
തിരുവനന്തപുരം: തിരുവനന്തപുരം: കഴക്കൂട്ടത്ത് വസ്തു തര്‍ക്കത്തെത്തുടര്‍ന്ന് 68-കാരിക്ക് തലയ്ക്ക് വെട്ടേറ്റു. കഴക്കൂട്ടം വാഴപ്പണയില്‍ സ്വദേശി ഉഷയ്ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഉഷയുടെ സഹോദരീപുത്രന് ദീപുവിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ദീര്‍ഘനാളായി ഉഷയും സഹോദരങ്ങളും തമ്മില്‍ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. വൈകുന്നേരം ഇതേ വിഷയത്തെച്ചൊല്ലി വീണ്ടും വാക്കുതര്‍ക്കം ഉണ്ടാവുകയും അത് അക്രമാസക്തമാവുകയുമായിരുന്നു. തര്‍ക്കത്തിനിടെ ദീപുവിന്റെ നേതൃത്വത്തിലുള്ള സംഘം ഉഷയെ മാരകായുധം ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നുവെന്നാണ് വിവരം.
രക്തത്തില്‍ കുളിച്ച ഉഷയെ ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഷയുടെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന സൂചന. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി കഴക്കൂട്ടം പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കിടയിലെ സാമ്പത്തിക-വസ്തു തര്‍ക്കങ്ങളാണ് ഇത്രയും ക്രൂരമായ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തുകയും മേല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
