
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ഭാരവാഹികൾക്കിടയിലെ ആഭ്യന്തര തർക്കങ്ങളും ചേരിതിരിവും മറനീക്കി പുറത്തുവരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അൻസിബ ഹസന്റെ അപ്രതീക്ഷിത രാജിയും ഓഫീസിലെ മുൻ ജീവനക്കാരിയായ അതുല്യ ഉന്നയിച്ച ഗുരുതരമായ തൊഴിൽ പീഡന പരാതിയും സംഘടനയെ വൻ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. സംഘടനയ്ക്കുള്ളിലെ ഭരണപരമായ സ്വേച്ഛാധിപത്യവും ഭാരവാഹികളുടെ സ്ത്രീവിരുദ്ധ നിലപാടുകളുമാണ് ഈ പൊട്ടിത്തെറിക്ക് പിന്നിലെന്ന് സൂചിപ്പിക്കുന്ന പരാതിയുടെ പകർപ്പ് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ട്രഷറർ ഉണ്ണി ശിവപാൽ എന്നിവർക്കെതിരെയാണ് ഓഫീസിലെ മുൻ ജീവനക്കാരി രംഗത്തെത്തിയത്. ട്രഷററിൽ നിന്ന് നേരിട്ട മോശം പെരുമാറ്റത്തെക്കുറിച്ച് ജനറൽ സെക്രട്ടറിയോട് പരാതിപ്പെട്ടപ്പോൾ, തന്നെ സംരക്ഷിക്കുന്നതിന് പകരം ഭീഷണിപ്പെടുത്തുകയും ഏകപക്ഷീയമായി ജോലിയിൽ നിന്ന് പുറത്താക്കുകയുമാണ് ഉണ്ടായതെന്ന് അതുല്യ ആരോപിക്കുന്നു. ‘ഒരാളെ ഇഷ്ടമല്ലെങ്കിൽ അയാളെ വെട്ടിമാറ്റുന്നതാണ് ശീലം’ എന്ന കുക്കു പരമേശ്വരന്റെ പ്രസ്താവന സംഘടനയ്ക്കുള്ളിലെ ജനാധിപത്യവിരുദ്ധമായ പോക്കിന്റെ തെളിവായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അൻസിബ ഹസന്റെ രാജിക്ക് പിന്നിലും സമാനമായ കാരണങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഭരണസമിതിയിലെ ചില അംഗങ്ങളുടെ ഏകാധിപത്യപരമായ തീരുമാനങ്ങളിലും സ്ത്രീകളോടുള്ള മോശം സമീപനത്തിലും പ്രതിഷേധിച്ചാണ് അൻസിബ പടിയിറങ്ങിയത്. പരാതി നൽകുന്ന ജീവനക്കാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുന്ന രീതിയാണ് സംഘടനയിൽ നിലനിൽക്കുന്നതെന്ന് അതുല്യയുടെ പരാതി അടിവരയിടുന്നു. പ്രസിഡന്റ് പോലും അറിയാതെയാണ് തന്നെ പിരിച്ചുവിട്ടതെന്ന അതുല്യയുടെ വെളിപ്പെടുത്തൽ സംഘടനയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണ്.
സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ട്രഷററുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾ ചോദ്യം ചെയ്യുന്നവരെ ശത്രുക്കളായി കാണുന്ന രീതിയും ‘അമ്മ’യുടെ ഓഫീസിനുള്ളിൽ നിലനിൽക്കുന്നതായി ആരോപണമുണ്ട്. താരസംഘടനയിലെ വനിതാ ഭാരവാഹികൾ തന്നെ മറ്റൊരു സ്ത്രീയോട് ഇത്തരത്തിൽ പെരുമാറുന്നത് സംഘടനയുടെ മൂല്യങ്ങളെ തകർക്കുന്നതാണെന്ന വിമർശനം ഇതിനോടകം ശക്തമായിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സംഘടനയ്ക്കുള്ളിലെ ഈ അധികാര വടംവലി വലിയ നിയമപോരാട്ടങ്ങളിലേക്കും ഭരണപരമായ മാറ്റങ്ങളിലേക്കും നയിച്ചേക്കാം.
