികരിച്ചത്. ഇതെല്ലാം രാഹുല്‍ ഗൗരവത്തില്‍ എടുത്തു. വിഡിയെയാണ് കൂടുതല്‍ രാഹുല്‍ ശാസിച്ചത്.
തിരുവനന്തപുരത്ത് കെപിസിസി ഓഫീസിനു മുന്നില്‍ ഉമ്മന്‍ചാണ്ടിയുടെ ചിത്രം വെച്ച് സതീശനെതിരെ വേണുഗോപാല്‍ പക്ഷം പുതിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ 'തീവെട്ടിക്കൊള്ളക്കാരുടെ സംഘം' എന്ന് സതീശന് വിശേഷിപ്പിച്ചത് ഓര്‍മ്മിപ്പിച്ചാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. 'ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് മാപ്പില്ല' എന്ന തലക്കെട്ടില്‍ സോളാര്‍ കേസ് കാലത്തെ സതീശന്റെ നീക്കങ്ങള്‍ ബോര്‍ഡില്‍ അക്കമിട്ടു നിരത്തുന്നു.
ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കാന്‍ ജില്ലകള്‍ തോറും കൂലിപ്പട്ടാളത്തെ ഇറക്കി പ്രകടനം നടത്തുന്നത് സതീശനാണെന്നും, എഐ ഉപയോഗിച്ച് പൊതുബോധം ഉണ്ടാക്കാമെന്നത് വെറും വ്യാമോഹം മാത്രമാണെന്നും ബോര്‍ഡില്‍ പരിഹസിക്കുന്നുണ്ട്. കെ. സുധാകരനെ മാറ്റാന്‍ സതീശന് ദേശീയ നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കിയെന്ന ഗുരുതര ആരോപണവും ഇതിലുണ്ട്. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി കടുത്ത നിലപാട് എടുത്തത്. ഇതോടെ പല ഫ്ളക്സുകളും അപ്രത്യക്ഷമായി.
സതീശന്റെ സ്വന്തം മണ്ഡലമായ പറവൂരിലും കെ.സി. വേണുഗോപാല്‍ അനുകൂലികള്‍ ഫ്ലക്സുകള്‍ സ്ഥാപിച്ചിരുന്നു. സതീശന്റെ ശക്തികേന്ദ്രങ്ങളില്‍ കടന്നുകയറി വേണുഗോപാല്‍ പക്ഷം നടത്തുന്ന ഈ നീക്കം വരുംദിവസങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചേക്കാം എന്നും വിലയിരുത്തല്‍ എത്തി. ഭരണമാറ്റം ആഘോഷിക്കേണ്ട സമയത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തെരുവില്‍ ചെളിവാരിയെറിയുന്നത് അണികള്‍ക്കിടയില്‍ കടുത്ത നിരാശയുണ്ടാക്കി. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും അച്ചടക്കത്തെക്കുറിച്ച് താക്കീത് നല്‍കിയതോടെ ബാനര്‍ പോര് കുറയുകയാണ്.