
ലുധിയാന: സഹോദരിയോടുള്ള സ്നേഹത്തിന്റെ അടയാളമായി 50 ലക്ഷം രൂപ വിലമതിക്കുന്ന വീട് സമ്മാനമായി നൽകി പഞ്ചാബിലെ രണ്ട് സഹോദരങ്ങൾ. അമർ ദേവ്ഗൺ, ദേവ് ദേവ്ഗൺ എന്നിവരാണ് തങ്ങളുടെ ഏക സഹോദരി മൻപ്രീത് കൗർ ബിർദിക്കായി ഈ സ്വപ്നഭവനം നിർമ്മിച്ചു നൽകിയത്. അപ്രതീക്ഷിതമായി ലഭിച്ച സർപ്രൈസ് കണ്ട് വികാരാധീനയായി സഹോദരങ്ങളെ കെട്ടിപ്പിടിച്ചു കരയുന്ന മൻപ്രീതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
2007-ൽ അച്ഛന്റെ മരണശേഷം തളർന്നുപോയ കുടുംബത്തെ തണലായി നിന്ന് സംരക്ഷിച്ച സഹോദരിയോടുള്ള നന്ദിസൂചകമായാണ് ഈ സമ്മാനം. കഴിഞ്ഞ അഞ്ച് വർഷമായി അതീവ രഹസ്യമായാണ് സഹോദരങ്ങൾ വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ലുധിയാനയിലെ കോട്ട് മംഗൾ സിംഗ് ഏരിയയിലുള്ള വീടിന് മുന്നിലേക്ക് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് ബന്ധുക്കൾ മൻപ്രീതിനെ കൂട്ടിക്കൊണ്ടുപോയത്.
വീടിന് മുന്നിലെ നെയിംപ്ലേറ്റിൽ സ്വന്തം പേര് കണ്ടതോടെ മൻപ്രീത് സന്തോഷം കൊണ്ട് വികാരാധീനയായി. തങ്ങളുടെ സഹോദരി എപ്പോഴും സുരക്ഷിതയായിരിക്കണമെന്ന ആഗ്രഹമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് സഹോദരങ്ങൾ പറഞ്ഞു. ബന്ധങ്ങളുടെ ആഴം വ്യക്തമാക്കുന്ന ഈ ഹൃദയസ്പർശിയായ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്. കഠിനാധ്വാനത്തിലൂടെ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി കരുതിവെച്ച ഈ സഹോദരങ്ങളെ അഭിനന്ദനങ്ങളാൽ മൂടുകയാണ് സോഷ്യൽ മീഡിയ.
