
കൊല്‍ക്കത്ത: രണ്ട് പതിറ്റാണ്ട് മുന്‍പ് പശ്ചിമ ബംഗാളിലെ രാഷ്ട്രീയ-വ്യാവസായിക ഭൂമികയെ പിടിച്ചുകുലുക്കിയ ഹൂഗ്ലിയിലെ സിംഗൂരിലേക്ക് ടാറ്റ ഗ്രൂപ്പ് തിരിച്ചുവരുമോ? സിംഗൂരില്‍ വ്യവസായം വരണമെന്ന് ആഗ്രഹിക്കുന്ന നാട്ടുകാരുടെ മനസറിഞ്ഞ് ആ ആവശ്യവുമായി ബി.ജെ.പി രംഗത്ത് വന്നുകഴിഞ്ഞു. സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാരിന്റെ വ്യാവസായിക കാഴ്ചപ്പാടുകളെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ ഈ താല്പര്യം പരസ്യമാക്കിയത്. രണ്ട് പതിറ്റാണ്ട് മുന്‍പ് നാനോ കാര്‍ പ്ലാന്റ് സംസ്ഥാനത്തുനിന്ന് മാറ്റിസ്ഥാപിക്കേണ്ടി വന്നതുമൂലം ആഗോള നിക്ഷേപകര്‍ക്കിടയില്‍ ബംഗാളിന് ലഭിച്ച 'തെറ്റായ സന്ദേശം' മായ്ക്കാന്‍ ടാറ്റയുടെ തിരിച്ചുവരവ് സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സിംഗൂരിലേക്ക് ടാറ്റ മടങ്ങിയെത്തുന്നത് കേവലമൊരു സാമ്പത്തിക ആവശ്യകത മാത്രമല്ലെന്നും, സംസ്ഥാനം വീണ്ടും വ്യവസായങ്ങള്‍ക്കായി വാതില്‍ തുറന്നിരിക്കുന്നു എന്ന ശക്തമായ സന്ദേശം ലോകത്തിന് നല്കാന് ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ടാറ്റ സിംഗൂരിലേക്കു തിരിച്ചുവരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ബംഗാള്‍ നിക്ഷേപ സൗഹൃദമാണെന്നും നിക്ഷേപങ്ങളെ സ്വാഗതം ചെയ്യാന്‍ തയാറാണെന്നും രാജ്യത്തിനും ലോകത്തിനും മുഴുവന്‍ സന്ദേശം നല്‍കണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം'' ഭട്ടാചാര്യ പറഞ്ഞു. ഇന്ത്യയുടെ വ്യാവസായിക ശക്തികേന്ദ്രമായിരുന്നെങ്കിലും പതിറ്റാണ്ടുകളായി പിന്നോട്ടുപോയ സംസ്ഥാനത്ത് വ്യവസായവല്‍ക്കരണത്തിന്റെ നട്ടെല്ലായി മാറുന്ന പുതിയ ഭൂനയത്തിന് പുതിയ ബിജെപി സര്‍ക്കാര്‍ രൂപം നല്‍കുന്നതിനിടെയാണ് ഈ പരാമര്‍ശമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
2008 ല്‍ മമത ബാനര്‍ജി നയിച്ച ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് നാനോ പദ്ധതി സിംഗൂരില്‍നിന്നു പിന്‍വാങ്ങിയത് ഓര്‍മിപ്പിച്ച ഭട്ടാചാര്യ, ടാറ്റ മോട്ടോഴ്സ് പ്ലാന്റ് പൊളിച്ചുമാറ്റിയ ദൃശ്യം വ്യവസായത്തിന് ബംഗാള്‍ എതിരാണെന്ന പ്രതിച്ഛായ സൃഷ്ടിച്ചുവെന്നും പറഞ്ഞു. ''ടാറ്റ ബംഗാള്‍ വിട്ടുപോകുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ പൊളിച്ചുമാറ്റുന്നതും വളരെ തെറ്റായ സന്ദേശമാണ് നല്‍കിയത്. ബംഗാളില്‍ വ്യവസായങ്ങള്‍ക്കു സ്വാഗതമില്ലെന്നായിരുന്നു അത്. പിന്നീട് കട്ട്-മണി സംസ്കാരം, സിന്‍ഡിക്കേറ്റ് രാജ്, സ്ഥാപനവല്ക്കരിച്ച അഴിമതി എന്നിവ സ്ഥിതി കൂടുതല്‍ വഷളാക്കി. ആ ധാരണ തിരുത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്'' അദ്ദേഹം പറഞ്ഞു.