താരസംഘടനയായ ‘അമ്മ’യുടെ ഓഫീസിൽ നടന്ന ഭരണപരമായ സ്വേച്ഛാധിപത്യവും, സാമ്പത്തിക ക്രമക്കേടുകളും, വ്യക്തിപരമായ അധിക്ഷേപങ്ങളും അക്കമിട്ട് നിരത്തുന്നതാണ് പുറത്തുവന്ന അതുല്യയുടെ കത്തിന്റെ പൂർണ്ണരൂപം. സംഘടനയെ പിടിച്ചുലയ്ക്കുന്ന അതീവ ഗുരുതരമായ ആരോപണങ്ങളാണ് കത്തിലുള്ളത്.
ട്രഷറർ ഉണ്ണി ശിവപാലിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ടതിനാണ് തന്നെ ജോലിയിൽ നിന്ന് പുറത്താക്കിയതെന്ന് അതുല്യ വ്യക്തമാക്കുന്നു. പരാതി പറഞ്ഞതിന് പിന്നാലെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തന്നെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി. ‘ഉണ്ണിക്ക് ഒരാളെ ഇഷ്ടമല്ലെങ്കിൽ വെട്ടിമാറ്റുന്ന സ്വഭാവമാണെന്നും, അദ്ദേഹം ഒറ്റയ്ക്ക് കഴിയുന്ന ആളായതിനാൽ ഞാൻ അഡ്ജസ്റ്റ് ചെയ്യണം’ എന്നുമാണ് ജനറൽ സെക്രട്ടറി പറഞ്ഞത്. പ്രസിഡന്റിനോട് പരാതി പറയരുതെന്ന് തന്നെ വിലക്കിയതായും കത്തിൽ പറയുന്നു.
സംഘടനയിലെ എക്സിക്യൂട്ടീവ് അംഗങ്ങളെപ്പോലും അശ്ലീലം കലർന്ന ഭാഷയിൽ ട്രഷററും സെക്രട്ടറിയും അധിക്ഷേപിക്കാറുണ്ടെന്ന് അതുല്യ ആരോപിക്കുന്നു. ജോയിന്റ് സെക്രട്ടറി, സരയു, കൈലാഷ്, സിജോയ് വർഗീസ് തുടങ്ങിയവരെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തുന്നത് താൻ നേരിട്ട് കേട്ടിട്ടുണ്ട്. സരയുവിനെ കണ്ടാൽ വിടില്ല..ക്യാമറ ഉണ്ടെങ്കിൽ എവിടെ ഇരിക്കുന്നു എന്നുവരെ നോക്കാറുണ്ട്. ഒരു നടനെ ചേർത്ത് അശ്ലീലം പറയുന്നതും കേട്ടിട്ടുണ്ട്. ഹൗസ് കീപ്പിങ് ബോയ്യോട് രഹസ്യമായി പലതും ചോദിക്കും. തന്നെയും സെക്യൂരിറ്റിയെയും ചേർത്ത് അനാവശ്യമായ സംശയങ്ങൾ ഉന്നയിച്ച് അപമാനിക്കാൻ ട്രഷറർ ശ്രമിച്ചതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
സംഘടനയിൽ നടക്കുന്ന സാമ്പത്തിക ഇടപാടുകൾ പ്രസിഡന്റ് അറിയാതിരിക്കാൻ സെക്രട്ടറി ജാഗ്രത പുലർത്തിയിരുന്നു. ബാങ്ക് ട്രാൻസാക്ഷൻ വിവരങ്ങൾ പ്രസിഡന്റിനെ അറിയിക്കരുതെന്ന് നിർദ്ദേശിച്ചു. അച്ചടക്ക സമിതിയുടെ പേരിലും ടിഎ ഇനത്തിലും ലക്ഷക്കണക്കിന് രൂപ ചെലവാകുന്നുണ്ട്. ട്രഷറർ പഴയ തീയതി വെച്ച് ചെക്കുകൾ എഴുതാറുണ്ടെന്നും, സ്വന്തം ആവശ്യങ്ങൾക്കായി ചെലവാക്കുന്ന പണത്തിന് രേഖകളില്ലാതെ സെക്രട്ടറി അപ്രൂവൽ നൽകാറുണ്ടെന്നും അതുല്യ ആരോപിക്കുന്നു.
അംഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ജനറൽ സെക്രട്ടറി ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തി. ലക്ഷ്മിപ്രിയയ്ക്കെതിരെ മെയിൽ അയക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും അച്ചടക്ക സമിതി ഉണ്ടാക്കി പ്രശ്നങ്ങൾ ആളിക്കത്തിക്കുകയും ചെയ്തു. ടിനി ടോമിനെപ്പോലുള്ളവർക്ക് ചായ ഉണ്ടാക്കി നൽകരുതെന്ന് വിലക്കിയപ്പോൾ, മായാ വിശ്വനാഥിന് ചായയുണ്ടാക്കി നൽകാൻ തന്നെ അവധി ദിവസത്തിൽ പോലും വിളിച്ചുവരുത്തി ‘അടിമപ്പണി’ ചെയ്യിച്ചതായും കത്തിൽ പറയുന്നു.
ഓഫീസിൽ പുതിയ ക്യാമറകൾ സ്ഥാപിച്ച് എക്സിക്യൂട്ടീവ് അംഗങ്ങളുടെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നു. ഓരോ മെമ്പറും എപ്പോൾ വന്നു, എവിടെ ഇരുന്നു തുടങ്ങിയ കാര്യങ്ങൾ തന്നോട് ചോദിച്ച് മനസ്സിലാക്കുമായിരുന്നു. ഒടുവിൽ തനിക്കെതിരെ കള്ളപ്പരാതി നൽകാൻ സെക്യൂരിറ്റി ജീവനക്കാരന് ഓഫറുകൾ നൽകി സ്വാധീനിക്കാൻ സെക്രട്ടറി ശ്രമിച്ചതായും അതുല്യ വെളിപ്പെടുത്തി.
കത്തിന്റെ പൂർണരൂപം ഇങ്ങനെ...
‘അമ്മ’യുടെ ഓഫിസിൽ ട്രഷററിൽ നിന്നുണ്ടായ ചില മോശം പെരുമാറ്റങ്ങളും മാനസിക പീഡനവും ജനറൽ സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഓഫിസ് മാനേജർ ആയിരുന്ന എന്നെ ടെർമിനേറ്റ് ചെയ്യുന്ന നടപടി ആണ് ജനറൽ സെക്രട്ടറിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഈ ഒരു ടെർമിനേഷൻ തന്നതിന്റെ കാരണം അറിയാൻ ഞാൻ താൽപര്യപ്പെടുന്നു. എന്റെ ജോലികൾ തൃപ്തികരമല്ല എന്ന് എനിക്ക് ലഭിച്ച കത്തിൽ സൂചിപ്പിക്കുന്നുണ്ട്. പ്രൊബേഷൻ പീരീഡ് മാർച്ചിൽ കഴിഞ്ഞതാണ്. തൃപ്തികരമല്ലെങ്കിൽ മാർച്ചിൽ ലെറ്റർ തരേണ്ടതാണ്. ഏപ്രിൽ 30 ആയപ്പോൾ മാത്രം തൃപ്തികരമല്ല എന്ന് പറഞ്ഞത് ഞാൻ ട്രഷറര്ക്ക് എതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണെന്നുള്ളത് എനിക്കറിയാം.
ഒരു വനിത സ്റ്റാഫിനു ട്രഷററിന്റെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റം ഉണ്ടായി എന്ന് പറയുമ്പോൾ കുറഞ്ഞപക്ഷം കാര്യങ്ങൾ എന്താണെന്നു അന്വേഷിക്കുന്നതിനു പകരം ജനറൽ സെക്രട്ടറി എന്നെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. പരാതി പറഞ്ഞാൽ പിന്നെ ഞാൻ ഓഫിസിൽ തുടരാൻ പാടില്ല. ലെറ്റർ ഇട്ടാൽ അപ്പോഴേ ഓഫിസിൽ നിന്നും ഞാൻ പൊക്കോളണം. ഉണ്ണിക്ക് ഒരാളെ ഇഷ്ടമല്ലെങ്കിൽ അയാളെ കട്ട് ചെയുന്ന സ്വഭാവം ആണ്. ഉണ്ണി ഒറ്റയ്ക്കു ജീവിക്കുന്ന ഒരുപാട് പ്രശ്നങ്ങളുള്ള ആളാണ് എന്നൊക്കെയാണ് ജനറൽ സെക്രട്ടറി പറഞ്ഞത്. കൂടാതെ ഞാൻ പരാതിപ്പെട്ട ശേഷം കഴിഞ്ഞമാസങ്ങളിൽ പലതവണ ഞാൻ ഓഫിസിൽ നിന്നും എപ്പോഴാണ് ജോലി അവസാനിപ്പിച്ചു പോകുന്നതെന്ന് എന്നോട് ജനറൽ സെക്രട്ടറി ഫോണിലൂടെയും നേരിട്ടും ചോദിക്കുകയുണ്ടായി.
