
ലണ്ടന്‍: ബ്രിട്ടീഷ് രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തി ലേബര്‍ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്കെതിരെ പരസ്യമായി രംഗത്തുവന്ന ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് ഇന്ന് തന്റെ രാജി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാര്‍മറെ പുറത്താക്കി നേതൃസ്ഥാനം ഏറ്റെടുക്കാനുള്ള സ്ട്രീറ്റിങ്ങിന്റെ നീക്കം പാര്‍ട്ടിയില്‍ കനത്ത ഭിന്നതയ്ക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച വെറും 16 മിനിറ്റില്‍ അവസാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നേതൃമാറ്റം ആവശ്യപ്പെട്ട് സ്ട്രീറ്റിങ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. സ്ട്രീറ്റിങ്ങിന്റെ നീക്കം ഡൗണിംഗ് സ്ട്രീറ്റില്‍ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം, ലേബര്‍ പാര്‍ട്ടിയിലെ ഇടതുപക്ഷം ഒരു ബദല്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്.
ഇക്കാര്യങ്ങള്‍ ഭരണത്തെ തളര്‍ത്തുമെന്നും രാജ്യം അരാജകത്വത്തിലേക്ക് വീഴുമെന്നും കീര്‍ സ്റ്റാര്‍മര്‍ എം.പിമാര്‍ക്ക് മുന്നറിയിപ്പ് നല്കി. കഴിഞ്ഞാഴ്ച നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നേരിട്ട കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് ആധാരം. ഇംഗ്ലണ്ടില്‍ 1,500-ലധികം കൗണ്‍സില്‍ സീറ്റുകള്‍ പാര്‍ട്ടിക്ക് നഷ്ടമായിരുന്നു. സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ അടുത്ത പൊതുതിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന ഉറച്ച നിലപാടിലാണ് ഒരു വിഭാഗം നേതാക്കളും ട്രേഡ് യൂണിയനുകളും. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമും നേതൃസ്ഥാനത്തേക്ക് ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍, നിലവില്‍ പാര്‍ലമെന്റ് അംഗമല്ലാത്ത ബേണ്‍ഹാമിന് എങ്ങനെ നേതൃസ്ഥാനത്തേക്ക് മത്സരിക്കാനാകും എന്നതില്‍ അവ്യക്തത തുടരുകയാണ്. ഇതിനിടെ സ്ട്രീറ്റിങ്ങിന്റേത് ഒരു 'അട്ടിമറി' നീക്കമാണെന്ന് യൂണിയന് നേതാക്കള്‍ ആരോപിച്ചു. ഇടതുപക്ഷ പക്ഷത്താവട്ടെ മുന്‍ നേതാവ് എഡ് മിലിബാന്‍ഡിനെ വീണ്ടും രംഗത്തിറക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണ്.
2015-ല്‍ പരാജയപ്പെട്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയെ ഒരുമിപ്പിക്കാന്‍ മിലിബാന്‍ഡിന് കഴിയുമെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു. ഡെപ്യൂട്ടി ലീഡര്‍ ആഞ്ചല റെയ്നര്‍, ലിസ നാന്‍ഡി എന്നിവരുടെ പേരുകളും സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ അധികാരം പൂര്‍ണ്ണമായും നഷ്ടപ്പെട്ടുവെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബഡെനോക്ക് പരിഹസിച്ചു. 'സ്റ്റാര്‍മര്‍ ഇപ്പോള്‍ പദവിയില്‍ ഉണ്ടെന്നേയുള്ളൂ, അദ്ദേഹത്തിന് ഭരണത്തിന്മേല് യാതൊരു നിയന്ത്രണവുമില്ല,' അവര്‍ പറഞ്ഞു. പാര്‍ലമെന്റില്‍ രാജാവ് നയപ്രഖ്യാപനം നടത്തുമ്പോഴും ലേബര്‍ എം.പിമാര്‍ സ്റ്റാര്‍മറെ പുറത്താക്കാനുള്ള ഗൂഢാലോചനയിലായിരുന്നു എന്നത് സ്ഥിതിഗതികളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
