
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം പത്താം ദിവസത്തിലേക്ക് നീണ്ടതിനും ബുധനാഴ്ച നടക്കേണ്ടിയിരുന്ന പ്രഖ്യാപനം വ്യാഴാഴ്ചത്തേക്ക് മാറ്റിയതിനും പിന്നില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ തന്ത്രപരമായ ഇടപെടലുകളാണെന്ന് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ ഹൈക്കമാന്‍ഡില്‍ നിന്ന് കേരളത്തിലേക്ക് ഔദ്യോഗികമായി എത്തിയ ഏക ഫോണ്‍ വിളി വഴുതക്കാട് ഈശ്വരവിലാസം റോഡിലെ ആന്റണിയുടെ വീട്ടിലേക്കായിരുന്നു. അഞ്ജനം എന്നാണ് വീട്ടിന്റെ പേര്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആന്റണിയുമായി നടത്തിയ ദീര്‍ഘസംഭാഷണങ്ങളാണ് മുഖ്യമന്ത്രി ചര്‍ച്ചകളുടെ ഗതി മാറ്റിയത്.
ആന്റണിയുടെ വീട്ടില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉണ്ടായിരുന്ന സമയത്താണ് ഹൈക്കമാന്‍ഡിന്റെ വിളി എത്തിയത്. എന്നാല്‍, ചുറ്റുമുള്ളവരെപ്പോലും മാറ്റിനിര്‍ത്തി അതീവ രഹസ്യമായാണ് ആന്റണി സംസാരിച്ചത്. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം അദ്ദേഹം കൃത്യമായി രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചു. എം.എല്‍.എമാരുടെ ഭൂരിപക്ഷാഭിപ്രായത്തിന് മുന്‍ഗണന നല്‍കണമെന്നും എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ സീനിയോറിറ്റിയെ പാടെ അവഗണിക്കരുതെന്നും ആന്റണി നിര്‍ദ്ദേശിച്ചതായാണ് വിവരം.
സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് വഴങ്ങുന്നു എന്ന സന്ദേശം ഒരിടത്തും ഉണ്ടാകരുതെന്ന് ആന്റണി രാഹുലിനോട് പ്രത്യേകം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങള്‍ക്കപ്പുറം പാര്‍ട്ടിയുടെ ഐക്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആന്റണിയുടെ ഈ അഭിപ്രായമാണ് മുഖ്യമന്ത്രി പ്രഖ്യാപനം പെട്ടെന്ന് നടത്താതെ പക്വമായ ആലോചനകള്‍ക്കായി വ്യാഴാഴ്ചത്തേക്ക് മാറ്റാന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ചത്.
ആരുടെ പേരാണ് ആന്റണി നിര്‍ദ്ദേശിച്ചത് എന്നത് ഇപ്പോഴും പ്രഹേളികയായി തുടരുകയാണ്. 'ഞാന്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല' എന്ന് അദ്ദേഹം പരസ്യമായി പ്രതികരിക്കുമ്പോഴും, ഹൈക്കമാന്‍ഡ് എടുത്ത അന്തിമ തീരുമാനത്തില്‍ ആന്റണിയുടെ അഭിപ്രായത്തിനാണ് ഏറ്റവും കൂടുതല്‍ തൂക്കം ലഭിച്ചത്. വി.ഡി. സതീശനും കെ.സി. വേണുഗോപാലും തമ്മിലുള്ള പോര് പാര്‍ട്ടിക്കുള്ളില്‍ വലിയ മുറിവുകള്‍ ഉണ്ടാക്കാതെ പരിഹരിക്കാനുള്ള ഫോര്‍മുലയാണ് ആന്റണി മുന്നോട്ടുവെച്ചതെന്ന് കരുതപ്പെടുന്നു.
തിരുവനന്തപുരത്ത് വെച്ച് തന്നെ പ്രഖ്യാപനം നടത്തണമെന്ന ഉറച്ച നിലപാടും ആന്റണിയുടേതായിരുന്നു. ഡല്‍ഹിയില്‍ പ്രഖ്യാപനം നടത്തിയാല്‍ കേരളത്തില്‍ അത് പ്രവര്‍ത്തകര്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വി.ഡി. സതീശന്റെ വീടിന് മുന്നിലെ ആള്‍ക്കൂട്ടവും സോഷ്യല്‍ മീഡിയ പ്രക്ഷോഭങ്ങളും ഹൈക്കമാന്‍ഡിന് മേല്‍ സമ്മര്‍ദ്ദമായി മാറുന്നത് ശരിയല്ലെന്ന കാഴ്ചപ്പാടും ആന്റണി പങ്കുവെച്ചതായാണ് സൂചന.
ഭരണസ്തംഭനം എന്ന ആരോപണം ഉയരുന്ന സാഹചര്യത്തില്‍ പ്രഖ്യാപനം ഇനി വൈകിപ്പിക്കരുത് എന്ന നിര്‍ദ്ദേശവും അദ്ദേഹം നല്കി. അഞ്ചാം മന്ത്രിക്കായി ലീഗ് ഉയര്‍ത്തുന്ന അവകാശവാദവും ഉപമുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള ചര്‍ച്ചകളും മുന്നണി ബന്ധത്തെ ബാധിക്കാതെ നോക്കണമെന്ന് അദ്ദേഹം ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തി. ആന്റണിയുടെ ഉപദേശം സ്വീകരിച്ചാണ് ദീപാ ദാസ് മുന്‍ഷിയെ മുദ്രവെച്ച കവറുമായി തിരുവനന്തപുരത്തേക്ക് അയക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.
ആന്റണിയുടെ മനസ്സ് ഇപ്പോഴും കൃത്യമായി വായിക്കാന്‍ കേരളത്തിലെ ഒരു നേതാവിനും കഴിഞ്ഞിട്ടില്ല. രമേശ് ചെന്നിത്തലയോടും വി.ഡി. സതീശനോടും ഒരേപോലെ അടുപ്പം പുലര്‍ത്തുന്ന അദ്ദേഹം, കെ.സി. വേണുഗോപാലിന്റെ ഡല്‍ഹിയിലെ വളര്‍ച്ചയിലും നിര്‍ണ്ണായക പങ്കുവഹിച്ചയാളാണ്. അതുകൊണ്ടുതന്നെ സമവായത്തിന്റെ ഒരു പുതിയ പാത അദ്ദേഹം രാഹുലിന് മുന്നില്‍ തുറന്നുകൊടുത്തിട്ടുണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ എങ്ങനെ വേണം, മന്ത്രിസഭാ രൂപീകരണത്തില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളിലും ആന്റണി വ്യക്തമായ മാര്‍ഗ്ഗരേഖ ഹൈക്കമാന്‍ഡിന് നല്‍കിയിട്ടുണ്ട്. പത്ത് ദിവസത്തെ ഉദ്വേഗത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപനം വരുമ്പോള്‍ അതില്‍ ആന്റണിയുടെ കയ്യൊപ്പ് വ്യക്തമായി കാണാന്‍ സാധിക്കും.
