
കൊച്ചി: മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെയും മകൻ പ്രണവിനെയും കുറിച്ചുള്ള രസകരമായ ഓർമ്മകൾ പങ്കുവെച്ച് നടി എസ്തർ അനിൽ. പ്രണവിന്റെ പെണ്സുഹൃത്തിന്റെ പേരും തന്റെ പേരും തമ്മിലുള്ള സാമ്യതയെക്കുറിച്ച് ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു എസ്തർ.
മോഹൻലാലിന്റെ മകളായി അഭിനയിച്ച 'ഒരു നാൾ വരും' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചായിരുന്നു ആ സംഭവം. അന്ന് എസ്തർ എന്ന പേര് അത്ര സുപരിചിതമായിരുന്നില്ല. നിർമ്മാതാവ് മണിയൻപിള്ള രാജു പേര് മാറ്റണോ എന്ന് ലാലേട്ടനോട് ചോദിച്ചു. "പേര് മാറ്റല്ലേ എന്ന് ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. അത്രയ്ക്ക് യുണീക്കായ പേരാണല്ലോ അത്. എന്നാൽ പേര് കേട്ടയുടനെ ലാലേട്ടൻ പറഞ്ഞു, ‘നല്ല പേരല്ലേ, ഇത് മാറ്റണ്ട. അപ്പുവിന്റെ (പ്രണവ്) ഗേൾഫ്രണ്ടിന്റെ പേരും എസ്തർ എന്നാണ്. സൂപ്പർ പേരാണത്’"– താരം ഓർത്തെടുത്തു.
പിന്നീട് 'പാപനാശം' എന്ന സിനിമയിൽ പ്രണവ് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുമ്പോഴാണ് എസ്തർ ഇക്കാര്യം പ്രണവിനോട് ചോദിക്കുന്നത്. "പ്രണവേട്ടന് എസ്തർ എന്ന് പേരുള്ള ഒരു ഗേൾഫ്രണ്ട് ഉണ്ടായിരുന്നില്ലേ എന്ന് ഞാൻ ചോദിച്ചു. നിനക്ക് ഇതെങ്ങനെ അറിയാമെന്നായി പ്രണവേട്ടൻ. അതൊക്കെ എനിക്കറിയാമെന്ന് ഞാനും പറഞ്ഞു. അന്ന് ഞാൻ വളരെ ചെറിയ കുട്ടിയായിരുന്നു"– എസ്തർ പറഞ്ഞു.
മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-നാണ് ആരാധകർ കാത്തിരിക്കുന്ന 'ദൃശ്യം 3' തിയേറ്ററുകളിലെത്തുന്നത്. ജോർജുകുട്ടിയുടെ ഇളയമകൾ അനുവായാണ് ചിത്രത്തിൽ എസ്തർ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
