
ദുബായ്: സ്ത്രീകള്‍ക്ക് മാത്രമായി ദുബായില്‍ പുത്തന്‍ ബീച്ച് ഒരുങ്ങുന്നു. നൈറ്റ് സ്വിമ്മിംഗ് സൗകര്യം, ഫിറ്റ്നസ് സോണുകള്‍, വനിതാ ജീവനക്കാര്‍ എന്നിവയുള്‍പ്പെടെ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഈ പ്രത്യേക ബീച്ചില്‍ സജ്ജീകരിച്ചിരിക്കുന്നത്.
അല്‍ മംസാര്‍ ബീച്ചിന്റെ ഭാഗമായാണ് ഈ വിപ്ലവകരമായ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ക്യാമറകള്‍ക്കോ മൊബൈല്‍ റെക്കോര്‍ഡിംഗിനോ അനുവാദമില്ലാത്ത ഈ പ്രദേശം വനിതാ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പൂര്‍ണ്ണമായ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുനല്‍കുന്നു. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരം ആവിഷ്കരിച്ച 50 കോടി ദിര്‍ഹം ചെലവഴിച്ചുള്ള അല്‍ മംസാര്‍ ബീച്ച് നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഇത് യാഥാര്‍ത്ഥ്യമായത്.
സ്ത്രീകള്‍ക്കായി മാത്രമായി നീക്കിവെച്ചിരിക്കുന്ന ഈ മേഖലയില്‍ സുരക്ഷാ ജീവനക്കാരും ലൈഫ് ഗാര്‍ഡുമാരും ഉള്‍പ്പെടെയുള്ള മുഴുവന്‍ സ്റ്റാഫും വനിതകളായിരിക്കും. ആധുനികമായ വേലിക്കെട്ടുകളും പ്രത്യേക കവാടങ്ങളും ഉപയോഗിച്ച് മറ്റ് ബീച്ചുകളില്‍ നിന്നും ഈ ഭാഗത്തെ വേര്‍തിരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും അമ്മമാര്‍ക്കൊപ്പം ഈ ബീച്ചില്‍ പ്രവേശനമുണ്ട്. എന്നാല്‍ ആറ് വയസ്സിന് മുകളിലുള്ള ആണ്‍കുട്ടികള്‍ക്ക് ഇവിടേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
പുരുഷന്മാര്ക്ക് ഈ മേഖലയിലേക്ക് കടക്കാന്‍ കര്‍ശന നിരോധനമുണ്ട്. 27.5 ലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണ്. പ്രതിവര്‍ഷം 70 ലക്ഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരപ്രദേശം വികസിപ്പിക്കുന്നത്. ബീച്ചിലെ പ്രധാന ആകര്‍ഷണം രാത്രികാല നീന്തലിനായുള്ള പ്രത്യേക സൗകര്യമാണ്. ലൈഫ് ഗാര്‍ഡുകളുടെ 24 മണിക്കൂര്‍ നിരീക്ഷണവും അതിശക്തമായ ഫ്ലഡ് ലൈറ്റുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. മേഖലയിലെ തന്നെ ആദ്യത്തെ 'ഫ്ലോട്ടിംഗ് വാക്ക് വേ'യും അല്‍ മംസാറില്‍ ഒരുങ്ങിക്കഴിഞ്ഞു.
കായികപ്രേമികള്‍ക്കായി 5.5 കിലോമീറ്റര്‍ നീളമുള്ള സൈക്ലിംഗ്, റണ്ണിംഗ് ട്രാക്കുകള്‍, പാഡല്‍ കോര്‍ട്ടുകള്‍, ഓപ്പണ്‍ ജിംനേഷ്യം എന്നിവയും ഇവിടെയുണ്ട്. കൂടാതെ ജെറ്റ് സ്കീയിംഗ്, കയാക്കിംഗ് തുടങ്ങിയ ജലവിനോദങ്ങള്‍ക്കും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനായി എയര്‍കണ്ടീഷന്‍ ചെയ്ത ചാലറ്റുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, കുട്ടികള്‍ക്കായുള്ള പാര്‍ക്കുകള്‍ എന്നിവയും ബീച്ചിന്റെ ഭാഗമാണ്. ഖോറി സ്പെഷ്യല്‍ കബാബ്, ഫില്ലി കഫേ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു.
വിനോദസഞ്ചാര രംഗത്ത് ദുബായ് കൊണ്ടുവരുന്ന മറ്റ് വിപ്ലവകരമായ മാറ്റങ്ങളുടെ തുടര്‍ച്ചയാണിത്. ഇതിനൊപ്പം തന്നെ ദേരയില്‍ ലോകത്തിലെ ആദ്യത്തെ 'സ്വര്‍ണ്ണ നിരത്ത് നിര്‍മ്മിക്കാനുള്ള പദ്ധതിയും ദുബായ് പ്രഖ്യാപിച്ചിട്ടുണ്ട്.
