
കോട്ടയം: മുഖ്യമന്ത്രി നിര്‍ണ്ണയത്തില്‍ മുസ്ലിം ലീഗ് ഇടപെടുന്നതിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നടത്തിയ രൂക്ഷവിമര്‍ശനത്തെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സുകുമാരന്‍ നായര്‍ പറഞ്ഞതിലെല്ലാം അര്‍ത്ഥങ്ങളുണ്ടെന്നും അനവസരത്തില്‍ കാര്യങ്ങള്‍ പറയുന്ന ആളല്ല അദ്ദേഹമെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു.
തെറ്റായ സമീപനം സ്വീകരിക്കുന്ന വ്യക്തിയല്ല സുകുമാരന്‍ നായര്‍. അദ്ദേഹം അങ്ങനെയൊരു നിലപാട് എടുത്തിട്ടുണ്ടെങ്കില്‍ അതിന് വ്യക്തമായ കാരണങ്ങളുണ്ടാകും. അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം എന്തുതന്നെയായാലും അത് അംഗീകരിക്കുക എന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ കടമയാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കേണ്ടത് കോണ്‍ഗ്രസാണെന്നും അതില്‍ ഇടപെടാന്‍ മുസ്ലിം ലീഗിന് അവകാശമില്ലെന്നുമാണ് ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ലീഗിന്റെ ഇടപെടലുകള്‍ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നും ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദത്തിലായത് ലീഗ് കാരണമാണെന്നും അദ്ദേഹം ആരോപിച്ചു.
'എല്ലാം കൈപ്പിടിയിലാക്കണമെന്ന ആഗ്രഹം ജനാധിപത്യത്തിന് ചേര്‍ന്നതല്ല. ചിലത് ഉള്ളില്‍ കണ്ടുകൊണ്ടാണ് ലീഗ് ഈ സമ്മര്‍ദ്ദം ചെലുത്തുന്നത്. പുതിയ സര്‍ക്കാരില്‍ വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കണം,' സുകുമാരന്‍ നായര്‍ പറഞ്ഞു. മുഖ്യമന്ത്രി പദത്തിനായി വി.ഡി. സതീശനു വേണ്ടി ലീഗ് കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് എന്‍.എസ്.എസിന്റെ ഈ പരസ്യ നിലപാട് എന്നത് ശ്രദ്ധേയമാണ്. കെ.സി. വേണുഗോപാലോ രമേശ് ചെന്നിത്തലയോ മുഖ്യമന്ത്രിയാകണം എന്ന പരോക്ഷ സൂചനയാണ് എന്‍.എസ്.എസ് നല്‍കുന്നത്.