സിംഗൂരിലേക്കുള്ള ടാറ്റയുടെ തിരിച്ചുവരവ് മുന്‍ ഭരണകൂടത്തിന്റെ 'തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തം' ആകുമോ എന്ന ചോദ്യത്തിന്, ടാറ്റ മോട്ടോഴ്സിന്റെ വിടവാങ്ങല്‍ സംസ്ഥാനത്തിന്റെ നിക്ഷേപ അന്തരീക്ഷത്തിനു ശാശ്വത നാശമുണ്ടാക്കിയെന്ന മറുപടിയാണ് ഭട്ടാചാര്യ നല്‍കിയത്. ''ടാറ്റ സിംഗൂരിലേക്കോ ബംഗാളിലേക്കോ ഏതു രൂപത്തിലും തിരിച്ചുവരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഓട്ടമൊബീലായാലും മറ്റേതെങ്കിലും മേഖലയായാലും. അവര്‍ നമ്മുടെ രാജ്യത്തെ ഏറ്റവും പഴക്കമേറിയതും ബഹുമാനിക്കപ്പെടുന്നതും വിശ്വസ്തവുമായ ഗ്രൂപ്പുകളിലൊന്നാണ്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലും നിയമവ്യവഹാരങ്ങളിലും വലിയ അധ്യായം എഴുതിച്ചേര്‍ത്ത ഒന്നാണ് ടാറ്റ-സിംഗൂര്‍ കേസ്. 2006-ല്‍ ബംഗാള്‍ ഭരിച്ചിരുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ടാറ്റ മോട്ടോഴ്സിന് നാനോ കാര്‍ ഫാക്ടറി സ്ഥാപിക്കുന്നതിനായി ഹൂഗ്ലി ജില്ലയിലെ സിംഗൂരിലുള്ള 997 ഏക്കര്‍ ഫലഭൂയിഷ്ഠമായ കൃഷിഭൂമി ഏറ്റെടുത്ത് ലീസിന് കൈമാറിയിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന മമത ബാനര്‍ജി സമരം ഏറ്റെടുത്ത് വന്‍ പ്രക്ഷോഭമാക്കി മാറ്റുകയും ചെയ്തു. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കര്‍ഷകരുടെ ഭൂമി ബലംപ്രയോഗിച്ച് ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുള്ള പ്രക്ഷോഭം വലിയ സംഘര്‍ഷങ്ങളിലേക്ക് വഴിമാറിയതോടെ 2008-ല്‍ ടാറ്റ ഗ്രൂപ്പ് പ്രൊജക്ട് ഉപേക്ഷിച്ച് ഗുജറാത്തിലേക്ക് പ്ലാന്റ് മാറ്റുകയായിരുന്നു.
പിന്നീട് 2016-ല്‍ അന്നത്തെ ഭൂമി ഏറ്റെടുക്കല്‍ നടപടി അസാധുവാണെന്ന് സുപ്രീം കോടതി വിധിച്ചു. തുടര്‍ന്ന് 2023-ല്‍ ടാറ്റ ഗ്രൂപ്പിനുണ്ടായ നഷ്ടത്തിന് പശ്ചിമ ബംഗാള്‍ വ്യവസായ വികസന കോര്‍പ്പറേഷനോട് 766 കോടി രൂപ നഷ്ടപരിഹാരം നല്‍കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സിംഗൂരില്‍ വ്യവസായങ്ങള്‍ വരണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയിലും ഇപ്പോള്‍ ശക്തമാണ്. സിംഗൂര്‍ മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എയും മന്ത്രിയുമായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബേചാറാം മന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത് ഈ ജനവികാരത്തിന്റെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും ബംഗാളിനെ വീണ്ടും ഒരു പ്രധാന വ്യാവസായിക കേന്ദ്രമാക്കാനുമുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കം.