ഓഫിസിൽ നടക്കുന്ന കാര്യങ്ങൾ ഞാൻ പ്രസിഡന്റിനെ അറിയിക്കുന്നു എന്നുപറഞ്ഞ്, ഇതുപോലെ മുൻപ് ഫോണിൽ വിളിച്ചും അല്ലാതെയും ജനറൽ സെക്രട്ടറി എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. ട്രഷറർ ഉണ്ണി ശിവപാലിനെ കുറിച്ച് ഞാൻ ഒരു പരാതിയും പ്രസിഡന്റിനോട് പറയരുതെന്ന് പറഞ്ഞിട്ടുണ്ട്. ഓഫിസിൽ നടക്കുന്ന കാര്യങ്ങൾ പ്രസിഡന്റിനോട് പറയരുതെന്ന് പറഞ്ഞിട്ടുണ്ട്. ബൈലോ പ്രകാരം ജനറൽ സെക്രട്ടറി ആണ് അവിടെ മുഴുവൻ ഉത്തരവാദിത്തവും അല്ലാതെ പ്രസിഡന്റിന് അല്ല എന്നും ഓഫിസ് മാനേജർ ആയ എന്നോട് ജനറൽ സെക്രട്ടറി പറഞ്ഞിട്ടുണ്ട്.
എന്നെ ജോലിക്കെടുത്തതിന്റെ പിറ്റേന്ന് മുതൽ ട്രഷറര് ഈ ഈഗോ യുദ്ധം തുടങ്ങിയതാണ്. തികച്ചും അൺപ്രഫഷനൽ ആയിട്ടാണ് കുക്കു നിങ്ങളെ ഇന്റർവ്യൂ ചെയ്തത്, എന്റെ അഭിപ്രായത്തിൽ നിങ്ങൾ ശരാശരിയിൽ താഴെ ആണ് എന്നുതുടങ്ങി ഒരു മാസം ആയപ്പോഴേക്കും കുക്കു ഞാൻ പറയുന്നതിനപ്പുറം പോവില്ല, നിങ്ങളെ ഞാൻ പറഞ്ഞുവിടുന്നത് നിങ്ങൾക്ക് കാണണോ എന്നൊക്കെ പറയുകയുണ്ടായി.
ഇതിനൊക്കെ പുറമെ ഈ അടുത്ത് ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞു പോകാനിറങ്ങിയ നേരത്തു ട്രഷറര് വരികയും തപാൽ അയയ്ക്കാൻ സെക്യൂരിറ്റിയെ ഏൽപ്പിക്കുകയും ചെയ്തു. സെക്യൂരിറ്റിയും ഞാനും പോയി കഴിഞ്ഞിട്ട് അതുല്യയും സെക്യൂരിറ്റിയും ഒരു വണ്ടിയിലാണോ പോയതെന്ന് ഹൗസ് കീപ്പിങ് ബോയ്യോട് രഹസ്യമായി ചോദിച്ചതായും ഞാൻ അറിഞ്ഞു. എക്സിക്യൂട്ടീവ് മെംമ്പേർസിനെ കുറിച്ചുള്ള സെക്രട്ടറിയുടെയും ട്രഷററിന്റെയും നിലവാരം ഇല്ലാത്ത പല കമന്റുകളും കേൾക്കാൻ ഇടയായിട്ടുള്ളതിനാൽ അത്തരം ഒരു ചോദ്യം ചോദിച്ചത് സ്വാഭാവികം ആയി കരുതാനെ കഴിയുള്ളൂ.