സ്റ്റാര്‍മറുടെ വിശ്വസ്തരായ മന്ത്രിമാര്‍ പോലും പലരും സ്ട്രീറ്റിങ്ങിനോട് സംസാരിക്കാന്‍ തയ്യാറാകാത്ത വിധം അകല്‍ച്ചയിലാണ്. ഔദ്യോഗികമായി ഒരു നേതൃമത്സരം തുടങ്ങണമെങ്കില്‍ സ്ട്രീറ്റിങ്ങിന് കുറഞ്ഞത് 81 ലേബര്‍ എം.പിമാരുടെ പിന്തുണ ആവശ്യമാണ്. ഈ മാന്ത്രിക സംഖ്യ തികയ്ക്കാന്‍ സ്ട്രീറ്റിങ് പക്ഷം എം.പിമാരെ ഫോണിലൂടെയും നേരിട്ടും ബന്ധപ്പെട്ട് വരികയാണ്. സ്റ്റാര്‍മറെ പിന്തുണയ്ക്കുന്നവര്‍ ഇതിനെ പ്രതിരോധിക്കാനുള്ള നീക്കങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. പാര്‍ട്ടിയിലെ ഈ ആഭ്യന്തര യുദ്ധം ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെയും ബോണ്ട് വിപണിയെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. നയപ്രഖ്യാപനത്തില്‍ ഊര്‍ജ്ജം, പ്രതിരോധം, സാമ്പത്തിക സുരക്ഷ എന്നിവയ്ക്ക് മുന്‍ഗണന നല്കുന്ന ഭരണരീതിയായിരിക്കും പിന്തുടരുക എന്ന് രാജാവ് പ്രഖ്യാപിച്ചെങ്കിലും സ്റ്റാര്‍മറുടെ കസേര ഇളകുന്നത് ഭരണപ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ രാജാവിന്റെ പ്രസംഗത്തിലുണ്ടായിരുന്നെങ്കിലും, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ട തരത്തിലുള്ള വിപുലമായ പദ്ധതികള്‍ ഇതിലില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് നേരിടുന്ന സമ്മര്‍ദ്ദത്തിന് സ്റ്റാര്‍മര്‍ ഇതുവരെ വഴങ്ങിയിട്ടില്ല. പടലപ്പിണക്കങ്ങള്‍ മാറ്റിവെച്ച് സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം എം പിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ കലാപം റിഫോം യു കെയ്ക്കും നെയ്ജല്‍ ഫരാജിനുമായിരിക്കും ആത്യന്തികമായി ഗുണം ചെയ്യുക എന്നും അദ്ദേഹം എം പിമാരെ ഓര്‍മ്മിപ്പിച്ചു.
ലേബര്‍ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം മൂത്താല്‍ ഭരണം പോകുമെന്നും തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടുമെന്നുമാണ് നൈജല്‍ വിചാരിക്കുന്നത്. നേരത്തേ നടന്ന ലോക്കല്‍ കൗണ്‍സില്‍ ഇലക്ഷനില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായിരുന്നു മുന്നിലെത്തിയിരുന്നത് എന്നതാണ് ഇതിന് കാരണം. അതേ സമയം നൈജല്‍ ഫരാജിന് ലഭിച്ച 50 ലക്ഷം പൗണ്ടിനെ കുറിച്ച് അന്വേഷണം വേണമെന്ന് സിയാന് ബെറി ആവശ്യപ്പെട്ടു. ക്രിപ്റ്റോ ശതകോടീശ്വരനായ ക്രിസ്റ്റഫര്‍ ഹാര്‍ബോണില്‍ നിന്ന് ലഭിച്ച ഈ തുകയുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സ്റ്റാന്‍ഡേര്‍ഡ്സ് കമ്മീഷണര്‍ ഫരാജിനെതിരെ അന്വേഷണം നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്കാണ് ഈ വെളിപ്പെടുത്തല്‍ വഴിതെളിച്ചിരിക്കുന്നത്. നൈജല്‍ ഫരാജ് എംപിയാകുന്നതിന് മുന്‍പാണ് ഈ തുക കൈപ്പറ്റിയത്. തായ്ലന്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് പൗരനായ ക്രിസ്റ്റഫര്‍ ഹാര്‍ബോണ്‍ നേരത്തെയും റിഫോം യുകെയെയും ബ്രെക്സിറ്റ് പാര്‍ട്ടിയെയും സാമ്പത്തികമായി സഹായിച്ചിട്ടുള്ള വ്യക്തിയാണ്. 2024-ല്‍ തനിക്ക് ഇത്രയും വലിയ തുക ലഭിച്ചതായി ഫരാജ് തന്നെ സമ്മതിച്ചതോടെയാണ് അന്വേഷണത്തിന് വഴിയൊരുങ്ങിയത്. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് ഫരാജിന്റെ വാദം. ഈ തുക തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും മറിച്ച് ജീവിതകാലം മുഴുവന്‍ തന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള സ്വകാര്യ സുരക്ഷാ സംവിധാനങ്ങള്‍ക്കായി നല്‍കിയതാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
അതിനിടയില്‍, ഉപതെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റില്‍ എത്താനുള്ള ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റു. ബേണ്ഹാമിനായി ഒഴിഞ്ഞുകൊടുക്കും എന്ന് പ്രതീക്ഷിച്ചിരുന സെയിന്റ് ഹെലെന്‍സ് സൗത്ത് ആന്‍ഡ് വിസ്റ്റണ്‍ സീറ്റ് താന്‍ ഒഴിയുകയില്ലെന്ന പ്രഖ്യാപനവുമായി നിലവിലെ എം പി മാരി റിമ്മര്‍ രംഗത്തെത്തിയതോടെയാണിത്.