ഞാൻ ജോലിക്ക് കയറിയ സമയത്ത് പബ്ലിക് ആയി ഇരുന്ന് ജോയിന്റ് സെക്രട്ടറിയെ സ്വഭാവഹത്യ ചെയ്തുകൊണ്ട് വളരെ മോശമായ രീതിയിൽ നടനെ ചേർത്ത് അശ്ലീലം പറഞ്ഞതും സരയുവിനെയും കൈലാഷിനെയും ചേർത്ത് പലതവണ ഇതേ രീതിയിൽ പറഞ്ഞിട്ടുള്ളതിനും ഞാൻ സാക്ഷി ആണ്. ആയതുകൊണ്ട് തന്നെ ജനറൽ സെക്രട്ടറിയുടെയും ട്രഷററുടെയും ചിന്തയുടെ അങ്ങേയറ്റം ഇതാണെന്നുള്ളതും വ്യക്തമാണ്. എക്സിക്യൂട്ടീവ് മെമ്പർ ആയ സരയു മെയിൽ ചെക്ക് ചെയ്യുന്നതിന് മെയിലിന്റെ പാസ്സ്വേർഡ് മാറ്റുകയും ലോഗൗട്ട് ചെയുകയും ചെയ്തിട്ടുണ്ട്.
സരയു, സിജോയ്, ടിനി ടോം, കൈലാഷ് എന്നിവർ ആരെങ്കിലും ഓഫിസിൽ വന്നിട്ടുണ്ടെങ്കിൽ ക്യാമറ ഒക്കെ ഇവിടെ ഉണ്ടെങ്കിൽ പോലും അവർ എപ്പോൾ വന്നു എവിടെ ഇരുന്നു, ഏതു ഫ്ലോറിൽ കയറി, എന്നോട് എന്ത് ചോദിച്ചു, സംസാരിച്ചു എന്നൊക്കെ മാറിയും തിരിഞ്ഞും ട്രഷററും സെക്രട്ടറിയും ചോദിക്കാറുണ്ട്. അതേസമയം ട്രഷററും ജനറൽ സെക്രട്ടറിയും ഉള്ളപ്പോൾ അവരെ കാണാൻ വരുന്നവർ റജിസ്റ്ററിൽ എഴുതാറില്ല. പ്രത്യേകിച്ച് അഞ്ചു മണിക്ക് ശേഷം വരുന്നവർ. ഒരിക്കൽ സെക്യൂരിറ്റിയോട് ആളു വരുന്നത് റജിസ്റ്ററിൽ എഴുതിക്കാത്തത് എന്താണെന്നു ഞാൻ ചോദിച്ചതിന് അവിടെ ആളുകൾ 5 മണിക്ക് ശേഷം വരികയും പോവുകയും ചെയുന്നത് അതുല്യ എങ്ങനെ അറിഞ്ഞു, അതുല്യയോട് എന്തിനു നിങ്ങൾ അറിയിക്കുന്നു എന്നൊക്കെ ചോദിച്ചു ജനറൽ സെക്രട്ടറി വഴക്ക് പറയുകയുണ്ടായി.
അവിടെ കൃത്യമായി വർക്ക് ചെയ്തിരുന്ന ക്യാമറകൾ മാറ്റി പുതിയ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അതുപോലെ ഇത്തരത്തിലുള്ള അധിക ചെലവുകൾ പുറത്തറിയാതിരിക്കാൻ ആവണം ബാങ്ക് ട്രാൻസാക്ഷൻസ് ഒന്നും പ്രസിഡന്റിനെ അറിയിക്കാൻ പാടില്ല എന്നും ജനറൽ സെക്രട്ടറിയും ട്രഷററും പലതവണ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അച്ചടക്ക കമ്മറ്റിയുടെ പേരിലും ഒരു ലക്ഷം രൂപയിൽ പുറത്തു ചെലവ് വന്ന വിവരവും നിങ്ങളുടെ അറിവിലേക്കായി പങ്കുവയ്ക്കുകയാണ്. ഓൺലൈൻ മീറ്റിങും ഓഫ്ലൈൻ മീറ്റിങും ചേർത്ത് കഴിഞ്ഞ ടിഎ പോയിരിക്കുന്നത് 95,000 രൂപയാണ്. ഏപ്രിൽ 29 നടന്നതിന്റെ ടിഎ പോയിട്ടില്ല.
ആളുകളെ അങ്ങോട്ട് ഫോണിൽ വിളിച്ച് ഇവിടേക്ക് ലക്ഷ്മിപ്രിയയ്ക്ക് എതിരെ മെയിൽ ഇടാൻ പ്രേരിപ്പിച്ചു. അതിന് ഒരു അച്ചടക്ക കമ്മറ്റി രൂപീകരിച്ചു. അതിനൊരു ചെയർമാനെയും വച്ചു. അയാളുടെ പേരിൽ സീൽ ഒക്കെ ഉണ്ടാക്കി, പുതിയൊരു ലോകം തന്നെ ഈ കുറഞ്ഞ സമയം കൊണ്ട് ജനറൽ സെക്രട്ടറി സൃഷ്ടിച്ചു. ഇതിനൊക്കെ ഞാൻ സാക്ഷിയുമാണ്. രണ്ടു എക്സിക്യൂട്ടീവ് മെംമ്പേർസ് തമ്മിലുള്ള പ്രശ്നം തീർക്കാനല്ല, ഒരു വലിയ പ്രശ്നം ആയിട്ട് ആളിക്കത്തിക്കാനാണ് അവരുടെ ശ്രമമെന്നും അവർ പറഞ്ഞിട്ടുണ്ട്. കുടുംബ സംഗമം നടത്തിയതിന്റെ ഭാഗമായി നടന്ന പരിപാടികളെക്കുറിച്ചും ആർട്ടിസ്റ്റുകൾക്ക് കൊടുത്ത പേയ്മെന്റുകളെ കുറിച്ചും അഴിമതി ആണ് എന്നുള്ള രീതിയിൽ മായാ വിശ്വനാഥ് എന്ന നടിയെ വിളിച്ചു ഡീറ്റൈലിങ് നടത്തിയതിന്റെ ഭാഗമായി അവരുടെ വക വന്ന ഒരു മെയിൽ ഓഫിസിൽ ഉണ്ട്.
ഇത്തരത്തിൽ സംഘടനയ്ക്ക് അകത്തു കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന ജനറൽ സെക്രട്ടറി സ്റ്റാഫിനോട് എന്തു മര്യാദ കാട്ടനാണെന്നു ഊഹിക്കാമല്ലോ. കുടുംബ സംഗമ സമയത്ത് ഒരു രൂപശ്രീ എന്ന നടി ഇൻഷുറൻസിലെ ഒക്കെ പേര് മാറ്റണം എന്ന് പറഞ്ഞു റിസപ്ഷനിൽ എന്നോട് സംസാരിച്ചു. അവർക്കൊപ്പം മായ വിശ്വനാഥ് ഉണ്ടായിരുന്നു. ഈ പേര് മാറ്റണം എന്നു പറഞ്ഞ നടിയോട് പേരും, മാറ്റേണ്ട പേരും തരാൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ അഭിനേതാക്കളുടെ പേരറിയാതെ ആണോ ഇവിടെ കയറി ഇരിക്കുന്നത് എന്ന് അവർ എന്നോട് ചോദിച്ചു. സിനിമയിലോ സീരിയലിലോ അഭിനയിക്കുന്ന എല്ലാവരെയും എല്ലാവരും അറിഞ്ഞിരിക്കണമെന്ന നിയമം എന്നെ ജോലിക്കെടുത്ത സമയത്ത് ആരും അറിയിച്ചിരുന്നില്ല.
നടീ നടന്മാരെ അറിയാത്തവർക്കാണ് മുൻഗണന കൊടുക്കുന്നത് എന്നാണ് ജനറൽ സെക്രട്ടറി ഇന്റർവ്യൂയിൽ എന്നോട് പറഞ്ഞത്. ഈ സംഭവത്തിന് ശേഷം മായാ വിശ്വനാഥ് എനിക്ക് ഭയങ്കര ആറ്റിറ്റ്യൂഡ് ആണെന്നും നടിമാരേക്കാൾ വലിയ ആളാണോ റിസപ്ഷനിൽ എന്നൊക്കെ ഉള്ള രീതിയിൽ പല കമന്റുകളും ജനറൽ സെക്രട്ടറിയോടും മറ്റു ചില മെമ്പർമാരോടും നടത്തിയതായും ഞാൻ അറിയുകയുണ്ടായി. കുടുംബ സംഗമം കഴിഞ്ഞ് വന്ന ഞായറാഴ്ച ഉച്ചയോടെ ജനറൽ സെക്രട്ടറി എന്നെ അത്യാവശ്യം ആയി ഓഫിസിൽ വരാൻ പറഞ്ഞു വിളിക്കുകയും ഞാൻ ചെല്ലുകയും ചെയ്തു. അപ്പോൾ എന്നോട് പറഞ്ഞത്, ‘മായ വിശ്വനാഥ് ഇവിടെ ഉണ്ട്. ഒന്ന് നൈസ് ആയി ഹാൻഡിൽ ചെയ്യൂ അവർക്ക് ഒരു ചായ ഇട്ട് കൊടുക്കൂ’ എന്നൊക്കെ.
മായാ വിശ്വനാഥിനു ചായയിടാൻ എന്നെ ആലുവയിൽ നിന്ന് നട്ടുച്ച നേരത്ത് വിളിച്ചു വരുത്തേണ്ടത് ഉണ്ടോ എന്ന് ചോദിച്ചതിന് എനിക്കും ഉണ്ണിക്കും കൂടി ഓരോ ചായ വേണം എന്ന് പറയുകയും എന്നെകൊണ്ട് ചായ ഉണ്ടാക്കിക്കുകയും ചെയ്തു. ഇതേ ജനറൽ സെക്രട്ടറി എക്സിക്യൂട്ടീവ് മെമ്പർ ആയ ടിനി ടോമിനു ഞാൻ ചായയോ കോഫിയോ ഉണ്ടാക്കി കൊടുക്കരുത് എന്നും എന്നോട് പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഞാനത് അനുസരിക്കാറില്ല എന്നുള്ളതും എന്നോട് ജനറൽ സെക്രട്ടറിക്കുള്ള ദേഷ്യത്തിന്റെ ഒരു കാരണമാണ്. അതുപോലെ സിജോയ് വർഗീസ് എന്ന എക്സിക്യൂട്ടീവ് മെമ്പർ ‘അമ്മ’ സംഘടനയെ വിറ്റു ജീവിക്കുകയാണെന്നും കൈലാഷ് എന്ന എക്സിക്യൂട്ടീവ് മെമ്പർ തന്ത്രശാലി ആണെന്നും ‘അമ്മ’ അസോസിയേഷനെ ചൂഷണം ചെയുന്നവരാണെന്നുമൊക്കെ ജനറൽ സെക്രട്ടറിയും ട്രഷററും എന്റെ മുന്നിൽ വച്ചു പലതവണ പറഞ്ഞിട്ടുണ്ട്.
ഈ കഴിഞ്ഞ ദിവസങ്ങളിൽ സെക്യൂരിറ്റി മുഹമ്മദിനെ ഫോണിൽ വിളിച്ചിട്ട് അതുല്യയ്ക്ക് എതിരെ മുഹമ്മദ് കംപ്ലയിന്റ് പറയണം എന്നു പറഞ്ഞു പല രീതിയിലുള്ള ഓഫറുകളും ജനറൽ സെക്രട്ടറി നൽകിയതായും ഞാനറിഞ്ഞു. സെക്യൂരിറ്റിയെ അവിടെ പെർമനന്റ് സ്റ്റാഫ് ആക്കാൻ വരെ ജനറൽ സെക്രട്ടറിയും ട്രഷററും തീരുമാനിച്ചിട്ടുണ്ടെന്നും കുക്കു പരമേശ്വരനുവേണ്ടി, ‘അമ്മ’ സംഘടനയ്ക്കുവേണ്ടി അവർക്കൊപ്പം നിൽക്കണമെന്നും പറഞ്ഞതായി അറിഞ്ഞു. ഒടുവിൽ, പുറത്തുനിന്നു വന്ന ആരും വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെയും ട്രഷററെയും ഒന്നും ചെയ്യാൻ സാധിക്കില്ല എന്നും സെക്യൂരിറ്റിയോട് പറഞ്ഞതായി അറിഞ്ഞു.
മറ്റു ചില കാര്യങ്ങൾ കൂടി സൂചിപ്പിച്ചുകൊള്ളട്ടെ. ട്രഷറര് ഇൻഷുറൻസിന്റെയും മറ്റും ചെക്കുകൾ എഴുതുമ്പോൾ ചെക്കുകൾ നേരത്തെ എഴുതിയതാണ് പേയ്മെന്റുകൾ വൈകുന്നത്, ട്രഷററിന്റെ തെറ്റില്ല എന്ന് കാണിക്കാൻ കഴിഞ്ഞുപോയ ഡേറ്റ് ഇട്ട് ചെക്കുകൾ എഴുതുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇസി മെംമ്പേർസ് ഇരിക്കുന്ന കാബിന്റെ കീ മാസങ്ങൾക്ക് മുൻപേ എന്റെ കയ്യിൽ നിന്നും വാങ്ങുകയും അദ്ദേഹം 5 മണിക്ക് ശേഷം വരുന്നതിനാൽ സെക്യൂരിറ്റിയെ ഏൽപിക്കാമെന്നു പറഞ്ഞിട്ട് അത് അദ്ദേഹത്തിന്റെ കയ്യിൽനിന്ന് എവിടെയോ കളഞ്ഞുപോകുകയും ചെയ്തിട്ടുണ്ട്. ജനറൽ സെക്രട്ടറി ഒരിക്കൽ ഇതെക്കുറിച്ച് ചോദിക്കുകയും ഇങ്ങനെ ട്രഷറര് കളഞ്ഞു എന്ന് ഞാൻ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. ഈ കഴിഞ്ഞ ദിവസം ആ ഡോറിന്റെ ലോക്ക് തന്നെ ട്രഷറര് ഇളക്കി മാറ്റിയിട്ടുണ്ട്.
അതുപോലെ ഈദ് ഗിഫ്റ്റ് പാക്ക് ചെയ്യുന്നതിന് തെസ്നി ഖാനെയും ബീന ആന്റണിയെയുമൊക്കെ എന്തിന് വിളിച്ചു വരുത്തി, ആര് വിളിച്ചുവരുത്തി, വേറെ ആരെയും പാക്ക് ചെയ്യാൻ കിട്ടിയില്ലേ എന്നൊക്കെ ജനറൽ സെക്രട്ടറി ചോദ്യം ചെയ്യുകയുമുണ്ടായി. ഈദ് ഗിഫ്റ്റ് പാക്ക് ചെയ്യാൻ നൈറ്റ് നിന്നവർക്ക് ഈവനിങ് സ്നാക്ക്സ് വാങ്ങി കൊടുത്തിരുന്നു. അത് ആരൊക്കെ കഴിച്ചു എത്രയെണ്ണം കഴിച്ചു എന്നൊക്കെ വിശദമായി പേര് സഹിതം ഞാൻ കണക്ക് കാണിക്കണമെന്ന് ട്രഷററും സെക്രട്ടറിയും പറഞ്ഞു. അതേസമയം ക്രിക്കറ്റിന്റെ പേരിൽ ട്രഷററുടെ ഒരു വലിയ ഫുഡ് ബിൽ ഫ്രണ്ട് ഓഫിസിൽ നിന്നും പേ ചെയ്തതിൽ ആര് കഴിച്ചെന്നോ എത്ര ക്വാണ്ടിറ്റി കഴിച്ചെന്നോ ഒന്നും ഒരു രേഖകളും ഇല്ലാതെ ജനറൽ സെക്രട്ടറി അപ്രൂവൽ കൊടുത്തു പേയ്മെന്റ് കൊടുത്തിട്ടുണ്ട്.
9 മണിമുതൽ 5 മണി വരെ ജോലി സമയം പറഞ്ഞ എനിക്ക് ന്യായമായും എന്നെ 5 മണിക്ക് ശേഷം ജോലി ചെയ്യിപ്പിച്ചതിന്റെ പ്രതിഫലം നൽകേണ്ടതുണ്ട്. ഇതൊന്നും ഇല്ലാതെ മതിയായ കാരണങ്ങൾ നൽകാതെ ഇത്തരത്തിൽ നടപടി എടുത്തത് ജനറൽ സെക്രട്ടറിയുടെയും ട്രഷററുടെയും സ്വയം സംരക്ഷണത്തിന്റെ ഭാഗമാണെന്നുള്ളതും ഞാൻ പ്രസിഡന്റിനെയും എക്സിക്യൂട്ടീവ് മെംമ്പേർസിനെയും അറിയിക്കുകയാണ്.
എന്ന് അതുല്യ’’
